അമ്പലപ്പുഴയില്‍ വീണ്ടും ആക്രമണം; വാഹനത്തിന് തീവച്ചു

Thursday 3 September 2015 8:05 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വര്‍ഗീയകലാപത്തിന് സമൂഹ്യവിരുദ്ധരുടെ ഗൂഢശ്രമം. പള്ളിയുടെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ജമാഅത്ത് അസ്സോ. കമ്മിറ്റി അംഗത്തിന്റെ വാഹനവും മറ്റൊരാളുടെ ബൈക്കും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പൊഴിക്കര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിന് കീഴിലുള്ള കാട്ടുമ്പുറം മസ്ജിദുല്‍ ഹിദായ തൈക്കാവിന്റെ ജനല്‍ചില്ലാണ് ബുധനാഴ്ച രാവിലെ എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടത്. ഇന്നലെ പലര്‍ച്ചെ ഒരു മണിയോടെപുന്നപ്ര കുറവന്തോട് ജങ്ഷനു സമീപമുള്ള ടി.കെ.പി. സലാഹുദീന്റെ ഉടമസ്ഥതയിലുള്ള ഇന്‍സുലേറ്റഡ് മിനിലോറി തീവെച്ചു നശിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷന്‍ ഖജാന്‍ജിയും മത്സ്യവ്യാപാരിയുമായ ടി.കെ.പി. സലാഹുദീന്റെ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും ക്യാബിന്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച നിലയിലാണ് കണ്ടത്. പുലര്‍ച്ചെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും വരുകയായിരുന്നവരാണ് വാഹനം കത്തുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടി.കെ.പി. സലാഹുദീന്റെ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരെത്തിയാണ് തീ അണച്ചത്. വാഹനത്തിനു സമീപം തീവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. കാക്കാഴം വെളിമ്പറമ്പില്‍ നൗഫലിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കും അജ്ഞാതര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലായി അമ്പലപ്പുഴയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായി ചില സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് പള്ളിക്കുനേരെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ നിസ്‌കാരത്തിനെത്തിയവരാണ് ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പള്ളിയോട്‌ചേര്‍ന്ന മുന്‍ഭാഗത്തെഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നാണ് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. എറിയാനുപയോഗിച്ച കല്ലും പോലീസ് കണ്ടെടുത്തു. പള്ളിക്ക്‌നേരെ നടന്ന അക്രമത്തെ തുടര്‍ന്ന് അമ്പലപ്പുഴ സിഐ യുടെനേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാ അത്ത് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. സമാധാനപരമായി പിരിഞ്ഞ ചര്‍ച്ചക്കുശേഷമാണ് ഇന്നു പുലര്‍ച്ചെ ജമാഅത്ത്ക്കമ്മിറ്റിയംഗത്തിന്റെ വാഹനം തീവെച്ചു നശിപ്പിച്ചത്. ദിവസങ്ങള്‍ മുമ്പ് കാട്ടുമ്പുറം തൈക്കാവിന്റെ സമീപവാസിയായ നസീറിന്റെ കാര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കൂടുതല്‍ അക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്തെ ആരാധനാലയങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി, ജി. സുധാകരന്‍ എംഎല്‍എ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമം ആസൂത്രിതം: ബിജെപി ആലപ്പുഴ: പുന്നപ്രയിലും വണ്ടാനത്തും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അക്രമസംഭവങ്ങള്‍ ആസൂത്രിതമെന്നും നാട്ടില്‍ കലാപം ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ശ്രമമാണിതെന്നും ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ പറഞ്ഞു. എത്രയുംവേഗം പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.