പൗണ്ഡ്രക ജയരാജന്‍

Saturday 5 September 2015 10:07 pm IST

കംസന്മാര്‍ വിലങ്ങുതടിയായി നിന്നിട്ടും പൗണ്ഡ്രകന്മാര്‍ കൃഷ്ണവേഷം കെട്ടിയാടിയിട്ടും ഇന്നലെ കേരളം അമ്പാടിയായി. നാല് പതിറ്റാണ്ടോളമായി ബാലഗോകുലം മലയാളത്തിന്റെ മണ്ണില്‍ കണ്ണന്റെ മുരളീധാരപോല്‍ ഒരു ശീലമായി മാറിയിട്ട്.കേരളത്തില്‍ ബാലഗോകുലത്തിന്റെ ശക്തി വര്‍ധിക്കുന്നുവെന്നും ജന്മാഷ്ടമി ശോഭായാത്രകളില്‍ പങ്കുചേരുന്നവരുടെ എണ്ണം ആയിരങ്ങളുടെ ഗുണിതങ്ങളായി വര്‍ധിക്കുന്നുവെന്നും ആകുലതയില്ലാത്ത പ്രവര്‍ത്തനറിപ്പോര്‍ട്ടുണ്ടായിട്ടില്ല അതിനുശേഷം ഒരുകാലത്തും സിപിഎമ്മിന്. ബാലഗോകുലത്തെ ഇല്ലാതാക്കാന്‍ പാര്‍ട്ടി സഖാക്കള്‍ നടത്തിയ പരിശ്രമങ്ങള്‍ അത്ര ചെറുതൊന്നുമല്ല. കുഞ്ഞുങ്ങളില്‍ വര്‍ഗീയത വളര്‍ത്തുന്നു തുടങ്ങിയ നുണപ്രചാരണങ്ങള്‍ മുതല്‍ ബാലസംഘം പോലുള്ള തട്ടിക്കൂട്ട് പ്രസ്ഥാനങ്ങളുടെ പിറവിവരെ പയറ്റിയതിന് ശേഷമാണ് കംസന്മാരുടെയും പൗണ്ഡ്രകന്മാരുടെയും പുതിയ അടവുനയങ്ങള്‍. കാറ്റായി, കടലായി, കിളിയായി, പശുവായി, അമ്മിഞ്ഞപ്പാലായിപ്പോലും കംസന്റെ ആസുരികത വിഷം തുപ്പി. എന്നിട്ടും കണ്ണന്‍ മരിച്ചില്ല. അവന്‍ അമ്പാടിവിട്ട് മഥുരയിലെത്തി. കംസന്‍ അയച്ച തേരിലേറി പ്രപഞ്ചത്തോട് കളിപറഞ്ഞ്, കുബ്ജയുടെ കൂന് മാറ്റി, മഥുരയുടെ നടുനിവര്‍ത്തി, കംസന്റെ പാളയത്തിലേക്ക് അവന്‍ കടന്നുവന്നു. അടിയന്തരാവസ്ഥയുടെ അസ്വാതന്ത്ര്യം കുടഞ്ഞെറിഞ്ഞ് ലോകം സ്വാതന്ത്ര്യത്തിലേക്ക് കടന്ന 1977ലാണ് ആദ്യത്തെ ജന്മാഷ്ടമി ശോഭായാത്ര കേരളത്തില്‍ നടന്നത്. കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പലത്തായിരുന്നു അതിന്റെ തുടക്കം. 'കേസരി'യുടെ താളില്‍നിന്ന് ബാലഗോകുലം കണ്ണുമിഴിച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയത് അന്നായിരുന്നു. കണ്ണനായിരുന്നു കൂട്ട്. 78ല്‍ ആ ശോഭായാത്രയ്ക്ക് കോഴിക്കോട് നഗരം ചുക്കാന്‍ പിടിച്ചു. 1981 ജൂലൈയില്‍ ബാലഗോകുലം എന്ന സംഘടനയ്ക്ക് ഗുരുവായൂരുണ്ണിക്കണ്ണന്റെ മണ്ണില്‍ മഹാകവി അക്കിത്തം ഭദ്രദീപം തെളിച്ചു. 1982ല്‍ അത് ഒരു അംഗീകൃത പ്രസ്ഥാനമായി. അന്നുമുതല്‍ ഇന്നലെ വരെ ബാലഗോകുലം കാറൊളിവര്‍ണന്റെ പിറന്നാള്‍ ആഘോഷത്തില്‍ മഹാശോഭായാത്രകള്‍ നടത്തി. പഞ്ഞക്കെടുതിയില്‍ പോലും തെരുവോരങ്ങള്‍ പാട്ടും ഭജനയും ആഘോഷവുമായി മേഘശ്യാമളനുണ്ണിയുടെ പിറന്നാളിനെ വരവേറ്റു. ആയിരക്കണക്കിന് അമ്മമാര്‍ ഒരോ ജന്മാഷ്ടമി നാളിലും തങ്ങളുടെ കുഞ്ഞുങ്ങളെ കൃഷ്ണവേഷം അണിയിച്ചു.'