കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്രത്തിന്റെ 34,000 കോടി

Tuesday 1 September 2015 4:32 pm IST

തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ വക 34,000 കോടി രൂപ. തിരുവനന്തപുരത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസ് നാലുവരിപ്പാത നിര്‍മാണോദ്ഘാടന വേളയിലാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ റോഡ് വികസനത്തിന് വമ്പന്‍ തുക പ്രഖ്യാപിച്ചത്. റോഡ് വികസനക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്താതിരുന്നാല്‍ കേരളത്തിലെ അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലില്ലാത്ത തുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിന്റെ റോഡ് വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തുകയാണ് ഇപ്പോള്‍ റോഡ് വികസനത്തിന്  നല്‍കുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കഴക്കൂട്ടം-കാരോട് ബൈപ്പാസ് ഒന്നാംഘട്ടം മുക്കോല വരെ 26 കിലോമീറ്റര്‍ (845.24കോടി), കൂടാതെ വിഴിഞ്ഞം പോര്‍ട്ടിനെ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ റോഡ് (1200കോടി), കണ്ണൂര്‍ എയര്‍പോര്‍ട്ട്-മട്ടന്നൂര്‍ 22 കിലോമീറ്റര്‍ റോഡ് (800കോടി), ആലപ്പുഴ-ചങ്ങനാശ്ശേരി 43 കിലോമീറ്റര്‍ റോഡ് (300 കോടി), ളാഹ-പമ്പ ശബരിമല 24 കിലോമീറ്റര്‍ റോഡ്(250കോടി), കൊച്ചി-വല്ലാര്‍പാടം-കോഴിക്കോട് 226 കിലോമീറ്റര്‍ റോഡ്(2000കോടി), നാലുവരി തലശ്ശേരി-മാഹി ബൈപ്പാസ് 12 കിലോമീറ്റര്‍ (220 കോടി), കോഴിക്കോട് ബൈപ്പാസ് നാലുവരിയാക്കല്‍ 28 കിലോമീറ്റര്‍ (400 കോടി), ദേശീയപാത 49ലെ 42 കിലോമീറ്റര്‍ (250 കോടി), ദേശീയപാത 208ലെ 36 കിലോമീറ്റര്‍ (200കോടി), കഴക്കൂട്ടം ഫ്‌ളൈഓവറും ടെക്‌നോപാര്‍ക്കിന് മുന്നില്‍ അടിപ്പാതയും (30 കോടി) എന്നിങ്ങനെയാണ് അധികമായി സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം തുക അനുവദിച്ചിരിക്കുന്നത്. മുക്കോലയില്‍ നിന്ന് ബൈപ്പാസ് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് 16.2 കിലോമീറ്റര്‍ നാലുവരിയാക്കല്‍ (1412 കോടി), കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വെങ്കളത്തു നിന്ന് എന്‍എച്ച് 17 ലേക്ക് 213 കിലോമീറ്റര്‍, ചേര്‍ത്തല-തിരുവനന്തപുരം 173 കിലോമീറ്റര്‍ (രണ്ടിനും ഭൂമി ഏറ്റെടുക്കല്‍ അടക്കം ആകെ 25,000 കോടി) എന്നിങ്ങനെയാണ് പുതിയ പദ്ധതികള്‍ അനുവദിച്ചിരിക്കുന്നത്. ആകെ 1121 കിലോമീറ്റര്‍ റോഡിനായി 33,740 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി വകയിരുത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച റോഡ് വികസനത്തിന് 25,000 കോടി രൂപ അനുവദിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയിരുന്നു. എന്നാലിപ്പോള്‍ അതിന്റെ കൂടെ മറ്റു ചില പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ പുതിയ രൂപരേഖ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 34,000 കോടിയുടെ റോഡ് വികസനം പ്രഖ്യാപിച്ചത്. മൂന്നാര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള റോഡുകള്‍, കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ രണ്ടാംഘട്ടം എന്നിവയും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.