24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു

Wednesday 2 September 2015 9:45 am IST

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. പത്ത് തൊഴിലാളി സംഘടനകളാണ് ബുധനാഴ്ച അര്‍ധരാത്രിവരെ പണിമുടക്കു പ്രഖ്യാപിച്ചത്. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളേയും പണിമുടക്ക് ബാധിക്കുമെന്നാണ് സൂചന. ബിഎംഎസ് പണിമുടക്കില്‍ നിന്ന് നേരത്തേ പിന്‍മാറിയിരുന്നു. കേരളത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വന്‍ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ വേതനം 15000 രൂപയാക്കുക, കരട് തൊഴില്‍ നിയമഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ തൊഴിലാളി സംഘടനകള്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കാമെന്ന് വ്യാഴാഴ്ച നടന്ന മന്ത്രിതല ഉപസമിതി ചര്‍ച്ചയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബി‌എം‌എസ് പണിമുടക്കില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തില്‍ എന്‍ജിഒ അസോസിയേഷന്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണാനുകൂല അധ്യാപകസംഘടനകളും സെക്രട്ടേറിയറ്റ്, നിയമസഭ, പിഎസ്‌സി ഉള്‍പ്പടെയുളള ഇടങ്ങളിലെ ഘടകങ്ങളും പണിമുടക്കില്‍നിന്നു വിട്ടു നില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.