ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Wednesday 2 September 2015 4:19 pm IST

പാലക്കാട്: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സപ്തംബര്‍ അഞ്ചിനാണ് കൃഷ്ണാഷ്ടമി. ജില്ലയില്‍ മൂന്ന് മേഖലകളിലായി അഞ്ഞൂറിലേറെ ശോഭായാത്രകളും നൂറോളം മഹാശോഭായാത്രകളുമായാണ് ശ്രീകൃഷ്ണജയന്തി ആഘോഷം. ഇതിന് മുന്നോടിയായി ഗോപൂജകള്‍, ഗോസംഗമങ്ങള്‍, സംഗീതോത്സവങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പാലക്കാട് മേഖലയില്‍ ബാലഗോകുലത്തിന്റെ അഞ്ച് താലൂക്ക് കമ്മിറ്റികളുടെ കീഴില്‍ 40 മണ്ഡലങ്ങളിലായി 295 ശോഭായാത്രകള്‍ നടക്കും. പാലക്കാട് നഗരത്തില്‍ ഒമ്പത് മണ്ഡലങ്ങളില്‍നിന്ന് 52 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും ശോഭായാത്രകള്‍. താരേക്കാട് സിംഹനാദ ഭഗവതിക്ഷേത്രപരിസരത്തുനിന്നാരംഭിച്ച് കോട്ടയ്ക്കകം ഹനുമാന്‍ ക്ഷേത്രത്തില്‍ ഇവ സംഗമിക്കും. കൊല്ലങ്കോട് മേഖലയില്‍ കൊടുവായൂര്‍, വടക്കഞ്ചേരി, നെന്മാറ, ചിറ്റൂര്‍ മേഖലകളില്‍ പതാകാദിന ചടങ്ങുകളുണ്ടായി. 125ഓളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടക്കുക. ഒറ്റപ്പാലം മേഖലയിലും വിവിധ കേന്ദ്രങ്ങളില്‍ പതാകദിന ചടങ്ങുകള്‍ നടന്നു. ചെര്‍പ്പുളശ്ശേരി: എഴുവന്തല ജഗദീശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം അഞ്ചിന് രാവിലെ ആറിന് വിശേഷാല്‍പൂജകളോടെ ആരംഭിക്കും. എട്ടിന് ജഗദീശ്വരി ബാലഗോകുലത്തിന്റെ ഭജനാമൃതം, ഒന്‍പതിന് ക്ഷേത്രപരിസരത്ത് വൃക്ഷത്തൈ നടല്‍, ഉച്ചക്ക് ഒന്നിന് ശ്രീകൃഷ്ണവേഷപകര്‍ച്ച, രണ്ടിന് ശോഭായാത്ര ദീപപ്രോജ്വലനം, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്ര ആദ്യനിധി സമര്‍പ്പണം എന്നിവ നടക്കും. മൂന്നിന് ജഗദീശ്വരി, വടക്കുംമുറി ദ്വാരക എന്നിവയുടെ ശോഭായാത്രകള്‍ എഴുവന്തല വായനശാല പരിസരത്ത് സംഗമിക്കും.വൈകിട്ട് നാലിന് നാമഘോഷഭരിതമായി വിവിധ ശോഭായാത്രകള്‍ ഇടുതറയില്‍ സംഗമിച്ച് ഹരിപുരം നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കും. 6.30ന് ചുറ്റുവിളക്ക്, പ്രസാദവിതരണം എന്നിവയോടെയാണ് സമാപനം. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇന്ന് ശ്രീകൃഷ്ണകഥാ സല്ലാപം, മൂന്നിന് സമ്പൂര്‍ണ ജ്ഞാനപ്പാനയജ്ഞം, നാലിന് നാമജപസന്ധ്യ–സങ്കീര്‍ത്തനം എന്നിവയുമുണ്ടാവുമെന്ന് ഭാരവാഹികളായ ഒ.പി.വേണു, എ.പ്രകാശന്‍, സി.ജയരാജ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.