കര്‍ഷകര്‍ ആശങ്കയില്‍; രണ്ടാം കൃഷിയുടെ നെല്ല് സംഭരണം ഇത്തവണയും വൈകും

Wednesday 2 September 2015 11:32 pm IST

ആലപ്പുഴ:  രണ്ടാം കൃഷിയുടെ നെല്ല് സംഭരണം  ഇത്തവണയും വൈകും. കൊയ്ത്ത് ഈ മാസം 15ന് ആരംഭിക്കുമെങ്കിലും സപ്‌ളൈക്കോയുടെ നെല്ല് സംഭരണം ഒക്ടോബര്‍ ഒന്നിനേ തുടങ്ങുകയുള്ളു. രണ്ടാം കൃഷിക്കു 10,000 ഹെക്ടര്‍ പാടത്തു നിന്നു കുറഞ്ഞത് 50,000 ടണ്‍ നെല്ലാണ് ഇത്തവണ സംഭരിക്കേണ്ടത്. എല്ലാ സീസണിലും കര്‍ഷകര്‍ നേരിടുന്ന എറ്റവും പ്രധാന പ്രശ്‌നം നെല്ല് സംഭരണവും, നെല്ല് വില യഥാസമയം ലഭിക്കാത്തതുമാണ്. കഴിഞ്ഞ പുഞ്ചകൃഷിയില്‍ സംഭരിച്ച നെല്ലിന്റെ തുക രണ്ടാം കൃഷി അവസാനിക്കാറായപ്പോഴാണ് കൊടുത്തു തീര്‍ത്തത്. സപ്‌ളൈക്കോ ചുമതലപ്പെടുത്തിയ മില്ലുകാര്‍ നെല്ല് ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ നെല്ല് കിളിര്‍ത്തും നശിച്ചും കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. നിലവില്‍ സപ്ലൈകോയ്ക്കുവേണ്ടി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ ചുമതല വഹിക്കുന്ന കുട്ടനാട്ടിലെ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ ഒരു പാഡി മാര്‍ക്കറ്റിങ് ഓഫീസറും (പിഎംഒ) ഒരു ക്ലാര്‍ക്കും ഒരു അസിസ്റ്റന്റ് സെയില്‍സ്മാനും മാത്രമാണുള്ളത്. ഇവിടെയുണ്ടായിരുന്ന അഞ്ച് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരില്‍ രണ്ടു പേരുടെ തസ്തിക ഇല്ലാതാക്കി. മറ്റു രണ്ടു പേരെയും മൂന്നു ക്ലാര്‍ക്കുമാരെയും സ്ഥലം മാറ്റി. ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനായ പേമെന്റ് ഓഫിസറും സ്ഥലംമാറ്റ ഭീഷണിയിലാണ്. ഇതെല്ലാം തന്നെ പ്രതികൂലമായി ബാധിക്കുക കര്‍ഷകരെയാണ്. കൊയ്ത്ത് ആരംഭിക്കുന്ന ഈ മാസം 15 മുതല്‍ തന്നെ സംഭരണവും തുടങ്ങണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നെല്ല് സംഭരിക്കാന്‍ കര്‍ഷകര്‍ സപ്ലൈകോയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 15 വരെ നീട്ടി.  ആഗസ്റ്റ് ആറിനാണു രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. സ്വന്തമായി നിലം വാങ്ങി കൃഷി ആരംഭിച്ച കര്‍ഷകരും സ്വന്തം നിലത്തു കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരും പാട്ട കര്‍ഷകരും ആണു രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ വ്യത്യസ്ത അപേക്ഷാ ഫോമുകളില്‍ സപ്ലൈകോയുടെ ഓണ്‍ലൈനിലാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷകളുടെ പകര്‍പ്പെടുത്ത് അതതു കൃഷിഭവനുകളില്‍ കൃഷി ഓഫിസറെ ഏല്‍പ്പിക്കണം. ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പു സഹിതം പാഡി മാര്‍ക്കറ്റിങ് ഓഫിസറെ ഏല്‍പ്പിക്കണം. പാട്ട കര്‍ഷകര്‍ റജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള സത്യവാങ്മൂലവും നല്‍കണം. ഇങ്ങനെ നല്‍കുന്ന അപേക്ഷയിന്മേല്‍ പിഎംഒ പരിശോധന നടത്തി അനുവദിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരമായിരിക്കും നെല്ല് സംഭരിക്കുന്നതും വില നല്‍കുന്നതും. ഉമ, ജ്യോതി, മഹാമായ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നെല്ല് കൃഷി ചെയ്യുന്നതിനാല്‍ ഇനങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തി പാടശേഖര അടിസ്ഥാനത്തില്‍ വെവ്വേറെയും റജിസ്റ്റര്‍ ചെയ്യണമെന്നു സപ്ലൈകോ നിര്‍ദേശിക്കുന്നു. അദ്ധ്യാപകന്റെ മരണം; അന്വേഷണം എങ്ങുമെത്തിയില്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.