ജനയിതാവ്

Saturday 5 September 2015 7:12 pm IST

കിടക്കപ്പായയില്‍ ചുരുണ്ടുകൂടി ഉറങ്ങുന്ന മോളേ വിളിച്ചുണര്‍ത്തി സ്‌കൂളിലേക്ക് വിടണം... അതിനാണ് ദാക്ഷായണിയമ്മ ചെറുപ്പുരയുടെ ഓലവാതില്‍ തുറന്ന് കിങ്ങിണി കിടക്കുന്ന സ്ഥലത്തേക്ക് മെല്ലെ നടന്നു നീങ്ങിയത്. തണുത്ത പുലരിയില്‍ നേരിയ വെളിച്ചം അരിച്ചരിച്ചെത്തി ഓലപ്പുരയുടെ വിടവിലൂടെ എത്തിനോക്കിക്കൊണ്ടിരുന്നു. പ്രഭാതം തന്റെ പുകമറ മാറ്റി വാസരത്തിന്റെ പ്രവൃത്തികള്‍ ദര്‍ശിക്കുന്ന ഒരു നിരീക്ഷകനെപ്പോലെ പതുക്കെപ്പതുക്കെ  കടന്നുവന്നു. ചാണകം മെഴുകിയ തറയില്‍ കീറിയ പായയില്‍ മഴയത്ത് ചുരുണ്ടുകൂടി കിടക്കുന്ന കിങ്ങിണിക്കുട്ടിക്ക്  തണുത്തു വിറയ്ക്കുന്നുണ്ടാവും... അവള്‍ക്ക് ഒരു പുതപ്പ് വാങ്ങാന്‍ ഇതുവരെ സാധിച്ചില്ലല്ലോ എന്നോര്‍ത്താണ് ഇരുണ്ടവെളിച്ചത്തില്‍ കിങ്ങിണിയെ  ദാക്ഷായണിയമ്മ തട്ടിയുണര്‍ത്തിയത്. ചാടിയെഴുന്നേറ്റ മനുഷ്യനെ കണ്ട് ദാക്ഷായണിയമ്മയുടെ മനസില്‍ കൊള്ളിയാന്‍ മിന്നി. ശരീരമാസകലം നടുങ്ങി വിറച്ചു...... അവര്‍ ശബ്ദിക്കാന്‍ കഴിയാതെ കുഴഞ്ഞിരുന്നു പോയി. അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ പതുക്കെ വേച്ചുവേച്ച് പുറത്തേക്ക് നടന്നു...... ഇതൊന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന കിങ്ങിണിയെനോക്കി ദാക്ഷായണിയമ്മ നെടുവീര്‍പ്പിട്ടു.... ഇതുപോലൊരു പുലര്‍ച്ചെ തന്റെ മകളെ, കിങ്ങിണിയുടെ അമ്മയെ തട്ടിയുണര്‍ത്തിയ ഒരു തണുത്ത രാത്രിയുടെ അന്ത്യഘട്ടം ദാക്ഷായണിയമ്മയുടെ മനസ്സില്‍ ഓടിയെത്തി. ഹേമന്തരാത്രികളിലൊന്നില്‍ മലനിരകളുടെ നീഹാരശീതളിമയെ വഹിച്ചെത്തുന്ന കുളിര്‍മ്മയുള്ള കാറ്റ് അവിടെയെല്ലാം ഒഴുകിനടന്നു....തണുത്തു വിറങ്ങലിച്ച തന്റെ മകള്‍ എഴുന്നേറ്റ് തന്നെ കെട്ടിപ്പിടിച്ച് ഏങ്ങിഏങ്ങിക്കരഞ്ഞതോര്‍ക്കുന്നു. അന്നും ഈ മനുഷ്യന്‍ സ്വന്തം മകളുടെ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റ്  ഇതേ നടത്തം നടന്നത് ദാക്ഷായണിയമ്മ ഓര്‍ത്തു. കപടലോകത്തിന്റെ മുഖം എന്നും ക്രൂരമാണെന്ന് ഗ്രഹിക്കാന്‍ ദാക്ഷായണിയമ്മയ്ക്ക് സമയം വേണ്ടിവന്നില്ല. തന്റെ മകള്‍ക്ക് ജന്മം നല്‍കാന്‍ തന്റെ കിടപ്പറ പങ്കിട്ട അതേ മനുഷ്യന്‍ തന്റെ മകളുടെ ഗര്‍ഭപാത്രത്തിലും നുഴഞ്ഞുകയറിയിരിക്കുന്നു എന്ന നഗ്നസത്യം ആവര്‍ത്തിച്ചു പറഞ്ഞ് മനസ്സിനെ പഠിപ്പിക്കുവാന്‍ നന്നേ ആയാസപ്പെട്ടു. ആ അമ്മയ്ക്ക് അത് താങ്ങാവുന്നതിലപ്പുറമായിരുന്നു... ഒരാഴ്ച കഴിഞ്ഞാല്‍ മകളുടെ വിവാഹം നടക്കേണ്ടതാണ്. ആ അവസരത്തിലാണ് ആ കാമവെറിയന്‍ സ്വന്തം മകളുടെ ചാരിത്ര്യം കവര്‍ന്നെടുത്തത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മകളുടെ വീര്‍ത്തുവരുന്ന ഉദരത്തിന്റെ ഉത്തരവാദി ആരെന്ന നാട്ടുകാരുടെ ചോദ്യത്തിനുമുന്നില്‍ ദാക്ഷായണിയമ്മയും മകളും പകച്ചുനിന്നു. കുടുംബത്തില്‍നിന്ന് പുറന്തളപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥ.... അവഹേളനം അനുഭവിച്ച് പൂര്‍ണഗര്‍ഭിണിയായ മകള്‍ ഒന്നുമറിയാത്ത ഒരോമനകുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ആ ജനയിതാവ് സമൂഹത്തിനു മുന്നില്‍ ദുഷിച്ച മകളുടെ പാവം അച്ഛനായി മുദ്ര കുത്തപ്പെട്ടു... ഒരുപാട് വേദനകള്‍ സഹിച്ചാണ് മകള്‍ കിങ്ങിണിയെ തന്റെ മകള്‍ പരിപാലിച്ചതെന്നോര്‍ത്തപ്പോള്‍ ദാക്ഷായണിയമ്മയുടെ കുഴിഞ്ഞ നേത്രങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായൊഴുകി ചുളിവുകള്‍ വീണ കവിള്‍ത്തടങ്ങളിലൂടെ താഴേക്ക് പതിച്ചു. പക്ഷേ കിങ്ങിണിക്കുട്ടിയുടെ കളികളും കുസൃതികളും കാണാനുള്ള ഭാഗ്യം ആ ഹതഭാഗ്യക്കുണ്ടായില്ലെന്നുവേണം പറയാന്‍. അര്‍ദ്ധപട്ടിണിയില്‍ വയറുമുറുക്കിയുടുത്ത് തന്റെ മകളുടെ വളര്‍ച്ച മാത്രം സ്വപ്‌നം കണ്ട് ജീവിച്ച് ആ അമ്മ പോഷകാഹാരക്കുറവിനാല്‍ വിളര്‍ച്ച ബാധിച്ച് പല അസുഖങ്ങള്‍ക്കും അടിമയായി കിടന്നകിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ ഒരുനാള്‍ ഈ ലോകത്തോട് വിടപറഞ്ഞ തന്റെ മകളുടെ രൂപം ദാക്ഷായണിയമ്മയുടെ മനോമുകുരത്തില്‍  തെളിഞ്ഞു.  കിങ്ങിണിക്കുട്ടിക്കും തന്റെ മകളുടെ അതേരൂപം തന്നെയാണെന്ന് ആ അമ്മ ഖേദപൂര്‍വം ചിന്തിച്ചു... ഇന്നലെ വീട്ടില്‍ വന്ന സമയത്ത്  വടക്കേലെ അച്യുതന്‍ പറഞ്ഞത് അമ്മാച്ഛന്റെ മുഖം അപ്പടികിട്ടിയിരിക്കുന്നെന്നാണ്. തപിക്കുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കുറച്ചുസമയം പണിപ്പെടേണ്ടിവന്നു.... ഓര്‍മകളെ ഒരുവഴിക്ക് വിട്ട് ദാക്ഷായണിയമ്മ കിങ്ങിണിക്കുട്ടിയെ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടുകൂടി എഴുന്നേറ്റ കിങ്ങിണിമോളെ ദാക്ഷായണിയമ്മ അടിമുടി പരിശോധിച്ചു. അവള്‍ക്ക് എന്തെങ്കിലും  സംഭവിച്ചിട്ടുണ്ടോ എന്നു തിട്ടപ്പെടുത്തുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല.... നാലാംക്ലാസില്‍ പഠിക്കുന്ന ആ കുട്ടിയോട് എന്തു ചോദിച്ചു മനസ്സിലാക്കാനാണ്.....? ''മോള്‍ക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലേ?'' എന്ന