മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പായി

Sunday 6 September 2015 9:59 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പിജി വിദ്യാര്‍ത്ഥികളും സര്‍ജ്ജന്‍മാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രതിനിധികള്‍ എഡിഎമ്മുമായി കളക്‌ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കല്‍ പുന്നക്കല്‍ വീട്ടില്‍ സ്റ്റീഫന്‍നിക്ലാസ്(54) മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നടന്ന അക്രമത്തെ തുടര്‍ന്നാണ് ആശുപത്രിയിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജ്ജന്മാരും സമരം തുടങ്ങിയത്. വ്യാഴാഴ്ചരാത്രി 9.30 ഓടെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രയില്‍ എത്തിച്ച സ്റ്റീഫന്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ മരിച്ചു. മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ നാല് പിജി വിദ്യാര്‍ത്ഥികളെയും ഒരു ഹൗസ് സര്‍ജ്ജനെയും ഒരു സ്റ്റാഫ് നഴ്‌സിനെയും മര്‍ദ്ദിച്ചെന്നു കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അക്രമികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ജോലിചെയ്യാനുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അക്രമികളെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്യാമെന്നും സുരക്ഷക്കായി സെക്യൂരിറ്റിയെ ഏര്‍പ്പെടുത്താമെന്നും കൂടുതല്‍ പോലീസിന്റെ സഹായം തേടാമെന്നും ഉറപ്പു നല്‍കി. രോഗികള്‍ക്കൊപ്പം ഒന്നിലധികം കൂട്ടിരിപ്പുകാരെ അനുവദിക്കില്ലെന്നും സന്ദര്‍ശകരെ നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. എഡിഎം ടി.ആര്‍. ആസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ ഡിവൈഎസ്പി ലാല്‍ജി, അമ്പലപ്പുഴ സിഐ ആര്‍.സാനി, മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ജയലേഖ, സൂപ്രണ്ട് കെ.സന്തോഷ് രാഘവന്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ വി.ധ്യാനസുതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.