മയക്കുമരുന്ന് മാഫിയ തണ്ണീര്‍മുക്കത്ത് പിടിമുറുക്കുന്നു

Saturday 5 September 2015 8:13 pm IST

ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നു, അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. മാമ്പലവെളി, ചാലിപ്പള്ളി, ശ്രീകണ്ഠമംഗലം എന്നിവിടങ്ങളാണ് ഇക്കൂട്ടരുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നത്. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് വരെ പോലീസ് പ്രദേശത്ത് പെട്രോളിംഗ് നടത്തിയിരുന്നു. ഒരുമാസത്തോളമായി പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായതോടെയാണ് ഇക്കൂട്ടര്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. ലഹരി ഉപയോഗിച്ച ശേഷം സംഘങ്ങള്‍ തമ്മില്‍ തല്ലുകയും വഴിയാത്രക്കാരെയും നാട്ടുകാരെയും ആക്രമിക്കുന്നതും പതിവായി. തോടും ചിറയും നിറഞ്ഞ പ്രദേശം രാത്രികാലങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെ താവളമായതോടെ പ്രദേശവാസികള്‍ക്ക് പോലും റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ണീര്‍മുക്കം ഞെട്ടയില്‍ സ്വദേശികള്‍ ഇക്കൂട്ടരുടെ ആക്രമണത്തിന് ഇരയായി. മാമ്പലവെളി പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി പിറ്റേന്ന് പ്രദേശത്ത് വീട് കയറി ആക്രമണവുമുണ്ടായി. ചേര്‍ത്തല നഗരവും താലൂക്കിന്റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് സംഘങ്ങള്‍ എക്‌സൈസ്, പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ ഗ്രാമ പ്രദേശങ്ങളിലേക്ക് ചേക്കേറിയതായാണ് സൂചന. ലഹരിക്കടിമകളായര്‍ ഫോണ്‍മുഖേന ബന്ധപ്പെട്ടാണ് മയക്കുമരുന്നു സംഘങ്ങളെ തേടിയെത്തുന്നത്. ആളൊഴിഞ്ഞ പ്രദേശങ്ങളള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളടക്കം ലഹരിതേടി ഇവിടെ എത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി പ്രദേശത്തുള്ള ആളൊഴിഞ്ഞ ചിറകളില്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കഞ്ചാവും, മയക്കുമുന്നുകളും ഇവിടെ എത്തിക്കുന്നതിനായി പ്രത്യേക സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചി, മുനമ്പം, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിങ്ങളില്‍ നിന്നാണ് മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നതെന്നും സൂചനയുണ്ട്. പോലീസും എക്‌സൈസും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.