കഞ്ചാവ് മാഫിയയുടെ ആക്രമണം ജയരാജിന്റെ കുടുംബം പോലീസ് സംരക്ഷണയില്‍

Tuesday 1 September 2015 4:22 pm IST

അയ്മനം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തെ തുടര്‍ന്ന് വീട്‌വിട്ടുപോകേണ്ടിവന്ന കുടുംബത്തെ പോലീസ് സംരക്ഷണയില്‍ തിരികെ വീട്ടിലെത്തിച്ചു. കുടയംപടി മമ്പള്ളി ജയരാജിന്റെ കുടുംബത്തിനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍വാസിയുടെ വീട്ടില്‍ രാപകലില്ലാതെ നിരവധി ചെറുപ്പക്കാരടക്കമുള്ളവര്‍ വരുകയും ഇവര്‍തമ്മില്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കുന്നതുംമൂലം പ്രദേശത്ത് സ്വര്യജീവിതം നഷ്ടപ്പെട്ടിരുന്നു. ഇവിടെ കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്. മറ്റ് വിവിധ പ്രദേശത്തുള്ളവരും അര്‍ദ്ധരാത്രിയില്‍ ഇവിടെ എത്താറുണ്ട്. അത് സംബന്ധിച്ച് ജയരാജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ മാഫിയസംഘം ജയരാജിന്റെ വീട്ട്മുറ്റത്തെത്തി പുലഭ്യം വിളിക്കുകയും വീട്ടിനുള്ളിലിട്ട് ചുട്ടുകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യമുന്നയിച്ചും പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയുണ്ടായില്ല. എന്നാല്‍ ഗുണ്ടാസംഘത്തിന്റെ ശല്യം വര്‍ദ്ധിച്ചുവരുകയും ചെയ്തു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയരാജിന്റെ വീട്ടിലെത്തി. ഈ സമയം അയല്‍വീട്ടിലുണ്ടായിരുന്ന അമ്പതോളം വരുന്ന അക്രമിസംഘം ജയരാജിന്റെ വീടുവളയുകയും കല്ലെറിഞ്ഞ് വീട് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരേയും ജയരാജിന്റെ കുടുംബത്തെയും രക്ഷിച്ചുകൊണ്ടുപോകുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുക്കേണ്ടതിനുപകരം പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശീക നേതാവിന്റെ സ്വാധീനംമൂലമാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ കമലമ്മയും മകന്‍ സ്മിതേഷ്, സഹോദരന്‍ ബുദ്ധിമാന്ത്യമുള്ള ലൈജുവുമടങ്ങുന്ന ജയരാജിന്റെ കുടുംബം സഹോദരിയുടെ വീട്ടിലാണ് ഏതാനും ദിവസമായി കഴിഞ്ഞുവന്നത്. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പോലീസ് സംരക്ഷണയില്‍ ജയരാജും കുടുംബവും കുടയംപടിയിലെ വീട്ടിലെത്തി താമസം ആരംഭിച്ചിരിക്കുകയാണ്. കഞ്ചാവ് മാഫിയയെ സഹായിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നടപടി വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ബിജെപി അയ്മനം പഞ്ചായത്തുകമ്മറ്റി പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ദ്ദേശമനുസരിച്ച് മാഫിയ സംഘത്തെ സംരക്ഷിക്കുന്ന പോലീസ് നയത്തില്‍ പ്രതിഷേധിച്ച് ബഹുജനസമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഓമനക്കുട്ടന്‍ ഒളശ്ശ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.