ഇന്ത്യക്ക് 117 റണ്‍സ് വിജയം; പരമ്പര

Tuesday 1 September 2015 4:15 pm IST

തിരിമന്നയെ പുറത്താക്കിയ അശ്വിന്റെ ആഹ്ലാദം

കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം. ഒപ്പം 22 വര്‍ഷത്തിനുശേഷം ശ്രീലങ്കയില്‍ ചെന്ന് ടെസ്റ്റ് പരമ്പരയും ടീം ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 386 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കയെ ഇന്ത്യ 268 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്.

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടവും സ്വന്തമാക്കി. തന്റെ 65-ാം ടെസ്റ്റിലാണ് ഇഷാന്തിന്റെ നേട്ടം. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും 70 റണ്‍സെടുത്ത പെരേരയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 107 എന്ന നിലയില്‍ തകര്‍ന്ന ലങ്കക്ക് വേണ്ടി ആറാം വിക്കറ്റില്‍ ഇരുവരും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ബൗളര്‍മാരില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും മൂന്നെണ്ണം സ്വന്തമാക്കിയ ഇഷാന്ത് ശര്‍മ്മയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.

മൂന്നിന് 21 എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയെ കൗശല്‍ സില്‍വയും മാത്യൂസും ചേര്‍ന്ന് സ്‌കോര്‍ 74-ല്‍ എത്തിച്ചു. എന്നാല്‍ 27 റണ്‍സെടുത്ത സില്‍വയെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചതോടെ ഇൗ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് തിരിമന്നെയും മാത്യൂസും ഒത്തുചേര്‍ന്നെങ്കിലും ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. സ്‌കോര്‍ 107-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത തിരിമന്നെയെ അശ്വിന്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആറാം വിക്കറ്റില്‍ മാത്യൂസിനൊപ്പം കുശല്‍ പെരേര ഒത്തുചേര്‍ന്നതോടെ കളിയുടെ സ്വഭാവം മാറി.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ശ്രദ്ധിച്ചുകളിച്ച ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ആറാം വിക്കറ്റില്‍ ഇരുവരും നിലയുറപ്പിച്ച് കളിക്കുകയും ചെയ്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ലങ്കന്‍ സ്‌കോര്‍ 242-ല്‍ എത്തിയപ്പോള്‍ ഇന്ത്യ ഏറെ കാത്തിരുന്ന ഈ കൂട്ടുകെട്ട് അശ്വിന്‍ പൊളിച്ചു. 106 പന്തുകളില്‍ നിന്ന് 11 ഫോറുകളുടെ അകമ്പടിയോടെ 70 റണ്‍സെടുത്ത പെരേരയെ അശ്വിന്റെ ബൗളിങില്‍ രോഹിത് ശര്‍മ്മ പിടികൂടി. 137 റണ്‍സാണ് ആഞ്ചലോ മാത്യൂസും പെരേരയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 249-ല്‍ എത്തിയപ്പോള്‍ സെഞ്ചുറിയുമായി മുന്നേറുകയായിരുന്ന മാത്യൂസിനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.