ജനപ്രതിനിധികള്‍ക്കിടയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ മത്സരം

Wednesday 2 September 2015 9:46 am IST

കൊട്ടാരക്കര: നാടെങ്ങും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ മത്സരിക്കുന്നു. പിന്നില്‍ ലക്ഷത്തിലധികം രൂപയുടെ കമ്മീഷന്‍ എന്നാണ് ആരോപണം. നാട്ടുകാര്‍ക്കു കണ്‍നിറയെ വെളിച്ചം നല്‍കാന്‍ എന്ന പേരില്‍ മുക്കിനു മുക്കിനു ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ തങ്ങളുടെ ഇഷ്ടക്കാരുടെ കേന്ദ്രങ്ങളിലാണ് കൂടുതലും സ്ഥാപിക്കുന്നത്. എന്നാല്‍ വെളിച്ചം ആവശ്യമുള്ള താലൂക്കാശുപത്രി, ബസ് സ്റ്റാന്റ് എന്നീ പ്രദേശങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലൈറ്റുകള്‍ ഉള്ളത് കൊട്ടാരക്ക പഞ്ചായത്തിലാണ്. ഏതാണ്ട് 25 എണ്ണം. 400 മീറ്ററിനകത്ത് മൂന്ന് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും ഈ പഞ്ചായത്തിലാണ്. ഹൈമാസ്റ്റ് ലൈറ്റുകളിലുടെ വെളിച്ചവിപ്ലവമല്ല അഴിമതി വിപ്ലവമാണ് നടക്കുന്നതെന്നു ഇതിന്റെ കണക്കുകള്‍ തുറന്നുപറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും പോക്കറ്റില്‍ വലിയ ആരോപണങ്ങളില്ലാതെ എളുപ്പമാര്‍ഗത്തില്‍ പണമെത്തിക്കുന്ന അത്ഭുതവിളക്കായി ഓരോ ഹൈമാസ്റ്റ് ലൈറ്റുകളും മാറിയെന്നത് ഇപ്പോള്‍ അങ്ങാടിപാട്ടാണ്. പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ഇലക്ട്രിക് വിഭാഗം ഇല്ലാത്തതിനാല്‍ പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇതിനായി ടെന്‍ഡര്‍ തയ്യാറാക്കി നല്‍കുന്നത്. ഇവിടെ മുതല്‍ നല്‍കേണ്ടവര്‍ക്ക് പടി നല്‍കി തുടങ്ങണം. ആവശ്യമായ ഉപകരണങ്ങളുടെ സ്‌പെസിഫിക്കേഷന്‍, വില, ടെന്‍ഡറില്‍ വാങ്ങേണ്ടുന്ന ഉല്‍പന്നം ഏതു കമ്പനി, മോഡല്‍ എന്നിവയെല്ലാം ഇവര്‍ കുറിച്ചു നല്‍കും. വിപണി വിലയേക്കാള്‍ ഇരട്ടിവിലയാണ് ഉദ്യോഗസ്ഥര്‍ ടെന്‍ഡറില്‍ രേഖപ്പെടുത്തി നല്‍കുന്നത്. 30000 മുതല്‍ 35000 വരെ വിലയ്ക്കു ലഭിക്കുന്ന ഫഌഡ്‌ലൈറ്റിന് ടെന്‍ഡറില്‍ രേഖപ്പെടുത്തുന്നത് 60,000 രൂപയാണ്. ഫഌഡ്‌ലൈറ്റ്, മാസ്റ്റ്(വലിയ ലോഹത്തൂണ്‍), ത്രീ ഫേസ് മോട്ടോര്‍ എന്നിവയാണ് ഹൈമാസ്റ്റ് ലൈറ്റിലെ പ്രധാന ഘടകങ്ങള്‍. 12 മീറ്റര്‍ ഉയരത്തിലുള്ള ഹൈമാസ്റ്റിനും മോട്ടോറിനും കൂടി പരമാവധി വില 2.20 ലക്ഷം രൂപയാണ്. എന്നാല്‍ ടെന്‍ഡറില്‍ മൂന്നുലക്ഷത്തിനു മുകളിലാകും തുക. കെഎസ്ഇബിയില്‍ ഫീസിനത്തില്‍ നല്‍കേണ്ട തുകയില്‍ മാത്രമാണ് വലിയ വ്യത്യാസമില്ലാത്തത്. പന്ത്രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ കരാറുകാരന്റെ ലാഭം കൂടി ഉള്‍പ്പെടുത്തി പരമാവധി ചെലവ് മൂന്ന് മുതല്‍ മൂന്നേകാല്‍ ലക്ഷം രൂപ വരെയാണ്. എന്നാല്‍ ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന ഏതാണ്ട് എല്ലാ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കും വില അഞ്ച് ലക്ഷത്തിനു മുകളിലാണ്. അടുത്തിടെയായി പതിനേഴ് മീറ്റര്‍ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നല്‍കിയത ഏഴ് ലക്ഷം രൂപയാണ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മൂന്നര ലക്ഷം രൂപക്കാണ് ലൈറ്റ് സ്ഥാപിക്കുന്നത്. ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞാല്‍ കരാറിലുള്ള നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ ബില്‍തുക നല്‍കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. പഞ്ചായത്തിലെ സിവില്‍ എന്‍ജിനീയറാണ് പലപ്പോഴും ഇലക്ട്രിക് ലൈറ്റിന്റെ പരിശോധന നടത്തുന്നത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണത്തിനു പിന്നിലെ വലിയ അഴിമതിക്കു പിന്നാലെ ഓരോ ഹൈമാസ്റ്റ് ലൈറ്റുകളും പഞ്ചായത്തിന് വലിയ ബാധ്യതയാണു നല്‍കുന്നത്. വൈദ്യുതി ചാര്‍ജിനത്തില്‍ പതിനായിരക്കണക്കിനു രൂപയാണ് ഓരോ വിളക്കിനും കെഎസ്ഇബിയില്‍ അടയ്‌ക്കേണ്ടി വരുന്നത്. ഓരോ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കും ഗ്യാരന്റിയുള്ളതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ എന്തു തകരാറുണ്ടായാലും ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പരിഹരിക്കും. എന്നാല്‍ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റപണി നടത്താന്‍ പ്രത്യേക ടെന്‍ഡര്‍ വിളിക്കുന്നതും ഇവിടെയാണ്. പഞ്ചായത്തുകളുടെ ബാധ്യതയൊന്നും മെമ്പര്‍മാര്‍ക്കു പ്രശ്‌നമല്ല. പ്രത്യേകിച്ചും കൊട്ടാരക്കര പഞ്ചായത്തില്‍. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടുകച്ചവടം പൊടിപൊടിക്കുന്ന പഞ്ചായത്തില്‍ അഴിമതിയെ കുറിച്ച് ആരോപണമേ പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അന്വേഷണത്തിന്റെ കണ്ണുകള്‍ ഹൈമാസ്റ്റിലേക്ക് തുറന്നില്ലെങ്കില്‍ സോളാര്‍ പോലെ മറ്റൊരു അഴിമതിയായി ഇത് തഴച്ചുവളരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.