സ്വര്‍ണമായ ലങ്കാപുരി

Thursday 3 September 2015 8:04 pm IST

ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു. ഞാന്‍ സര്‍വലോകത്തിന്റേയും അധിപനായ ശ്രീരാമസ്വാമിയുടെ കാര്യത്തിനായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എനിക്ക് മാര്‍ഗ്ഗവിഘ്‌നമുണ്ടാക്കുന്നത് ഉചിതമല്ല. സ്വാമി കാര്യം ശരിയായി നിറവേറ്റിയശേഷം ഞാന്‍ തിരിച്ച് ഇവിടെവന്ന് ദേവിക്ക് ഭക്ഷണമായിക്കൊള്ളാം. സത്യലംഘനം ഞാന്‍ ഒരിക്കലും ചെയ്യുന്നതല്ല. അവര്‍ ഹനുമാന്റെ വാക്കുകള്‍ക്ക് വഴങ്ങിയില്ല. ഹനുമാന്‍ സ്വല്പമൊന്നാലോചിച്ചശേഷം ഗതിമുട്ടിയവനെപ്പോലെ അവരുടെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് ഭവതിയ്ക്ക് സഹിക്കരുതാത്ത ദാഹവും വിശപ്പുമുണ്ടെങ്കില്‍ വായ് തുറന്നാലും എന്നുപറഞ്ഞ് ഹനുമാന്‍ ഒരു യോജന വ്യാപ്തിയുള്ള ശരീരത്തോടുകൂടി നിന്നുകൊടുത്തു. ഇതുകണ്ട ആ സ്ത്രീസത്വം തന്റെ വായ അഞ്ചുയോജന വിസ്താരമുള്ളതാക്കി തുറന്നുപിടിച്ചു. ഹനുമാന്‍ ശരീരവിസ്തൃതി വീണ്ടും വര്‍ദ്ധിപ്പിച്ചു. ആ സത്വവും തന്റെ വായയുടെ വിസ്താരം കൂട്ടി. ഇങ്ങനെ രണ്ടുപേരും മാറി മാറി വ്യാപ്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഹനുമാന്‍ പെട്ടെന്ന് കൃശശരീരനായി വായില്‍ക്കൂടി അകത്തുകടന്ന് ചെവിയില്‍ കൂടി പുറത്തുവന്നു. അതിനുശേഷം അവരെ തൊഴുതുകൊണ്ട് ഹനുമാന്‍ പറഞ്ഞു. അവിടുത്തേക്കു നമസ്‌കാരം ഭവതി ഇപ്പോള്‍ എന്റെ മാതാവായിരിക്കുന്നു. അങ്ങയുടെ മകനെ അനുഗ്രഹിച്ച് പോകാന്‍ അനുവദിച്ചാലും. മാരുതിയുടെ വാക്കുകള്‍ കേട്ട് അവര്‍ പറഞ്ഞു. പ്രിയ പുത്ര, നീ എപ്പോഴും വിജയിയായിത്തീരുക. നീ എനിക്ക് പുത്രനായത് എന്റെ ഭാഗ്യമാണ്. ഞാന്‍ നാഗമാതാവായ സുരസയാണ്. (കശ്യപ പ്രജാപതിക്ക് ദക്ഷപുത്രിയായ ക്രോധവശയില്‍ ജനിച്ച പത്തുപുത്രിമാരില്‍ ഒരാളാണ് സുരസ. അവളില്‍ നിന്നാണ് നാഗങ്ങള്‍ ജനിച്ചത്.) ശ്രീരാമദേവകാര്യാര്‍ത്ഥം പോകുന്ന നിന്റെ ബലവീര്യശൗര്യപരാക്രമങ്ങള്‍ പരീക്ഷിച്ചറിയുന്നതിന് ഇന്ദ്രാദികള്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ നിന്റെ മാര്‍ഗ്ഗം തടഞ്ഞത്. നീ മഹാവിരുതന്‍ തന്നെ. നിനക്ക് സര്‍വത്ര വിജയം കൈവരിക്കാന്‍ സാധിക്കും. ഹനുമാന് വിജയം ആശംസിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ച് സുരസ അപ്രത്യക്ഷയായി. ഹനുമാന്‍ വീണ്ടും തന്റെ ത്വരിതഗമനം ആരംഭിച്ചു. കുറച്ചുദൂരം ചെന്നപ്പോള്‍ സസ്യശ്യാമളമായ ഒരു പര്‍വതം അപ്രതീക്ഷിതമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ അനുഭവമോര്‍ത്ത് ഹനുമാന്‍ തന്റെ മാറിടംകൊണ്ട് ആ പര്‍വതത്തെ ഇടിച്ച് സമുദ്രത്തില്‍ താഴ്ത്താന്‍ ഒരുമ്പെട്ടപ്പോള്‍ അത് മാനുഷരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഹനുമാനോട്. (ഹിമവാന്റെ പുത്രനും സമുദ്രവാസിയുമായ മൈനാകം ആയിരുന്നു അത്. (ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകുമുറിച്ചപ്പോള്‍ മൈനാകം മാത്രം രക്ഷപ്രാപിച്ച് സമുദ്രത്തില്‍ താമസമാക്കി) സാഗരനിര്‍ദ്ദേശമനുസരിച്ച് ഹനുമാന്റെ തളര്‍ച്ച തീര്‍ക്കുന്നതിനായി സമുദ്രത്തില്‍ നിന്നും പൊന്തിവന്നതായിരുന്നു.) പക്വഫലങ്ങളും ഭുജിച്ച് ജലപാനവും ചെയ്ത് തളര്‍ച്ച തീര്‍ത്തശേഷം യാത്ര തുടരാമെന്ന് അറിയിച്ചു. അതിന് ഹനുമാന്‍ തന്റെ സ്വഭാവദാര്‍ഢ്യത്തിന്റെ മഹത്വം കലര്‍ന്ന വാക്കുകളാല്‍ മറുപടി നല്‍കി. മതിമതി സന്തോഷമായി. ശ്രീരാമന്റെ കാര്യത്തിനായി വേഗത്തില്‍ പോകുമ്പോള്‍ ഇടക്ക് വിശ്രമത്തിനായി തങ്ങുന്നതും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഉചിതമായ കാര്യമല്ല. ശ്രീരാമകാര്യം സാധിക്കുക എന്നതൊഴിച്ച് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ തന്നെ എനിക്ക് സാദ്ധ്യമല്ല. അങ്ങെനിക്ക് നല്‍കാനൊരുങ്ങിയ സല്‍ക്കാരം ഞാന്‍ സ്വീകരിച്ചതായി കരുതുക എന്നുപറഞ്ഞ് ഹനുമാന്‍ തന്റെ കൈകള്‍കൊണ്ട് മൈനാകത്തെ തലോടി ആശ്വസിപ്പിച്ചു. മൈനാകത്തിന്റെ അഭ്യര്‍ത്ഥന ആന്തരികമായി സ്വീകരിച്ചും ബാഹ്യമായി നിരാകരിച്ചും ഹനുമാന്‍ യാത്രതുടര്‍ന്നു. വീണ്ടും കുറച്ചുദൂരം ചെന്നപ്പോള്‍ ആഴമുള്ള സമുദ്രത്തിന്റെ അടിത്തട്ടില്‍ താമസിക്കുന്നവളായ ഛായാഗ്രഹിണി ഹനുമാന്റെ നിഴലില്‍ പിടിച്ച് ഹനുമാനെ നിര്‍ത്തി. ആഴമുള്ള സമുദ്രത്തില്‍ വസിച്ചുകൊണ്ട് മുകളില്‍കൂടി കടന്നുപോകുന്നവയുടെ നിഴലില്‍ പിടിച്ചുനിര്‍ത്തി അവയെ ഭക്ഷിക്കുക എന്നതാണ് സിംഹിക എന്ന ഛായാഗ്രഹിണിയുടെ ഏര്‍പ്പാട്. തന്റെ ഗതിമുടക്കിയത് ആരെന്ന് ഉള്ളില്‍ ചിന്തിച്ചുകൊണ്ട് ഹനുമാന്‍ കീഴ്‌പ്പോട്ടു നോക്കിയപ്പോഴാണ് ആ ഭയങ്കരിയെ കണ്ടത്. അതുകണ്ടപ്പോള്‍ കാലുകൊണ്ട് ചവിട്ടി ഹനുമാന്‍ അവളെ വധിച്ച ശേഷം വീണ്ടും ലങ്കയെ നോക്കി കുതിച്ചു. അങ്ങനെ സൂര്യാസ്തമയത്തോടുകൂടി ഹനുമാന്‍ ലങ്കയില്‍ എത്തിച്ചേര്‍ന്നു. ദക്ഷിണിസമുദ്രത്തിന്റെ മധ്യത്തില്‍ പരന്നുകിടക്കുന്ന ഹൃദയമനോഹരിയാണ് ലങ്ക. മൂന്നു കൊടുമുടിയുള്ള ത്രികൂടപര്‍വതത്തിന്റെ മുകളിലാണ് ലങ്ക സ്ഥിതിചെയ്യുന്നത്. ലങ്കാപുരി സ്വര്‍ണ്ണത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പലതരം കിടങ്ങുകളാല്‍ അകത്തുകടക്കുക എന്നതുതന്നെ ദുഷ്‌കരമാണ്. സന്ധ്യയായതുകൊണ്ട് രാത്രിയോടെ ഇരുട്ടില്‍ കൃശശരീരനായി ഉള്ളില്‍ വിജനസ്ഥലത്തേക്ക് കടക്കാമെന്ന് ഓര്‍ത്തുകൊണ്ടും ശ്രീരാമനെ സ്മരിച്ചുകൊണ്ടും ഹനുമാന്‍ കഴിഞ്ഞുകൂടി. ലങ്കയുടെ നാലുവശത്തും കിടങ്ങുകള്‍ കുഴിച്ച് അതിന്റെ അകത്തെ അതിരില്‍ വലിയ കോട്ടമതിലുകള്‍ പടുത്തുയര്‍ത്തിയിരുന്നു. കോട്ടയ്ക്കുള്ളില്‍ കൊടിക്കൂറകള്‍ പറന്നുകളിക്കുന്ന ഉന്നതവും ദിവ്യവുമായ ഹര്‍മ്യങ്ങള്‍ കാണാമായിരുന്നു. കോട്ടമതിലിലെ ഇടക്കിടക്കുള്ള കൊത്തളങ്ങളില്‍ ശതഘ്‌നി (പീരങ്കികള്‍) സ്ഥാപിച്ചിരുന്നു. ഇങ്ങിനെ സുസജ്ജവും സുശക്തവുമായ പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ലങ്കയെ ശ്രീരാമന്‍ എങ്ങനെയാണ് ആക്രമിച്ച് ജയിക്കാന്‍ പോകുന്നതെന്ന ചിന്ത ഹനുമാനെ അലട്ടി. എങ്കിലും അദ്ദേഹം തന്റെ കര്‍ത്തവ്യം നിശ്ചയിച്ചുറപ്പിച്ചു. സന്ധ്യാസമയം കഴിഞ്ഞപ്പോള്‍ സുവേലഗിരിയുടെ ഉത്തരപാര്‍ശ്വത്തില്‍ ലങ്കാനഗരിയുടെ പ്രധാന ഗോപുരം ഉയര്‍ന്നു ശോഭിക്കുന്നത് ഹനുമാന്‍ കണ്ടു. എങ്ങനെയെങ്കിലും അകത്തുകടന്നുകൂടണമല്ലോ എന്ന് ചിന്തിച്ച് ഹനുമാന്‍ ഗോപുരത്തോടടുത്തു സുദൃഢമായി അടച്ചിരിക്കുന്ന ഗോപുരകവാടം തള്ളിനോക്കി. അനക്കമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.