വെള്ളം വേണോ, ശ്രീരാമന്‍ചിറ മാത്രം ശരണം

Sunday 6 September 2015 8:55 pm IST

കേരളം കടുത്ത വേനല്‍ നേരിടാന്‍ പോവുകയാണ്. കാലവര്‍ഷം ചതിച്ചു. പകല്‍ കനത്ത ചൂട്. കിണറുകളിലും ജലാശയങ്ങളിലും ജലവിതാനം കുത്തനെ കുറയുന്നു. തിരുവാതിര ഞാറ്റുവേലയും കര്‍ക്കിടകത്തിലെ കറുത്തവാഹവും മഴയില്ലാതെ കടന്നുപോയി. നദികളിലെ ഒഴുക്ക് കുറയുന്നു. ഇത്തവണ പെരിയാര്‍ നിറഞ്ഞുകവിഞ്ഞില്ല; മറ്റു പല നദികളും. ജനങ്ങളുടെ നിസ്സംഗതയും സര്‍ക്കാരിന്റെ അലംഭാവവും മൂലം മഴവെള്ള സംഭരണവും ജലമാനേജ്‌മെന്റും കാലവര്‍ഷത്തില്‍ നടന്നില്ല. അതുകൊണ്ട് ചിങ്ങമാസം കഴിയുന്നതോടെ കേരളം വരള്‍ച്ചയിലേക്ക് വഴുതിവീഴും! ഇനി തുലാവര്‍ഷം കാത്തിരിക്കയാണ് കാര്‍ഷിക കേരളം. തുലാവര്‍ഷ മഴവെള്ളം ശേഖരിക്കാന്‍, ഏകദേശം മൂന്ന് നൂറ്റാണ്ട് മുമ്പ് മുതല്‍ തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ദേവസ്വം വക ശ്രീരാമന്‍ചിറ വര്‍ഷം തോറും കെടുന്ന പതിവ് നിലനിന്നിരുന്നു. തൃപ്രയാര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമായാണ് ശ്രീരാമന്‍ചിറകെട്ട് ആരംഭിച്ചത്. കന്നിമാസത്തിലെ തിരുവോണ നാളില്‍, മുളയും ഓലയും ഉപയോഗിച്ച്, ഒരു നാടിന്റെ കൃഷിക്കും കുടിവെള്ളത്തിനുമായി ജനങ്ങള്‍ കുടുംബസമേതം താമസിച്ചാണ് ചിറകെട്ടിയിരുന്നത്. ശ്രീരാമന്‍ചിറയ്ക്ക് 300 മീറ്റര്‍ നീളം വരും. 1930 വരെ ഈ പതിവ് തുടര്‍ന്നുവന്നു. ആ വര്‍ഷം ചിറകെട്ടല്‍ സുഗമമാക്കി ചിറയ്ക്ക് നടുവില്‍ ചീപ്പ് സംവിധാനം ഏര്‍പ്പെടുത്തി ചിറ ചെങ്കല്ലില്‍ തീര്‍ത്തു. അഞ്ചടി ഉയരത്തില്‍ കെട്ടിയ ചിറ കവിഞ്ഞൊഴുകിയാല്‍ ജലം സംഭരിക്കാന്‍ മറ്റൊരു തോടു നിര്‍മിക്കുകയും അതില്‍നിന്നും ഇടത്തോടുകള്‍ വഴി ജലം നാടുനീളെ ജലസമൃദ്ധമായി ഒഴുകിപ്പോകാന്‍ സംവിധാനവുമുണ്ടാക്കി. ഇത് തെങ്ങ്, അടയ്ക്കാമരം എന്നിവയ്ക്കും പച്ചക്കറി കൃഷികളായ പാവല്‍, കുമ്പളം, മഞ്ഞല്‍, വെള്ളരി എന്നിവയ്ക്കും ഉപകാരപ്രദമായി. പെടയനാട്, വാളമുക്ക്, പെരിങ്ങോട്ടുകര, മുറ്റിച്ചൂര്‍, കാഞ്ഞിരതോട്, മുളംകൂട് തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് ശ്രീരാമന്‍ചിറയിലെ ജലവും കവിഞ്ഞൊഴുകിവരുന്ന ജലവും കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്നു. അത് കിണറുകള്‍ സമൃദ്ധമാക്കി. ചെമ്മാപ്പിള്ളിയില്‍ പണിയുന്ന ശ്രീരാമന്‍ചിറ താന്ന്യം, അന്തിക്കാട് എന്നീ രണ്ടുപഞ്ചായത്തുകളിലെയും കൃഷിയിടം കൊഴുപ്പിച്ചു. കുടിവെള്ളക്ഷാമം പരിഹരിച്ചു. കന്നിമാസത്തില്‍ കെട്ടുന്ന ശ്രീരാമന്‍ചിറ മേടമാസത്തില്‍ പൊട്ടിയ്ക്കുകയാണ് പതിവ്. ഇക്കാലംകൊണ്ട് തുലാവര്‍ഷമഴയിലൂടെ സമീപപ്രദേശങ്ങളിലെ തോടുകളിലൂടെയും ഇടത്തോടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും ഒഴുകിയെത്തുന്ന എക്കല്‍മണ്ണും മത്സ്യങ്ങളും ബണ്ടിനകത്ത് അടിഞ്ഞുകൂടും. ചിറയ്ക്കകത്തെ വളക്കൂറുള്ള മണ്ണില്‍ പച്ചിലവളങ്ങളും ചാണകവും ചാരവും ചേര്‍ത്താല്‍ ഒരുപ്പൂ നെല്‍കൃഷിയ്ക്ക് വേണ്ട മണ്ണ് ശരിയാക്കാനാകും. വര്‍ഷത്തില്‍ ആ വിളവ് നല്‍കുന്ന ആര്യന്‍ നെല്‍വിത്താണ് ശ്രീരാമന്‍ചിറയിലെ അന്നത്തെ പ്രധാനകൃഷി. ചിറയുടെ ഒത്തനടുക്ക് ഒഴുകുന്ന തോടിന് ഏകദേശം എട്ടടി ആഴമുണ്ട്. ചിറയിലും തോട്ടിലും മത്സ്യക്കൃഷിയും നടന്നിരുന്നു. ശ്രീരാമന്‍ചിറ കെട്ടുന്നതുകൊണ്ട് പെരിങ്ങോട്ടുകര പാടശേഖരം, ശ്രീരാമന്‍ചിറ പാടശേഖരം, കണ്ണഞ്ചിറ പാടശേഖരം എന്നിവിടങ്ങളിലായി 2700 പറ നെല്‍കൃഷിയാണ് നടന്നുവന്നിരുന്നത്. ചിറയിലെ വെള്ളം ജനങ്ങള്‍ക്കു കുളിയ്ക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ഉപയോഗിച്ചുവന്നു. ചിറയില്‍ വരാല്‍, പള്ളത്തി, പരല്‍, കരിപ്പിടി, കടു, മുഷി തുടങ്ങിയ നാടന്‍ ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നു. ഒരു നാടിനെ സ്വയംപര്യാപ്തമാക്കുന്ന ഒട്ടുമിക്ക ഘടകങ്ങളും ശ്രീരാമന്‍ചിറ കെട്ടുന്നതുകൊണ്ട് ലഭ്യമായിരുന്നു. അറബിക്കടലില്‍നിന്നും ഉപ്പുവെള്ളം കയറി ശുദ്ധജലവും ഉപ്പുമയമാക്കുന്ന കാനോലിക്കനാല്‍ ശ്രീരാമന്‍ചിറയില്‍നിന്നും വെറും 500 മീറ്റര്‍ മാത്രം അകലെയാണ്. ജനുവരി മാസത്തിന് മുമ്പുതന്നെ കാനോലിക്കനാലില്‍ ഓരു കയറും ഇത് കാര്‍ഷികമേഖലയ്ക്ക് വലിയ ഭീഷണിയായിത്തീര്‍ന്നിരുന്നത് തടഞ്ഞത് ശ്രീരാമന്‍ചിറയിലെ ശുദ്ധജലസമൃദ്ധിയാണ്. കാനോലിക്കനാലില്‍ ശുദ്ധജലമുളള തുലാവര്‍ഷക്കാലത്ത് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലം കനാലില്‍നിന്നും