ഓണംകുളം-ശാലേം റൂട്ടില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍

Tuesday 1 September 2015 4:14 pm IST

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ ഓണംകുളം-ശാലേം റൂട്ടില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും ടിപ്പര്‍ ലോറികള്‍ ഓടിക്കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ റൂട്ടില്‍ ഒരു നിയന്ത്രണവും ബാധകമല്ലാത്ത രീതിയിയാണ് അമിതഭാരം കയറ്റിയ ടിപ്പറുകളും ടോറസുകളും ചീറിപ്പായുന്നത്. ഇന്നലെ ശാലേം സ്‌കൂളിന് സമീപം ഒരു ടിപ്പര്‍ ലോറി സ്‌കൂള്‍ ബസ്സുമായി കൂട്ടിയുരസി. രാവിലെ 9.15 നായിരുന്നു സംഭവം. വെങ്ങോല പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ടിപ്പര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പടിഞ്ഞാറെ വെങ്ങോലയിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ടിപ്പര്‍ ടോര്‍സര്‍ വാഹനങ്ങള്‍ ഓടുന്നതും ഓണംകുളം-ശാലേം റൂട്ടിലൂടെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അവഗണനമൂലം ഈ റോഡ് തകര്‍ന്നിരിക്കുകയാണ്. ഒരു ഹയര്‍ സെക്കന്ററി സ്‌കൂളും ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും രണ്ട് സര്‍ക്കാര്‍ എല്‍പി സ്‌കൂളും രണ്ട് അംഗന്‍വാടിയും ഒരു സര്‍ക്കാര്‍ ആശുപത്രിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യബസുകളും ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. പലപ്പോഴും അപകടത്തിന് കാരണമാകുന്ന ടിപ്പറുകളുടെ അമിതവേഗതക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരാറുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ടിപ്പറുകളുടെ മരണപ്പാച്ചില്‍ തടയാന്‍ പോലീസും തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.