കാന്തപുരം മര്‍ക്കസ്-ആംനസ്റ്റി സെമിനാര്‍ വിവാദത്തിലേക്ക്

Wednesday 2 September 2015 10:17 pm IST

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസുമായി സഹകരിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ നടത്തുന്ന സെമിനാര്‍ വിവാദത്തിലേക്ക്. സുരക്ഷിത പ്രവാസം, സ്വസ്ഥജീവിതം എന്ന വിഷയത്തിലാണ് ഇന്ന് സെമിനാര്‍ നടക്കുന്നത്. കാരന്തൂര്‍ മര്‍ക്കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍. കടുത്ത മതയാഥാസ്ഥിതിക നിലപാട് വച്ചുപുലര്‍ത്തുന്ന മര്‍ക്കസിന്റെയും മര്‍ക്കസിന്റെ തലവന്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെയും നിലപാടുകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടിരുന്നു. സ്ത്രീകളുടെ വിവാഹം, വസ്ത്രധാരണം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീ വിരുദ്ധനിലപാടാണ് ഈ വിഭാഗം കൈക്കൊള്ളുന്നതെന്ന സാമൂഹ്യവിമര്‍ശനം ഉയര്‍ന്നിരുന്നു. കാന്തപുരം വിഭാഗത്തിന്റെ നിലപാടുകള്‍ക്കെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ബഹുഭാര്യാത്വത്തെ അനുകൂലിച്ച് കാന്തപുരം മുസലിയാര്‍ നടത്തിയ പ്രസ്താവനയും വന്‍ വിവാദമായിരുന്നു. മതസംഘടനകളുമായി നേരിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കീഴ് വഴക്കമില്ലാത്ത സംഘടനയുമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഈ സാഹചര്യത്തിലാണ് ഈ പുതിയ ചങ്ങാത്തം വിവാദമാവുന്നത്. ജീമോന്‍ ജേക്കബ്ബ്, അഡ്വ. ആഷിത മുംതാസ് എന്നിവരാണ് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷനല്‍  ഇന്ത്യവക്താവ് നിഹാരിക ബെറ്റ് കെറൂര്‍ സെമിനാറിലെത്തുന്നുണ്ട്. അതേ സമയം ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവാദമുയരുന്നുണ്ട്. നിലവില്‍ വര്‍ഷങ്ങളായി അംഗത്വ പ്രവര്‍ത്തനം നടക്കാറില്ലെന്ന് ദീര്‍ഘകാലം സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പി.ജെ. ജോസി പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ദേശീയ കോര്‍ഗ്രൂപ്പില്‍ താന്‍ അംഗമായിരുന്നുവെന്നും മന്‍മോഹന്‍സിങ് സര്‍ക്കറിന്റെ കാലത്താണ് ദല്‍ഹി കേന്ദ്രം പ്രവര്‍ത്തനരഹിതമായതെന്നും അദ്ദേഹം പറഞ്ഞു. വികസ്വര- വികസിത ജനാധിപത്യരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തനമേയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.