കണ്ണൂര്‍-കാഞ്ഞങ്ങാട് അക്രമം ആസൂത്രിതം; പോലീസ് നിഷ്‌ക്രിയം: വി. മുരളീധരന്‍

Friday 4 September 2015 10:56 pm IST

കണ്ണൂര്‍: കണ്ണൂരിലും കാസര്‍ഗോഡും, കാഞ്ഞങ്ങാടും സിപിഎം കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. കണ്ണൂര്‍ അഴീക്കോട് മേഖലയിലെയും കാഞ്ഞങ്ങാടെയും അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടിടങ്ങളിലും അക്രമങ്ങള്‍ നടന്നത് പ്രകോപനങ്ങളുടെ അടിസ്ഥാനത്തിലല്ല. ഓരോ സ്ഥലത്തും മുന്‍കൂട്ടി നിശ്ചയിച്ച് ഭീകരാക്രമത്തിന്റെ മാതൃകയില്‍ സംഘപ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിന് തെളിവാണ് കാഞ്ഞങ്ങാട് വിജയന്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ത്തതിന് ശേഷം പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ തറയടക്കം തകര്‍ത്ത സംഭവം. പ്രകോപനങ്ങളില്ലാതെ അക്രമത്തിന് തുടക്കമിട്ട അക്രമകാരികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറാകാത്തതാണ് രണ്ടിടത്തും അക്രമം വ്യാപിക്കാന്‍ വഴിയൊരുക്കിയത്. പോലീസിന്റെ ഏകപക്ഷീയമായ നടപടികൊണ്ട് ഒരുസ്ഥലത്തും അക്രമം അവസാനിപ്പിക്കാന്‍ കഴിയില്ല. അക്രമം പടരാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. കാഞ്ഞങ്ങാട് കാലിച്ചാനടുക്കത്ത് ഇപ്പോഴും ഭീകരത നിലനില്‍ക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. സിപിഎമ്മിനോട് സര്‍ക്കാരും പോലീസും എടുക്കുന്ന പക്ഷപാതപരമായ നിലപാടാണ് അക്രമികള്‍ക്ക് ബലം നല്‍കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം പോലീസ് കാണിച്ചിരുന്നുവെങ്കില്‍ കണ്ണൂരില്‍ അക്രമം പടരില്ലായിരുന്നു. കണ്ണൂരിലെ പോലീസിനകത്ത് സിപിഎമ്മിന്റെ നുഴഞ്ഞ് കയറ്റം തടയാന്‍ ആഭ്യന്തര വകുപ്പും സര്‍ക്കാരും ശക്തമായ നടപടികള്‍ എടുക്കണം. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനകത്തും സിപിഎമ്മിന്റെ പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുകയാണ്. ഫ്രാക്ഷന്റെ തീരുമനത്തിനനുസരിച്ചാണ് സിഐമാരും എസ്‌ഐമാരും തീരുമാനം എടുക്കുന്നത്. ഇതിനൊരന്ത്യമുണ്ടാകണം. നിഷ്പക്ഷമായി പോലീസ് പ്രവര്‍ത്തിക്കുന്ന സ്ഥിതി സംജാതമാകണം. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.