ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ മുന്‍നിരക്കാര്‍ക്ക് മുന്നേറ്റം. പുരുഷന്മാരില് റോജര്‍ ഫെഡറര്‍, ആന്‍ഡി മുറെ, സ്റ്റാനിസ്ലസ് വാവ്റിങ്ക, വനിതകളില്‍ രണ്ടാം സീഡ് സിമോണ ഹാലെപ്പ്, അഞ്ചാം സീഡ് പെട്ര ക്വിറ്റോവ, 20ാം സീഡ് വിക്റ്റോറിയ അസരെങ്ക എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്, മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ്, രോഹന് ബൊപ്പണ്ണ-യങ് ജാന്‍ ചാന് സഖ്യങ്ങള്‍ക്കും മുന്നേറ്റം.
പുരുഷന്മാരില് രണ്ടാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡറര്‍ 29ാം സീഡ് ജര്‍മനിയുടെ ഫിലിപ്പ് കോള്സ്ക്രൈബറെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി, സ്കോര്‍: 6-3, 6-4, 6-4. മൂന്നാം സീഡ് ആന്‍ഡി മുറെയ്ക്കും അനായാസ ജയം. 30ാം സീഡ് ബ്രസീലിന്റെ തോമസ് ബെല്ലൂച്ചിയുടെ വെല്ലുവിളി മൂന്നു സെറ്റില്‍ അവസാനിപ്പിച്ചു മുറെ (6-3, 6-2, 7-5). അഞ്ചാം സീഡ് വാവ്റിങ്ക ബെല്‍ജിയത്തിന്റെ സീഡില്ലാ താരം റുബെന്‍ ബെമെല്മാന്സിനെ വീഴ്ത്തി (6-3, 7-6, 6-4). ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിന് അവസാന പതിനാറിലിടം നേടാന്‍ നന്നായി വിയര്‍ക്കേണ്ടി വന്നു. 31ാം സീഡ് സ്പെയ്ന്റെ ഗ്വില്ലെര്‍മോ ഗാര്‍ഷ്യ ലോപസിനെ നാലു സെറ്റ് നീണ്ട പോരിലാണ് ബെര്‍ഡിച്ച് മറികടന്നത്, സ്കോര്‍: 6-7, 7-6, 6-3, 6-3.
13ാം സീഡ് ജോണ്‍ ഇസ്നര്‍ക്ക് വാക്കോവര്‍. എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസെലി മത്സരത്തിനിടെ പിന്മാറി. 12ാം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്വെറ്റ് 24ാം സീഡ് ഓസ്ട്രിയയുടെ ബെര്‍നാഡ് ടോമിക്കിനെയും (6-4, 6-3, 6-1), 15ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് 20ാം സീഡ് ഡൊമിനിക് തെയ്മിനെയും (6-3, 7-6, 7-6), യുഎസിന്റെ സീഡില്ലാ താരം ഡൊണാള്‍ഡ് യങ് 22ാം സീഡ് സെര്‍ബിയയുടെ വിക്റ്റര്‍ ട്രോയിക്കിയെയും (4-6, 0-6, 7-6, 6-2, 6-3) കീഴടക്കി പ്രീ ക്വാര്‍ട്ടറിലെത്തി.
വനിതകളില്‍ സിമോണ ഹാലെപ്പ് യുഎസിന്റെ സീഡില്ലാ താരം ഷെല്‍ബി റോജേഴ്സിനെ അനായാസം മറികടന്നു, സ്കോര്‍: 6-2, 6-3. പെട്ര ക്വിറ്റോവ 32ാം സീഡ് സ്ലൊവാക്യയുടെ അന്ന കരോലിന ഷെമെയ്ദ്ലോവയെ തുരത്തി (6-2, 6-1). മുന്‍ ഒന്നാം നമ്പര്‍ അസരെങ്ക 11ാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബറെ തോല്‍പ്പിച്ചു (7-5, 2-6, 6-4). 22ാം സീഡ് ഓസ്ട്രേലിയയുടെ സാമന്ത സോസ്റ്റര്‍ 16ാം സീഡ് ഇറ്റലിയുടെ സാറ ഇറാനിയെയും (7-5, 2-6, 6-1), ബ്രിട്ടന്റെ സീഡില്ലാ താരം ജൊഹാന്‍ കോണ്ട 18ാം സീഡ് ജര്‍മനിയുടെ ആന്ദ്രെ പെറ്റ്കോവിച്ചിനെയും (7-6, 6-2), 24ാം സീഡ് സബീന്‍ ലിസികി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈകോവയെയും (6-4, 4-6, 7-5) തോല്‍പ്പിച്ച് നാലാം റൗണ്ട് ഉറപ്പിച്ചു.
വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് സാനിയ-ഹിംഗിസ് സഖ്യം സ്വിറ്റ്സര്‍ലന്‍ഡിന്റെ ടിമേയ ബാക്സിന്‍സ്കി-ചിയ ജങ് ചൗവാങ് ജോഡിയെ തുരത്തി രണ്ടാം റൗണ്ടിലെത്തി (6-1- 6-1). മിക്സഡ് ഡബിള്‍സില്‍ പേസ്-ഹിംഗിസ് സഖ്യം ആദ്യ റൗണ്ട് കളിക്കാതെ രണ്ടാംവട്ടത്തില്‍. എതിരാളികള്‍ യൂജിന്‍ ബൗച്ചാര്‍ഡ്-നിക് കിര്‍ഗോയിസ് സഖ്യം ഗ്രൗണ്ടിലിറങ്ങിയില്ല. രണ്ടാം സീഡ് ബൊപ്പണ്ണ-യങ് സഖ്യം റഷ്യയുടെ അല്ല കുദ്രിയവ്റ്റ്സെവ-ഓസ്ട്രിയയുടെ അലക്സാണ്ടര്‍ പെയ ജോഡിയെ തോല്‍പ്പിച്ച് (3-6, 6-3, (10-8)) മൂന്നാം റൗണ്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: