മന്ത്രിസഭാ പുനഃസംഘടന : പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

Friday 1 July 2011 4:56 pm IST

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് രാഷ്‌ട്രപതി പ്രതിഭാപാട്ടീലിനെ സന്ദര്‍ശിച്ചു. പുനസംഘടന സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രപത്രിയെ അറിയിച്ചതായാണ് സൂചന. ഒരാഴ്ചത്തെ വിശ്രമത്തിനായി നാളെ പ്രതിഭാപാട്ടീല്‍ നാളെ ഹൈദരബാദിലേക്ക്‌ പോകും. ജൂലായ്‌ 9 ന്‌ രാഷ്‌ട്രപതി തിരിച്ചെത്തിയതിന് ശേഷം കൂടിയാലോചനകള്‍ നടത്തി പുന:സംഘടന സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കാമെന്നാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 45 മിനുറ്റ്‌ നീണ്ട സംഭാഷണത്തില്‍ ചര്‍ച്ച ചെയ്‌തായി രാഷ്‌ട്രപതിഭവന്‍ ഔദ്യോഗിക വക്താവ്‌ അറിയിച്ചു. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി മൂന്നു പ്രാവശ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.