കരിപ്പൂരില്‍ പുതുച്ചേരി ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയതില്‍ വീഴ്ച്ച

Thursday 3 September 2015 12:46 pm IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ എ കെ സിങ്ങിന് സുരക്ഷാ സംവിധാനം ഒരുക്കിയതില്‍ വീഴ്ച്ച. ഗവര്‍ണറെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ കാര്‍ ഡിഎംകെ നേതാവ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര ടെര്‍മിനലലേക്ക് എത്തിയത് സര്‍വീസ് ബസില്‍. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരള പൊലീസ് ഉള്‍പ്പടെയുള്ളവര്‍ കാത്ത് നിന്നിരുന്നെങ്കിലും സിഐഎസ്എഫുകാര്‍ ഉടക്കിയതിനെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 7.15നാണ് സംഭവം. ചെന്നൈയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ലഫ്. ഗവര്‍ണര്‍ കരിപ്പൂരിലെത്തിയത്. ഗവര്‍ണര്‍ക്ക് യാത്ര ചെയ്യാനായി ഒരുക്കിയ കാര്‍ വിഐപി ഗേറ്റിലൂടെ റണ്‍വേയിലേക്കു കടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫുകാര്‍ തടയുകയായിരുന്നു. ഗവര്‍ണറിനുള്ള വാഹനമാണെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടും വാഹനം കടത്തിവിടാന്‍ അവര്‍ തയ്യാറാകില്ല. പിന്നീട് ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുടെ വാഹനം കടത്തി വിട്ട് അതില്‍ എ.കെ. സിങ്ങിനെ എത്തിക്കാമെന്ന് സമ്മതിച്ചു. അപ്പോഴേയ്ക്കും നേതാവ് കാറില്‍ കയറി പോവുകയായിരുന്നു. ഇത്രയും സമയം മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനമിറങ്ങി കാത്ത് നിന്ന ഗവര്‍ണറിനെ ഒടുവില്‍ യാത്രക്കാരെ ടെര്‍മിനലലേക്ക് എത്തിക്കാന്‍ വന്ന സര്‍വീസ് ബസ്സില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്. അവിടെ കാത്ത് നിന്ന വാഹനത്തില്‍ അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.