ബോട്ട്പകടത്തെച്ചൊല്ലി കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി

Thursday 3 September 2015 11:02 pm IST

കൊച്ചി: യാത്ര ബോട്ടില്‍ മത്സ്യബന്ധനബോട്ട് ഇടിച്ച് യാത്രക്കാര്‍ കൊല്ലപെട്ട സംഭവത്തില്‍ പ്രതിക്ഷേധിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. മേയറുടെ ചേമ്പറിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളെ തടയുന്നതിനുള്ള ശ്രമമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍തമ്മില്‍ കയ്യാങ്കളിയില്‍ കാലാശിച്ചത്. ബോട്ടിന് കരാര്‍ നല്‍കിയതും ഫിറ്റ്‌നസ് പുതുക്കി നല്‍കിയതും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍ യോഗം മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രണ്ട് മണിയോടെ പിരിയുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവരുടെ കുടുംബത്തിനും സാമ്പത്തിക സഹായം സംബന്ധിച്ച് മെമ്പര്‍മാര്‍ അനുശോചനത്തിനിടെ സംസാരിച്ചിരുന്നു. ഈ സമയം പ്രതിപക്ഷം കോര്‍പ്പറേഷന് മുന്നില്‍ സമരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബോട്ടിന്റെ കാലപഴക്കത്തെ സംബന്ധിച്ചും, ബോട്ടപകടം സംബന്ധിച്ച് വിളിച്ച് കൂട്ടിയ സര്‍വ്വകക്ഷിയോഗം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചവേണമെന്നും ആവശ്യപ്പെട്ട് ഒച്ചവെച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ സമവായമായെന്ന വാര്‍ത്ത ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും പ്രതിപക്ഷം യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. തെറ്റായ വാര്‍ത്ത കൊടുത്തതിന് മേയര്‍ ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ഖണ്ഡിച്ച മേയര്‍ ബോട്ടിന് നാല്‍പ്പത് വര്‍ഷം പഴക്കമുണ്ടെന്നും 35 വര്‍ഷം കോര്‍പ്പറേഷന്‍ ഭരിച്ചവര്‍ക്ക് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും ആരോപിച്ചു. ഇതോടെ പ്രതിപക്ഷം ശക്തമായ ബഹളവുമായിരംഗത്ത് വന്നു. പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബത്തിനും സഹായം നല്‍കുന്നതില്‍ കോര്‍പ്പറേഷന്‍ കാലവിളംബം നടത്തിയെന്നും, കോര്‍പ്പറേഷന്‍ മേയര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബെന്നിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ മേയറുടെ ചേംബറിലേക്ക് കയറുകയുമായിരുന്നു. ഇത് ഭരണ കക്ഷി അംഗങ്ങളെ പ്രകോപിതരാക്കി . ഇതാണ് കയ്യാങ്കളിക്ക് കാരണമായത്. ബോട്ട്കരാര്‍ റദ്ദാക്കിയതായും, മരിച്ചവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരമായി ഉടന്‍ വിതരണം ചെയ്യുമെന്നും മേയര്‍ യോഗത്തെ അറിയിച്ചു. ഇതോടെ അപകടം സംബന്ധിച്ച് അടിയന്തിര കൗണ്‍സില്‍ യോഗം വിളിക്കമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി യോഗം പിരിച്ചുവിട്ടതായി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.