യുഡിഎഫ്-എല്‍ഡിഎഫ് ബന്ധം വെളിപ്പെടുത്തി ബിജെപി

Friday 4 September 2015 8:46 pm IST

ന്യൂദല്‍ഹി: ഊര്‍ജ്ജവകുപ്പില്‍ 2006-11 കാലത്ത് നടന്ന 40 കോടി രൂപയുടെ അഴിമതിയും കേരളത്തിനനുവദിച്ച ഒറീസയിലെ കല്‍ക്കരിപ്പാടം ഏറ്റെടുക്കാതെ സ്വകാര്യ വൈദ്യുതി കമ്പനികളെ സഹായിച്ച കേസും മൂടിവെയ്ക്കാനുള്ള യുഡിഎഫ്-എല്‍ഡിഎഫ് ശ്രമം വെളിപ്പെടുത്തി ബിജെപി. കല്‍ക്കരിപ്പാടം കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും രേഖകള്‍ നല്‍കാതെ യുഡിഎഫ് സര്‍ക്കാര്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സഹായിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. സഹകരണാടിസ്ഥാനത്തില്‍ അഴിമതിയും സംയുക്താടിസ്ഥാനത്തില്‍ കേസുകള്‍ അട്ടിമറിക്കുകയുമാണ് കേരളത്തില്‍ കാലാകാലങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നത്. എ.കെ ബാലന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന 40 കോടി രൂപയുടെ അഴിമതിക്കേസിലെ പ്രതികളെ 'ജഡ്ജിയാക്കി' ഉയര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട്, ഡോ. രവി കമ്മറ്റി റിപ്പോര്‍ട്ട് എന്നിവയിലെല്ലാം ഊര്‍ജ്ജവകുപ്പില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉത്തരവാദിയായ അനര്‍ട്ട് ഡയറക്ടര്‍ ശിവശങ്കരനെ ഊര്‍ജ്ജവകുപ്പിന്റെ സെക്രട്ടറിയാക്കി ഉയര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിച്ചത്. അഴിമതി സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകളിന്മേലും നടപടികള്‍ എടുക്കാതെ തമസ്‌ക്കരിക്കാനാണ് ശ്രമമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. 2.32കോടി രൂപ മുടക്കി എനര്‍ജി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് രൂപീകരിച്ചെങ്കിലും കുറച്ച് പുസ്തകങ്ങള്‍ അച്ചടിച്ച് ഇറക്കുക മാത്രമാണ് നടത്തിയ ഏക പ്രവൃത്തി. 90ലക്ഷം രൂപ മുടക്കി വാങ്ങിയ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ പത്തിലൊന്ന് പോലും പഞ്ചായത്തുകള്‍ക്ക് നല്‍കാതെ പാഴാക്കി. പരസ്യത്തിനായി 1.25 കോടി രൂപ പിആര്‍ഡിയെ ഒഴിവാക്കി പുതിയ ഏജന്‍സിക്ക് നല്‍കിയതിലും അന്വേഷണ കമ്മീഷനുകള്‍ അഴിമതി കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഴുവനും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു, പി.കെ കൃഷ്ണദാസ് പറഞ്ഞു. ഒറീസയിലെ വൈതരണിയില്‍ 1000 മെഗാവാട്ട് താപവൈദ്യുതി നിലയം നിര്‍മ്മിക്കാനായി കേരളത്തിനായി 2007ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കല്‍ക്കരിപ്പാടം ഏറ്റെടുക്കാതെ 2012ല്‍ തിരിച്ചെടുത്തിരുന്നു. അഞ്ചുവര്‍ഷം കല്‍ക്കരിപ്പാടം ഏറ്റെടുക്കാതിരുന്നത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍തുക കൈക്കൂലി വാങ്ങിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. താപവൈദ്യുതി നിലയം നിര്‍മ്മിക്കാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെങ്കില്‍ കല്‍ക്കരിപ്പാടം ഏറ്റെടുത്ത് എന്‍ടിപിസിക്ക് കല്‍ക്കരി നല്‍കുകയും എന്‍ടിപിസി സൗജന്യമായി വൈദ്യുതി കേരളത്തിന് നല്‍കുകയും ചെയ്യുന്ന കരാര്‍ ഉണ്ടാക്കാന്‍ സാഹചര്യമുണ്ടായിരുന്നു. സംയുക്ത വൈദ്യുതോല്‍പ്പാദനത്തിന് സന്നദ്ധരായി ഗുജറാത്ത്, ഒറീസ പവര്‍ കോര്‍പ്പറേഷനുകള്‍ കേരളത്തെ സമീപിച്ചിരുന്നതുമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതിരിക്കുക വഴി സ്വകാര്യ വൈദ്യുതി കമ്പനികളില്‍ നിന്നും അധികനിരക്കില്‍ വൈദ്യുതി വാങ്ങേണ്ട ഗതികേട് സംസ്ഥാനത്തിനുണ്ടായി. തലേദിവസം രാത്രി 7 മണിക്ക് എത്ര അധിക വൈദ്യുതി വേണോ അതിന് സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കില്‍ പണം നല്‍കിയാണ് കേരളം വൈദ്യുതിക്കുറവ് പരിഹരിക്കുന്നത്. ദിവസവും 20 മുതല്‍ 70 കോടി രൂപ വരെയാണ് ഇത്തരത്തില്‍ നല്‍കുന്നത്. വന്‍തുകയാണ് അതാത് സര്‍ക്കാരുകളിലെ തലപ്പത്തുള്ളവര്‍ക്ക് ഇത്തരത്തില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും ലഭിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കേരളം ഉത്തരവിട്ട സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. സിബിഐ അന്വേഷണ സംഘത്തിന് ഇടപാട് സംബന്ധിച്ച രേഖകളൊന്നും ഇത്രനാളായിട്ടും കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുമെന്നും പി.കെ കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസന്നന്‍ പിള്ള, അഡ്വ. ജോജോ ജോസ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.