ശ്രീരാമന്‍ചിറയിലേയ്ക്ക് ജലം പമ്പ് ചെയ്യാനുള്ള സംവിധാനങ്ങളും പിന്നീട് ഉണ്ടാക്കിയിരുന്നു. താന്ന്യം-അന്തിക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 270 ഏക്കര്‍ നെല്‍കൃഷിയ്ക്കും അതിനോട് ചേര്‍ന്നുകിടക്കുന്ന ഏകദേശം 16 കിലോമീറ്റര്‍ വ്യാപ്തിയിലുമുള്ള കരപ്രദേശത്തിന് കുടിവെള്ളവും മറ്റ് കൃഷികള്‍ക്കുവേണ്ട ജലസംഭരണമാണ് ശ്രീരാമന്‍ചിറയില്‍ നടന്നുവന്നിരുന്നത്. താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധ ജലസ്രോതസ്സും ശ്രീരാമന്‍ചിറയാണ്. 1968 വരെ ശ്രീരാമന്‍ ചിറകെട്ട് പ്രാദേശിക ഉത്സവമായി നടന്നു. പിന്നീട് ചിറകെട്ടുന്നതിനെതിരെ ചില കര്‍ഷകര്‍ കോടതിയെ സമീപിക്കുകയും ചിറകെട്ട് വിവിധകാരണങ്ങളാല്‍ പ്രാദേശിക പ്രശ്‌നമായിത്തീരുകയും ചെയ്തു. തങ്ങളുടെ നെല്‍ക്കൃഷി ഭൂമിയില്‍ ജലം കെട്ടി നിര്‍ത്തി അതിന്റെ ഗുണം കരഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ എടുക്കേണ്ട എന്നതായിരുന്നു അടിസ്ഥാന പ്രശ്‌നം. എന്തായാലും ചിറകെട്ട് ഇന്ന് ആചാരാനുഷ്ഠാനം മാത്രമായി മാറി. ജലം കെട്ടിനിര്‍ത്തി തുലാവര്‍ഷ ജലം ശേഖരിക്കുകയെന്ന അടിസ്ഥാന ജലമാനേജ്‌മെന്റ് തത്വത്തില്‍നിന്നും കര്‍ഷകര്‍ പിന്മാറി. ഇത് താന്ന്യം-അന്തിക്കാട് പഞ്ചായത്തുകളഇലെ കാര്‍ഷികമേഖലയെയും കുടിവെള്ള സമൃദ്ധിയെയും തകിടം മറിച്ചും 90 ഏക്കര്‍ വീതമുള്ള ശ്രീരാമന്‍ചിറ-പെരിങ്ങോട്ടുകര-കണ്ണഞ്ചിറ പാടശേഖരങ്ങള്‍ ഇതോടെ തരിശായി. നെല്‍കൃഷി വളരെ കുറഞ്ഞു. ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ കാര്‍ഷിക സംസ്‌കാരത്തിന് മങ്ങലേറ്റു. പച്ചക്കറി കൃഷി ഏതാണ്ട് നിന്നുപോയി. തെങ്ങുകള്‍ ആദായം നല്‍കാതായി. കിണറുകളില്‍ ഓരുവെള്ളം കയറി. മഴ മാറിയാല്‍ ജലക്ഷാമമെന്ന അവസ്ഥയിലാണ് ഇന്ന് ശ്രീരാമന്ചിറയുടെ ഗുണഭോക്താക്കളായിരുന്ന താന്ന്യം, അന്തിക്കാട് പഞ്ചായത്തുകള്‍. ശ്രീരാമന്‍ചിറ 90 ഏക്കര്‍ പാടത്തില്‍ 80 ഏക്കര്‍ പ്രദേശത്ത് 135 ദിവസം മൂപ്പ് വേണ്ട ഉമ നെല്ലും 125 ദിവസം വേണ്ട ജ്യോതി നെല്‍വിത്തും കൃഷി ചെയ്യുന്നുണ്ടെന്ന് ചില കര്‍ഷകര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള പാടശേഖരങ്ങളും കള കയറി നശിച്ച അവസ്ഥയിലാണ്. 