പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീര്‍ണോദ്ധാരണം പണം തട്ടാനോ?

Friday 4 September 2015 11:27 pm IST

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ മുടക്കി നടത്തിയ മൂല വിഗ്രഹ ജീര്‍ണോദ്ധാരണം വീണ്ടും ഇപ്പോള്‍ നടത്തുന്നത് ദേവ പ്രീതി കൊണ്ടല്ല, പണം തട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന് ആക്ഷേപം ഉയരുന്നു.  കടു ശര്‍ക്കര യോഗക്കൂട്ടു കൊണ്ട് ഭഗവത് പ്രതിഷ്ഠ ഉറപ്പിക്കുകയെന്ന ഈ പ്രക്രിയ പതിറ്റാണ്ടുകള്‍ക്കൊരിക്കല്‍ നടത്തുന്ന പുണ്യകര്‍മ്മമാണ്. ശ്രീ പദ്മനാഭ സ്വാമിക്ഷേത്ര തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടുമാണ് പുനരുദ്ധാരണ പ്രക്രിയകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരിക്കല്‍ ജീര്‍ണോദ്ധാരണം നടത്തി അഞ്ചു വര്‍ഷം കഴിയും മുന്‍പ് പ്രതിഷ്ഠയ്ക്ക് ജീര്‍ണത സംഭവിച്ചു എങ്കില്‍ അത് ഭഗവാന് അപ്രീതിയുണ്ടായതിനാലാവാമെന്ന് ക്ഷേത്ര ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. പദ്മനാഭ പാദങ്ങള്‍ക്ക് കാവലായി നിന്ന അരയാലുകള്‍ മുറിച്ചെടുത്തതും കല്ലാനകളെ പിഴുതെറിയാന്‍ ശ്രമം നടന്നതും വിഘ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാമെന്നും ഇവര്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് പ്രതിഷ്ഠിച്ചിരുന്ന മാടന്‍ തമ്പുരാനെ പിഴുതെറിഞ്ഞപ്പോള്‍ ചാല ദുരന്തം ഉള്‍പ്പടെയുള്ള അനിഷ്ടങ്ങള്‍ക്ക് തലസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിശാലവും പ്രാചീനവുമായ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ കോണുകളില്‍ മാടന്‍, മുത്താരമ്മ, ചാമുണ്ഡി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ അരയാലുകള്‍ക്ക് ചുവട്ടില്‍ കല്‍ വിഗ്രഹ പ്രതിഷ്ഠകളുമുണ്ട്. പദ്മനാഭ സ്വാമിക്ഷേത്രം തകര്‍ക്കാന്‍ ആദ്യം ഇത്തരം ചെറു ക്ഷേത്രങ്ങള്‍ ഇടിച്ചു നിരത്തുകയെന്ന ഗൂഢലക്ഷ്യമാണ് ചീഫ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കളക്ടറും നേതൃത്വം നല്‍കുന്ന ഓപ്പറേഷന്‍ അനന്തയ്ക്കുളളതത്രെ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ജീവിച്ചിരുന്നപ്പോള്‍ പദ്മനാഭ സ്വാമിക്ഷേത്രത്തിന് വടക്കു ഭാഗത്തുള്ള തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഒരു വാതില്‍ നിര്‍മ്മിക്കുവാന്‍ കാണിപ്പയ്യൂരിനോട് അനുവാദം ചോദിച്ചിരുന്നു. ക്ഷേത്ര വാസ്തുവിന് വിഘ്‌നം സംഭവിക്കുമെന്നും ദേവ കോപമുണ്ടാകുമെന്നുമാണ് അന്ന് കാണിപ്പയ്യൂര്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് വാതില്‍ സ്ഥാപിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നായി. പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്ന രണ്ട് ജീവനക്കാരുടെ മരണം, അനധികൃത നിയമനങ്ങള്‍ എന്നിവയൊക്കെ അന്വഷിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ  ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രതിഷേധിക്കുവാന്‍ ആദ്യം എത്തുമെന്നതിനാല്‍ രാജകുടുംബത്തെ ആദ്യം അകറ്റിനിര്‍ത്തുവാന്‍ ഈ ക്ഷേത്രധ്വംസകര്‍ക്ക് സാധിച്ചു. ശ്രീ പദ്മനാഭന്റെ കോടാനുകോടി സമ്പത്ത് കൊള്ളയടിക്കാന്‍ ഒരുകൂട്ടര്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അവര്‍ക്കൊപ്പമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.