ചോദ്യത്തില്‍ ദാക്ഷായണിയമ്മ എല്ലാം ഒതുക്കി... ഒരു മറുപടിയും നല്‍കാതെ കിങ്ങിണിക്കുട്ടി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് കുളക്കടവിലേക്ക് പോയപ്പോള്‍ ദാക്ഷായണിയമ്മ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തുകയായിരുന്നു. അന്നുവൈകുന്നേരം സ്‌കൂളില്‍ പോയി തിരിച്ചുവന്ന കിങ്ങിണിക്കുട്ടിയേയും കൊണ്ട് ദാക്ഷായണിയമ്മ പറമ്പിലെ മണികണ്ഠന്‍ പറഞ്ഞ ബാലികാമന്ദിരത്തില്‍ പോയി മോളെ അവിടുത്തെ അന്തേവാസിയാക്കി. അവളുടെ സ്ത്രീത്വം നശിക്കാതിരിക്കാന്‍ ദാക്ഷായണിയമ്മയ്ക്ക് അങ്ങനെതന്നെ ചെയ്യേണ്ടിവന്നു. തന്നെ ദരിദ്രര്‍ക്കും അശരണര്‍ക്കുമായുള്ള ബാലികാസദനത്തില്‍ ചേര്‍ത്തതെന്തിനാണെന്ന ചോദ്യം കിങ്ങിണിക്കുട്ടിയില്‍നിന്നുണ്ടായില്ല. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്നവളായതുകൊണ്ട് ആ കാരണം തന്നെയായിരിക്കാം തന്നെ ഇവിടെ കൊണ്ടെത്തിച്ചതെന്ന് അവള്‍ ചിന്തിച്ചു. ബാലികാസദനത്തിലെ ഒരന്തേവാസിയായി, ഏവരുടേയും കണ്ണിലുണ്ണിയായി കിങ്ങിണിയുടെ ബാല്യം വളരുകയാണ്. ബാലികാസദനത്തിലെ മേട്രന്‍ ശ്രീദേവിയമ്മയ്ക്ക് അവളെ നല്ല ഇഷ്ടമാണ്. മറ്റുള്ള കുട്ടികളോടൊപ്പം അവള്‍ ആനന്ദിക്കുന്നതുകാണുമ്പോള്‍ ശ്രീദേവിയമ്മ അവളെ നോക്കി നെടുവീര്‍പ്പിടും.... അനിശ്ചിതാവസ്ഥയിലായിരുന്ന അവളുടെ ജീവിതത്തില്‍ പുതുശോഭ വിതറി പ്രകാശം പരത്തേണ്ടത് തന്റെ കൂടി കടമയാണെന്ന് ആ അമ്മ മനസ്സിലാക്കി. അവളുടെ പഠനകാര്യങ്ങളിലും മറ്റും ശ്രീദേവിയമ്മ ദത്തശ്രദ്ധയായി നിലകൊണ്ടു... ഉറക്കം തഴുകിയെത്താത്ത രാത്രികളില്‍ കിങ്ങിണിക്കുട്ടി ശ്രീദേവിയമ്മയുടെ കട്ടിലിനരികില്‍ വന്നിരിക്കും..അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസമാണെന്നറിഞ്ഞുകൊണ്ടുതന്നെ ശ്രീദേവിയമ്മ അതിനു സമ്മതിക്കും. ''ശ്രീദേവിയമ്മേ.... ഈ സ്‌നേഹംന്ന് വച്ചാ എന്താ...?'' സ്‌നേഹത്തിലധിഷ്ഠിതമായ ലോകത്തെക്കുറിച്ച് പറഞ്ഞ്, സ്‌നേഹത്താല്‍ അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹത്തിന്റെ സ്ഥിതി വിവരിച്ച് അവളുടെ വായടയ്ക്കാന്‍ ശ്രീദേവിയമ്മയ്ക്ക് നല്ല വാക്ചാതുരിയാണ്. അച്ഛന് മകളോടുള്ള സ്‌നേഹം, ഭര്‍ത്താവിന് ഭാര്യയോടുള്ള സ്‌നേഹം, സഹോദരന് സഹോദരിയോടുള്ള സ്‌നേഹം, കാമുകന് കാമുകിയോടുള്ള സ്‌നേഹം എന്നിങ്ങനെ സ്‌നേഹത്തിന്റെ വിവിധഭാവങ്ങളെ തലങ്ങളെ ശ്രീദേവിയമ്മ വിവരിച്ചുകൊടുക്കും. ''സ്‌നേഹം അനുഭവിച്ചറിയുന്നതെങ്ങനെ....?'' എന്ന തത്വജ്ഞാനപരമായ ചോദ്യം കിങ്ങിണിക്കുട്ടി വീണ്ടും ഉന്നയിക്കും. ''നിന്നെ ഞാന്‍ സ്‌നേഹിക്കുന്നത് നീ അറിയുന്നില്ലേ?'' എന്ന മറുചോദ്യംകൊണ്ട് അവളുടെ ചിന്തകളെ കാടുകയറാന്‍ സമ്മതിക്കാറില്ല. ഒരുദിവസം അപ്രതീക്ഷിതമായിട്ടാണ് കിങ്ങിണിക്കുട്ടിയില്‍നിന്നുമുള്ള ചോദ്യം ഉയര്‍ന്നത്... ''ശ്രീദേവിയമ്മ....