105 കര്‍ഷകരുടെ കൂട്ടായ്മ നിലവിലുണ്ടെങ്കിലും കൃഷിയിറക്കുന്നവര്‍ വര്‍ഷംതോറും കുറഞ്ഞുവരികയാണ്. ശ്രീരാമന്‍ചിറയില്‍ കൃഷി ചെയ്‌തെടുക്കുന്ന വിളവ് വിത്തായി വിപണനം നടത്താനാകുന്നുവെന്ന് ചില കര്‍ഷകര്‍ പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ വില ലഭിക്കുന്നുണ്ടത്രെ! കഴിഞ്ഞ 20 വര്‍ഷമായി ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലം ലഭിച്ചിരുന്നത് ഇല്ലാതായി എന്ന് പരിസരവാസികള്‍ പരാതിപ്പെടുന്നു. ചിറക്കെട്ട് ശരിയായി നടക്കാത്തതിനാല്‍ നാടിന്റെ സ്വയംപര്യാപ്തത നഷ്ടപ്പെട്ടു. ഭൂഗര്‍ഭജലം വേനലിന് മുമ്പുതന്നെ ഉപ്പുമയമാകുന്നു. മരയ്യ എന്ന ഉപകരണം കൊണ്ട് കാനോലിക്കനാലിലെ മണല്‍വാരുന്നത് കനാലിന്റെ ആഴം ശരാശരി 20 അടിയിലധികമാക്കി. കനാലില്‍ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ ഉറവകളിലൂടെയുള്ള തള്ളിക്കയറ്റം വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കി. ഇതിനെ ഒരു പരിധിവരെ പ്രതിരോധിച്ചിരുന്ന ശ്രീരാമന്‍ചിറ അപ്രത്യക്ഷമായത് ചിറയുടെ പടിഞ്ഞാറുവശത്തുള്ള മുറ്റിച്ചൂര്‍, ചെമ്മാപ്പിള്ളി, പെടയനാട് എന്നീ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ദുഷ്‌കരമാക്കിയിരിക്കുന്നു. ശ്രീരാമന്‍ചിറ കെട്ട് നിലച്ചതോടെ 1990 നുശേഷം ചിറയുടെ വശങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കുന്നതിനാലും അധികൃതരുടെഒത്താശയോടെ ചിറസ്ഥലം വാങ്ങി വീടുവച്ചവരുടെ എണ്ണം പെരുകി. ജലലഭ്യതയില്ലാഞ്ഞ്,കൃഷിപ്പണിയില്‍ താല്‍പ്പര്യം കുറഞ്ഞപ്പോള്‍ സഘല വില്‍പ്പനക്കാരും കൂടി. ഇന്ന് 25 ഓളം വീടുകള്‍ ചിറയ്ക്കകത്ത് ഉയര്‍ന്നുകഴിഞ്ഞു. തൈത്തെങ്ങ് വച്ചാല്‍ പാടശേഖരം കരഭൂമിയാക്കാനാകുമെന്നറിഞ്ഞ ഭൂ ഉടമകള്‍ ചിറയുടെ തീരത്തും ഇറക്കിയും തെങ്ങു വെച്ചു. 2004 ല്‍ താന്ന്യം ഗ്രാമപഞ്ചായത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും പാടശേഖര സമിതി ഭാരവാഹികളുടെയും ശ്രീരാമന്‍ചിറ സംരക്ഷണ സമിതി ഭാരവാഹികളുടെയും സംയുക്ത യോഗം വിളിച്ച് ചില തീരുമാനങ്ങളെടുത്തു. ശ്രീരാമന്‍ചിറയില്‍ നാലര അടി വെള്ളം കെട്ടിനിര്‍ത്തുക. സബ് കമ്മറ്റി ചേര്‍ന്ന് ആവശ്യമെങ്കില്‍ ജലം