കാളിന്ദിക്കരയെത്തിയാല്‍പോരാ കാളിയമര്‍ദ്ദനമാടേണം' എന്ന് അവനെ ഓര്‍മ്മിപ്പിച്ചു. ജന്മാഷ്ടമി ശോഭായാത്രകളില്‍ നാടും നഗരവും  ആമഗ്നമാവുന്നതില്‍ പൊറുതിമുട്ടിയവര്‍ ഈ കുഞ്ഞുങ്ങളുടെ പ്രസ്ഥാനത്തെ വല്ലാതെ ഭയപ്പെട്ടു. ഇല്ലാതാക്കാന്‍ പരിശ്രമിച്ചു.പോയവര്‍ഷം അത്തരക്കാരുടെ രാജാവിന് കംസന്റെ വേഷമായിരുന്നു. വെറും കംസനല്ല ചുവന്ന കംസന്‍... നിഷ്‌കളങ്കമായ ചിരിയുമായി നിരത്തിലിറങ്ങുന്ന കുഞ്ഞുങ്ങളെ തടയുമെന്നായിരുന്നു അന്ന് ജയരാജന്റെ പ്രഖ്യാപനം. കുഞ്ഞുങ്ങളോട് യുദ്ധം പ്രഖ്യാപിക്കാനുള്ള മാനസികാധഃപതനം മഹാപാപികള്‍ക്ക് മാത്രമാണുണ്ടാവുക എന്നതാണ് പുരാണമതം. മാത്രമല്ല മോക്ഷകാലമടുക്കുമ്പോഴാണ് പോലും അങ്ങനെയൊരു തോന്നല്‍ ഉദിക്കുക. കംസന്‍ അങ്ങനെയായിരുന്നു. ഊണിലും ഉറക്കത്തിലും നടപ്പിലും ഇരിപ്പിലുമെല്ലാം അയാള്‍ ഇടയ്ക്കിടെ ഭയംകൊണ്ട് ഞെട്ടിവിറയ്ക്കുമായിരുന്നുവത്രെ. ഉണ്ണിക്കണ്ണന്റെ മുഖവും ചിരിയും മയില്‍പ്പീലിയും ആടയാഭരണങ്ങളുമെല്ലാം അയാളെ ഭയപ്പെടുത്തി. സന്ധ്യാനേരത്ത് കംസന്‍ പുറത്തിറങ്ങുമായിരുന്നില്ല. ചക്രവാളത്തില്‍ മഞ്ഞള്‍ പിഴിഞ്ഞുവിരിച്ചതുപോലെ കണ്ണന്റെ പീതാംബരഛവിയാണോ നിറഞ്ഞിരിക്കുന്നത് എന്ന ഭയമായിരുന്നു അയാള്‍ക്ക്. ലോകം കാണാന്‍ കൊതിക്കുന്ന മോഹനരൂപം ഒരാളെ ഭയപ്പെടുത്തണമെങ്കില്‍ എത്രമാത്രം അസ്വസ്ഥമായിരിക്കണം അയാളുടെ മനസ് എന്ന് ചിന്തിക്കണം. കൃഷ്ണാഷ്ടമി ആഘോഷങ്ങള്‍ കണ്ണൂരിന്റെ മണ്ണില്‍ തടയുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെടുന്നത്. മനോജിന്റെ വധത്തെതുടര്‍ന്ന് അന്തരീക്ഷം കലാപകലുഷിതമാകുമെന്നും അതുവഴി ജന്മാഷ്ടമി ആഘോഷങ്ങള്‍ സ്വാഭാവികമായി തടയപ്പെടുമെന്നുമുള്ള മുന്‍ധാരണ ജയരാജനുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. ആര്‍എസ്എസുകാരന്റെ ചോരയോടുള്ള രാക്ഷസീയമായ ആര്‍ത്തി ജയരാജനടക്കമുള്ള മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരില്‍ അവസാനിക്കില്ല. എന്തായാലും വര്‍ഷമൊന്ന് പിന്നിടുമ്പോള്‍ മനോജ് വധത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേരുണ്ടെന്ന് കേട്ട മാത്രയില്‍ ധീരനായ ആ വിപ്ലവകാരി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതി കയറി. കോടതി അത് തള്ളിയപ്പോള്‍ അറസ്റ്റ് ഭയന്ന് സെക്രട്ടറി പദവിയില്‍ നിന്ന് 'അസുഖം' കാരണം അവധിയെടുത്തു. പിന്നെ കുറേനാള്‍ പുറംലോകത്ത് കാണാതായപ്പോള്‍ സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ അദ്ദേഹം ഒളിവിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ജയരാജന്‍ പുറത്തുവന്നത്. അപ്പോഴേക്കും വീണ്ടും ജന്മാഷ്ടമിയുടെ കേളികൊട്ടായി നാടെങ്ങും. ജയരാജന്‍ കൈപിടിച്ച് പാര്‍ട്ടിയില്‍ കയറ്റിയ പഴയ നമോ ബ്രിഗേഡുകാര്‍ അമ്പാടിമുക്കിലൂടെ ഗണേശവിഗ്രഹവും ചുവന്ന കൊടിയുമായി പ്രകടനം നടത്തുന്നുണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് ഗണേശോത്സവത്തില്‍ പങ്കെടുത്ത സഖാക്കളുടെ വേഷത്തിന് നല്‍കണം മാര്‍ക്ക്. കറുത്ത ഉടുപ്പും കടുംചുവപ്പ് നിറത്തിലുള്ള മുണ്ടുമായിരുന്നു ആ യൂണിഫോം. തിരുവനന്തപുരം സിഇടിയില്‍ തസ്‌നി ബഷീറെന്ന പാവം പെണ്‍കുഞ്ഞിനെ ജീപ്പ് കയറ്റി കൊന്ന സംഭവം നടക്കുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ധരിച്ചിരുന്ന ചെകുത്താന്‍കുപ്പായം. ഇക്കുറി ജന്മാഷ്ടമി തടയാനായിരുന്നില്ല ജയരാജന്റെ പുറപ്പാട്. അതേറ്റെടുത്ത് നടത്തി അലങ്കോലമാക്കാനായിരുന്നു ഉദ്ദേശ്യം. ജന്മാഷ്ടമി എത്തുന്നതിനും ഒരു മാസം മുന്നേ പാര്‍ട്ടി ഘോഷയാത്രകള്‍ക്ക് അനുമതി വാങ്ങി. ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ കതിരൂരില്‍ മനോജിനെ കഴുത്തറുത്ത് കൊന്ന അതേയിടത്തില്‍ മൂന്ന് തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി. ആര്‍എസ്എസുകാരുടെ വീടുകള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടു. കംസന്റെ വേഷമഴിച്ചുവെച്ച് ജയരാജന്‍ പൗണ്ഡ്രകനായ നാളുകള്‍. യഥാര്‍ത്ഥ കൃഷ്ണന്‍ താനാണ് എന്നായിരുന്നല്ലോ ആ കഥാപാത്രത്തിന്റെ കരുതല്‍. പാവം അതിന് കൃഷ്ണനെപ്പോലെ വേഷം കെട്ടി. നീലമയില്‍പ്പീലി ചൂടി, മഞ്ഞപ്പട്ടുടുത്തു, മേനിയില്‍ നീലമേഘച്ചായം പുരട്ടി, ഓടക്കുഴല്‍ ചുണ്ടില്‍വെച്ച് പൗണ്ഡ്രകരാഗം മൂളി.... കൃഷ്ണനാകാന്‍ ഇനി ഒന്നിന്റെ കുറവേ ഉള്ളൂ എന്ന് സ്തുതിപാഠകര്‍ ആ വിഡ്ഢിയെ ധരിപ്പിച്ചു. സുദര്‍ശനത്തിന്റെ കുറവ്. സുദര്‍ശനചക്രത്തിനായി അവന്‍ കൃഷ്ണനോടേറ്റു. സുദര്‍ശനത്താല്‍ ആ കപടവാസുദേവന്റെ തലയറുത്ത് കൃഷ്ണന്‍ പൗണ്ഡ്രകന് മോക്ഷം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.