പശ്ചിമഘട്ട സംരക്ഷണം: വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടുമായി കേരളം വീണ്ടും കേന്ദ്രത്തിലേക്ക്

Thursday 3 September 2015 10:12 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ടം സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടുമായി വീണ്ടും  കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നു. വനംകയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തും. വനം-പരിസ്ഥിതി മന്ത്രാലയ ആസ്ഥാനമായ പര്യാവരണ്‍ ഭവനിലാണ് കൂടിക്കാഴ്ച. പരിസ്ഥിതി ലോല മേഖലകളും ജനവാസ കേന്ദ്രങ്ങളും തിരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായാണ് സംസ്ഥാന മുഖ്യമന്ത്രിയും വനം മന്ത്രിയും ഇന്ന് കേന്ദ്രപരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ റിപ്പോര്‍ട്ട് ഒരു തവണ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തണമെന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ വീണ്ടും അതേ റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്ന കേരളത്തിനെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍വി ഉമ്മന്‍ സമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകളും ജനവാസ കേന്ദ്രങ്ങളും ഒരേ വില്ലേജില്‍ തന്നെ രേഖപ്പെടുത്തിയതാണ് വീണ്ടും വിശദീകരണം തേടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത്തരത്തില്‍ പരിസ്ഥിതി ലോല മേഖലകളില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ പശ്ചിമഘട്ട സംരക്ഷണം സാധ്യമാകില്ലെന്ന് കേന്ദസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. എന്നാല്‍ കേരളത്തില്‍ ജനസംഖ്യ കൂടുതലാണെന്നും അതിനാല്‍ തന്നെ ഇങ്ങനെ മാത്രമേ ഇവിടെ പരിസ്ഥിതി സംരക്ഷണം നടപ്പാക്കാനാവൂ എന്ന തീരുമാനത്തിലാണ് വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന മന്ത്രിസഭാ യോഗം എത്തിച്ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നേരിട്ട് തന്നെ കേന്ദ്രപരിസ്ഥിതി മന്ത്രിയെ അറിയിക്കുന്നതിനായാണ് മുഖ്യമന്ത്രയും വനംമന്ത്രിയും ഇന്ന് ദല്‍ഹിയിലെത്തുന്നത്. പരിസ്ഥിതിലോലമേഖലകളുടെ ഭൂപടവും കേരളത്തിന്റെ ഭൂപടവുമായി ചേര്‍ത്ത് പരിസ്ഥിതിലോല-ജനവാസകേന്ദ്രമേഖലകളെ വേഗത്തില്‍ തിരിച്ചറിയുന്ന രീതിയില്‍ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളവും ഗോവയും മാത്രമാണ് ഇതുവരെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സപ്തംബര്‍ 9ന് മുമ്പായി പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.