തുറന്നുവിടുക, നെല്‍കര്‍ഷകര്‍ ഒരേ സമയം കൃഷിയിറക്കുക, കന്നിമാസത്തിലെ തിരുവോണം നാളില്‍ ചിറകെട്ടുക, വിളവെടുപ്പിനു പ്രതിസന്ധിയുണ്ടായാല്‍ സബ് കമ്മറ്റി കൈകാര്യം ചെയ്യുക, പുതിയ തൈ വളപ്പുകള്‍ നിരുത്സാഹപ്പെടുത്തുക, ശ്രീരാമന്‍ചിറ തോട് ആഴം കൂട്ടുക, ഇടബണ്ടുകള്‍ കെട്ടി ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജല സംഭരണം നടത്തുക തുടങ്ങിയവയായിരുന്ന ഏകകണ്ഠമായ തീരുമാനങ്ങള്‍. നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ടവര്‍ കേസ് പിന്‍വലിക്കാനും നിര്‍ദ്ദേശങ്ങള്‍ വന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇന്ന് ശ്രീരാമന്‍ചിറയിലെ സ്ഥലമുടമകളും ഒട്ടുമിക്ക കര്‍ഷകരും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതില്‍ യോജിക്കുന്നവരാണ്. ശ്രീരാമന്‍ചിറ പഴയതുപോലെ ജലസംഭരണിയാക്കുന്നതിന് ചിറയില്‍ വെള്ളം നിര്‍ത്തിയാല്‍ വെള്ളം കയറുന്ന വീടുകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കി ഒഴിപ്പിച്ചെടുക്കണം. ശ്രീരാമന്‍ചിറ ഒരു നാടിന്റെ വികാരമാണ്. ആചാരാനുഷ്ഠാനങ്ങളേക്കാളുപരി ഇത് ഒരു പ്രദേശത്തിന്റെ ജലസമൃദ്ധിയുടെ പ്രധാന കണ്ണിയാണ്. ഇത് സംരക്ഷിക്കേണ്ടതിന്റെയും തുലാവര്‍ഷ മഴവെള്ളം സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത തീരപ്രദേശ ഗ്രാമങ്ങള്‍ തിരിച്ചറിയണം. ശ്രീരാമന്‍ചിറ പ്രകൃതിദത്തമായ ഒരു ജലസംഭരണിയാണ്. ഇത് ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സാണ്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പൊതുവെ ശാന്തശീലരായ ഒരു സമൂഹത്തിന്റെയും കാര്‍ഷികസംസ്‌കാരത്തിന്റെയും പ്രതീകമായ ശ്രീരാമന്‍ചിറ സംരക്ഷണം സാക്ഷാത്കരിക്കപ്പെടണം. ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും കുടിവെള്ള പ്രശ്‌നങ്ങളും നേരിടുന്ന ഈ കാലഘട്ടത്തില്‍ ശ്രീരാമന്‍ചിറപോലുള്ള ശുദ്ധജല സംഭരണികള്‍ പുനഃസ്ഥാപിക്കപ്പെടേണ്ടത് ഭാവിതലമുറയോടുള്ള നമ്മുടെ കടമയാണ്. 2015 സെപ്തംബര്‍ 24 ന് ചിറക്കെട്ടോണം ആചരിക്കുന്ന ചെമ്മാപ്പിള്ളി ഗ്രാമത്തിലെ എല്ലാ ആളുകള്‍ക്കും നന്മകള്‍ ആശംസിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.