തച്ചങ്കരി: മുഖ്യമന്ത്രി ഇടഞ്ഞു, തീരുമാനം മരവിപ്പിച്ചു

Thursday 3 September 2015 10:51 pm IST

തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസിലും സര്‍ക്കാരിലും പോര് മുറുകി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് താന്‍ പുറത്തുപോയ സമയത്തെടുത്ത തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടി അതൃപ്തി അറിയിച്ചതോടെ തീരുമാനം മരവിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നു നീക്കിയതായും കെബിപിഎസിന്റെ അധികച്ചുമതല നല്‍കിയതായും അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു തീരുമാനം മന്ത്രിസഭായോഗത്തില്‍ എടുത്തിട്ടില്ലെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. ഇത് വിവാദമായതോടെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍ നിലനിര്‍ത്താനും അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമെടുക്കാനും ധാരണയിലെത്തി. ഐ ഗ്രൂപ്പ് മന്ത്രിമാര്‍ മുന്‍കൈയെടുത്ത് തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിച്ചത് മന്ത്രിസഭായോഗത്തിന്റെ മിനിട്‌സായി വന്നതില്‍ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായെടുത്ത തീരുമാനം മരവിപ്പിച്ചെങ്കിലും ഏതുവിധേനയും തച്ചങ്കരിയെ മാറ്റിയേ മതിയാകൂയെന്ന നിലപാടില്‍ ഐ ഗ്രൂപ്പും സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും. തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ വ്യവസായ വകുപ്പിലെ ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് തച്ചങ്കരിയെ മാറ്റുമെന്നും സൂചന. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതിനെ പിന്തുണച്ചെങ്കിലും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനമെടുത്തില്ല. കെബിപിഎസിന്റെ അധികച്ചുമതല നല്‍കാന്‍ മാത്രമാണ് തീരുമാനം ഉണ്ടായത്. എന്നാല്‍, ചീഫ് സെക്രട്ടറി തയാറാക്കിയ മന്ത്രിസഭായോഗത്തിന്റെ കുറിപ്പില്‍ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നു നീക്കിയതായും പകരം റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്. രത്‌നകുമാരനു കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചതായും രേഖപ്പെടുത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായത്. ബുധനാഴ്ച കൊച്ചിയില്‍ പോകേണ്ടിയിരുന്നതിനാല്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗം നടക്കുന്നതിന് ഇടയ്ക്ക് ഇറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. മന്ത്രിസഭായോഗം തുടരുകയാണെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അവതരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, ഈ സമയത്ത് ടോമിന്‍ തച്ചങ്കരിയെ മാറ്റാനുള്ള ചര്‍ച്ചയും തീരുമാനവും മന്ത്രിസഭായോഗത്തിലെടുത്തു. തച്ചങ്കരിയെ മാറ്റിയെന്നും ഇതു സാധാരണ നടപടി മാത്രമെന്നുമാണ് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞത്.  തച്ചങ്കരിയെ മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രതികരണം. തച്ചങ്കരിയെ മാറ്റിയെന്ന വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് പലയിടത്തും ജീവനക്കാര്‍ പ്രതിഷേധവുമായെത്തി. എറണാകുളത്തെ മേഖല ഓഫീസില്‍ ജീവനക്കാര്‍ തച്ചങ്കരിക്ക് അനുകൂലമായി പ്രകടനം നടത്തി. എംഡിയായി തച്ചങ്കരി ചുമതലയേറ്റതു മുതല്‍ പ്രസിഡന്റ് ജോയ് തോമസുമായി നല്ല ബന്ധത്തിലല്ല. കോണ്‍ഗ്രിലെ ആഭ്യന്തരപ്രശ്‌നമായി വളര്‍ന്ന തര്‍ക്കം കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ പല തീരുമാനങ്ങളിലും അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ ചെയ്തതോടെയാണ് തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് നീക്കാന്‍ ഐ ഗ്രൂപ്പിന്റെ കാര്‍മികത്വത്തില്‍ നീക്കം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.