ജ്വല്ലറിയിലെ മോഷണം- ഝാര്‍ഖണ്ഡ് സ്വദേശികളായ പ്രതികളില്‍ ഒരാള്‍ പിടിയില്‍

Wednesday 2 September 2015 8:46 pm IST

ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ജ്വല്ലറിയിയില്‍ നിന്നും സ്വര്‍ണ്ണവും, പണവും ഉള്‍പ്പടെ മുക്കാല്‍ലക്ഷംരൂപയോളം കവര്‍ന്ന സംഭവത്തില്‍ പ്രതികളില്‍ ഒരാളായ ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സാഹിഗഞ്ച് ജില്ലയില്‍ ഉത്തംമണ്ടല്‍ (20)നെയാണ് എഎസ്പി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ പൂവത്തൂര്‍ ബില്‍ഡിംഗില്‍ സ്ഥിതിചെയ്യുന്ന തങ്കം ജ്വല്ലറിയിലാണ് കഴിഞ്ഞമാസം മോഷണം നടന്നത്. മോഷ്ടാക്കള്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും, ഉള്ളില്‍ കോണ്‍ക്രീറ്റ് അയതിനാല്‍ മുകളിലെ ഓടുകള്‍ ഇളക്കിമാറ്റിയശേഷം താഴെയുള്ള ഗ്രില്ല് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചും, പിന്നീട് പ്ലൈവുഡ് മച്ച് തകര്‍ത്തുമാണ് അകത്ത് കടന്നത്. സ്‌ട്രോങ്ങ് റൂമിന്റെ രണ്ട് വാതിലുകള്‍ പൂര്‍ണ്ണമായും, ഇതിനുള്ളിലെ ലോക്കറിന്റെ വാതില്‍ ഭാഗീകമായും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തു. എന്നാല്‍ ലോക്കര്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ക്യാഷ് കൗണ്ടര്‍ കുത്തിത്തുറക്കുകയും, ഇതില്‍ സൂക്ഷിച്ചിരുന്ന മാലയും, വളയും ഉള്‍പ്പെടുന്ന മുപ്പത് ഗ്രാം പഴയസ്വര്‍ണ്ണാഭരണങ്ങളും, പതിനയ്യായിരം രൂപയും അപഹരിച്ചു. ശനിയാഴ്ച രാത്രിയില്‍ സ്ഥാപനം അടച്ച് മടങ്ങിയ ഉടമ തിങ്കളാഴ്ച രാവിലെ തുറക്കാനെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയും, എസ്‌ഐ കെ.പി. ധനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും, ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ്‌സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ പറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നും ഒഴിഞ്ഞ ഗ്യാസ് സിലണ്ടര്‍, ചാക്ക്, പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന തുണികള്‍, സ്‌ക്രൂഡ്രൈവര്‍, പ്ലയര്‍, മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ എന്നിവ കണ്ടത്തിയിരുന്നു. തുടര്‍ന്ന് മോഷ്ടാക്കളെ പിടികൂടന്നതിനായി എഎസ്പി ഡോ.അരുള്‍.ആര്‍.ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.