''മതിയായി കമ്യൂണിസം'': അണികള്‍ സിപിഎം വിടുന്നു

Thursday 3 September 2015 7:36 pm IST

ആലപ്പുഴ: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോട് അണികള്‍ വിടപറയുന്നു. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ നേതൃത്വം ഇടപെട്ട് നാടെമ്പാടും അക്രമ പരമ്പരകള്‍ അഴിച്ചുവിടുമ്പോഴാണ് അണികള്‍ കൂട്ടത്തോടെയും അല്ലാതെയും പാര്‍ട്ടിയെ തള്ളിപ്പറയുന്നത്. നവമാധ്യമങ്ങളില്‍ സിപിഎമ്മിന്റെ കൊള്ളരുതായ്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് പല സഖാക്കളും പാര്‍ട്ടിബന്ധം ഉപേക്ഷിക്കുന്നത്. കുട്ടനാട്ടിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ പി.എസ്. ശങ്കറിന്റെ  മകനും പ്രമുഖ ശില്പിയുമായ ബിജോയ് പുത്തന്‍കളമാണ് ഒടുവില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചത്. രാമങ്കരി ലോക്കല്‍ കമ്മറ്റി പരിധിയിലെ വേഴപ്ര ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്നു ബിജോയി. ''ഇപ്പോഴത്തെ കുട്ടിസഖാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ പറ്റാത്തതിനാല്‍  മെമ്പര്‍ഷിപ്പ് രാജിവയ്ക്കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ബിജോയ് പാര്‍ട്ടിബന്ധം ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഏതെങ്കിലും രീതിയില്‍ തന്നെ ദ്രോഹിച്ചാല്‍ തീര്‍ച്ചയായും ബിജെപിക്ക് താന്‍ കുടപിടിക്കുമെന്നും അച്ഛന്റെ ആത്മാവ് തനിക്ക് മാപ്പു തരുമെന്ന് കരുതുന്നതായും  കമ്യൂണിസം തനിക്കു മതിയായെന്നും ബിജോയിയുടെ പോസ്റ്റിലുണ്ട്. അറിയപ്പെടുന്ന കലാകാരനായ ബിജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജോയിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടനാട്ടില്‍ സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ നേതാവിന്റെ മകന്‍ പോലും പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ മനംനൊന്ത് കമ്യൂണിസം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതനായത് നവമാധ്യമങ്ങളിലും സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനങ്ങളില്‍ അണിചേരുകയാണ്. കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ ഇരുപതോളം സിപിഎം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.