സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചപ്പനി വ്യാപിക്കുന്നു

Friday 4 September 2015 11:25 pm IST

കോട്ടയം: സംസ്ഥാനത്ത്  പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനി കുറയുന്നില്ല. 2015 പാതി പിന്നിടുമ്പോള്‍ പതിനൊന്നുലക്ഷത്തിലധികം പേരാണ് പനിബാധിതരായത്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് അതിസാരം ബാധിച്ചത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സര്‍ക്കാര്‍ രേഖകളിലെ കണക്കുകളില്‍ 1119802 പേര്‍ക്കാണ് പനി ബാധിച്ചത്.  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സതേടി എത്തുന്നത്. പകര്‍ച്ചപ്പനിക്കുപുറമെ ഡെങ്കിപ്പനി, അതിസാരം, ടൈഫോയിഡ്, മലേറിയ രോഗങ്ങളും പടര്‍ന്നു പിടിക്കുകയാണ്. 1498 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതില്‍ 14 പേര്‍ മരിച്ചു. 232955 പേര്‍ക്ക് അതിസാരം ബാധിച്ചു. 861 പേര്‍ക്ക് ടൈഫോയിഡ,്  480 പേര്‍ക്ക് മലേറിയ, 305 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. കൂടാതെ എച്ച് വണ്‍ എന്‍ വണ്‍, മുണ്ടിനീര്, ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികളും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനിബാധിതരുള്ള ജില്ല മലപ്പുറമാണ്. 134299 പേരാണ് ഇവിടെ പനിബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരത്ത് 133404 പേരും, തൃശ്ശൂര്‍ 106426, പാലക്കാട് 106259, കോഴിക്കോട് 103470 എന്നിങ്ങനെ പോകുന്നു പല ജില്ലകളിലേയും പനി ബാധിതരുടെ എണ്ണം. ഏറ്റവും കുറവ് പനിബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല കോട്ടയമാണ്. 33092 പേര്‍ക്കാണ് ഇവിടെ പനി ബാധിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമാണ് ഇത്. ഇതിനുപുറമെ സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ കണക്കുകള്‍ ലഭ്യമല്ല. അലോപ്പതിക്കു പുറമേ ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളില്‍ പനിബാധിതരായി ചികിത്സതേടിയവരുടെ എണ്ണവും ഈ കണക്കില്‍ പെടുന്നില്ല. ഇവയെല്ലാം കൂടികൂട്ടിയാല്‍ രോഗികളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് ചികിത്സാരംഗത്ത് ഉള്ളവര്‍ പറയുന്നു. സപ്തംബര്‍ മാസം ആദ്യദിവസത്തെ സര്‍ക്കാര്‍ കണക്കുമാത്രം പരിശോധിച്ചാല്‍ 9481 പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത്. കണക്കെടുത്ത ദിവസം പുതുതായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണമാണിത്. ഇതിനുമുമ്പുള്ള ദിവസങ്ങളില്‍ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണംകൂടി കണക്കാക്കിയാല്‍ പനിബാധിതരുടെ എണ്ണം കൂടും. ഏറ്റവും കൂടുതല്‍ പനിബാധിതരുള്ള ജില്ലയും മലപ്പുറമാണ്. 1685 പേരാണ് ഇവിടെ ആശുപത്രികളില്‍ ചികിത്സ തേടിയത്.  കണ്ണൂരില്‍ 1002 പേരും, തിരുവനന്തപുരം 887, കോഴിക്കോട് 872, പാലക്കാട് 854, കൊല്ലം 756 എന്നിങ്ങനെ പോകുന്നു ജില്ലകളിലെ കണക്കുകള്‍. എറ്റവും കുറവ് പനിബാധിതര്‍ ഉള്ള ജില്ല കോട്ടയമാണ്. 241 പേര്‍ക്കാണ് ഇവിടെ പനി ബാധിച്ചത്. സംസ്ഥാനത്ത് ഈ ദിവസം 22 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 13 പേരും കോഴിക്കോടുള്ളവരാണ്. വയനാട്ടില്‍ 4 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. പകര്‍ച്ചവ്യാധി ഭയനകമാംവിധം പകര്‍ന്നിട്ടും ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണ്. യാതോരുവിധ മുന്‍കരുതലുകളോ പ്രതിരോധ നടപടികളോ കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.