നിങ്ങള്‍ക്ക് എന്റെ അച്ഛന്‍ ആരാന്നറിയ്യോ?...'' ഓര്‍ക്കാപ്പുറത്ത് ഒരടിയേറ്റതുപോലെ ശ്രീദേവിയമ്മ പുളഞ്ഞുപോയി. കിങ്ങിണിക്കുട്ടിയുടെ അമ്മമ്മ ദാക്ഷായണിയമ്മ വെളിപ്പെടുത്തിയ ദയനീയ സത്യം ഇത്രയും കാലം ആരുമറിയാതെ കൊണ്ടുനടക്കുകയായിരുന്നു... കിങ്ങിണിയുടെ യൗവ്വനകാലഘട്ടത്തില്‍ ഇത്തരത്തിലൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പക്ഷേ.... ചെറുപ്രായത്തില്‍ തന്നെ കിങ്ങിണിക്കുട്ടിയില്‍നിന്നും ഉറച്ചസ്വരത്തിലുള്ള ഈ ചോദ്യം ശ്രീദേവിയമ്മയെ നടുക്കിക്കളഞ്ഞു. ''എനിക്കുറക്കം വരുന്നു....ഇനി നാളെ സംസാരിക്കാം....'' എന്ന് പറഞ്ഞ് അവളെ ഒരുവിധം ശ്രീദേവിയമ്മ പറഞ്ഞയച്ചു. നാളെയും അവള്‍ വരും.... ഈ ചോദ്യവുമായി...അപ്പോള്‍ താന്‍ നല്‍കേണ്ട ഉത്തരം ചികഞ്ഞ് ശ്രീദേവിയമ്മയുടെ മനസ്സ് ഉഴറി.  ഒരുപാട് നേരത്തെ ചിന്തകള്‍ക്കൊടുവില്‍ അവര്‍ ഒരു ഉത്തരം കണ്ടെത്തി. പിറ്റേന്ന് മധ്യാഹ്‌നത്തില്‍ കിങ്ങിണി പതിവുപോലെ ശ്രീദേവിയമ്മയുടെ കട്ടിലിന്റെ അരികിലിരുന്നുകൊണ്ട് ശ്രീദേവിയമ്മയെ പരിപാലിക്കുകയാണ്...കിങ്ങിണിക്കുട്ടിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിക്കൊണ്ട് ശ്രീദേവിയമ്മ ഒന്ന് മയങ്ങാന്‍ ഒരുങ്ങുകയാണ്. സദാചാരത്തെക്കുറിച്ചും ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ഏറേയും....അതിനാല്‍ വളരെയധികം സന്തോഷത്തോടുകൂടിയാണ് ഉത്തരങ്ങള്‍ വിശദീകരിച്ച് മയങ്ങാന്‍ ഒരുങ്ങിയതും...? തന്റെ സമീപത്തുനിന്നും പതുക്കെ നടന്നുനീങ്ങിയ കിങ്ങിണിക്കുട്ടിയുടെ ആത്മഗതം കേട്ട് ശ്രീദേവിയമ്മ മരവിച്ചിരുന്നുപോയി. ''എന്റെ അമ്മയ്ക്കു ജന്മം നല്‍കിയവന്‍ എന്റെ ജന്മത്തിനും കാരണക്കാരനായതെങ്ങനെയെന്ന് ഞാനിനി ആരോടു ചോദിക്കും?'' ഉത്തരംകിട്ടാത്ത ചോദ്യത്തിനുള്ള മറുപടി തേടി ശ്രീദേവിയമ്മ ഇരുകൈകള്‍കൊണ്ടും മുഖമമര്‍ത്തി കിങ്ങിണിക്കുട്ടിയുടെ സാന്നിദ്ധ്യം പോലും മറന്ന് വിലപിച്ചു..... പുറത്ത് പൊടിപടലത്തെ വട്ടം ചുറ്റിക്കുന്ന ചുഴലിക്കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരുന്നു.....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.