പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനം വൈകും

Friday 4 September 2015 11:08 pm IST

ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങില്ല. അന്തിമവിജ്ഞാപനം രണ്ടുമാസം കൂടി നീളുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു. ഇതോടെ സപ്തംബര്‍ 9ന് കാലാവധി അവസാനിക്കുന്ന കരട് വിജ്ഞാപനം റദ്ദാകുമെന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. കരട് വിജ്ഞാപനം പുറത്തിറക്കി 545 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ വിജ്ഞാപനം ഇറക്കണമെന്നാണ് നിയമം. 2014 മാര്‍ച്ച് 10ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി സപ്തംബര്‍ ഒമ്പതിന് അവസാനിക്കുകയാണ്. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കാത്തതാണ് വിജ്ഞാപനം വൈകുന്നതിന് കാരണം. കേരളവും ഗോവയും ഗുജറാത്തും മാത്രമാണ് ഇതുവരെ മറുപടി നല്‍കിയത്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് നിലപാട് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കര്‍ണ്ണാടക ഒരാഴ്ച കൂടി കാലതാമസം എടുക്കുമെന്നാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചത്. ഇതോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള സമയം കേന്ദ്രസര്‍ക്കാരിന് ലഭിക്കാത്ത സാഹര്യമുണ്ടാകും. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പരിസ്ഥിതിലോല മേഖലകളും ജനവാസ കേന്ദ്രങ്ങളും ഒരേ വില്ലേജില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തിലെ 119 വില്ലേജുകളിലും പരിസ്ഥിതി ലോല മേഖലകളും ജനവാസ മേഖലകളും ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി ജനസാന്ദ്രത വളരെയേറെയാണ് കേരളത്തിലെന്നും പശ്ചിമഘട്ട വില്ലേജുകളിലെ ശരാശരി ജനസംഖ്യ ഇരുപതിനായിരത്തിന് മുകളിലാണെന്നും കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത് മൂവായിരത്തിനടുത്ത് മാത്രമാണ്. ഈ സാഹചര്യത്തില്‍ വില്ലേജിനെ പൂര്‍ണ്ണമായും പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിച്ചാല്‍ വലിയ പ്രതിസന്ധിക്ക് കാരണമാകും. കേരളത്തിന്റെ ഈവാദം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.