കൊല്ലം: ദേശീയഅധ്യാപകപരിഷത്ത് സംസ്ഥാനവൈസ്പ്രസിഡന്റും കുന്നത്തൂര്‍ സ്വദേശിയുമായ പി.എസ്. ഗോപകുമാറിന് വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനത്തെ മികച്ച ജില്ലാ കണ്‍വീനര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ളതാണ് വിദ്യാരംഗം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാംസ്കാരിക മുഖമായ സംഘടന സംസ്ഥാനത്ത് അന്യംനിന്നുപോകുന്ന കലാരൂപങ്ങളും ആചാരങ്ങളും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രൈമറി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് വിദ്യാംരംഗത്തിന്റെ ഗുണഭോക്താക്കള്‍. ഒരു ദശാബ്ദക്കാലം വിദ്യാരംഗത്തിന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലും തുടര്‍ന്ന് റവന്യൂജില്ലാ തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പ്രഥമ റവന്യൂ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ച പി.എസ്. ഗോപകുമാര്‍ ദേശീയ അധ്യാപക പരിഷത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന സംഘാടകന്‍ കൂടിയാണ്.
നിലവില്‍ ആയിക്കുന്നം എസ്പിഎം യുപി അധ്യാപകനാണ്.
മലബാറിന്റെ സ്വന്തം അനുഷ്ഠാന കലാരൂപമായ തെയ്യം, കേരളത്തിന്റെ മഹത്ത്വം കടല്‍കടത്തിയ കഥകളി, ആക്ഷേപഹാസ്യത്തിന് പേരുകേട്ട ഓട്ടന്തുള്ളല്, കാക്കാരിശ്ശി തുടങ്ങി കേരളത്തിന്റെ തനതുകലാരൂപങ്ങളെ അടുത്തറിയാന്‍ ഓരോന്നിന്റെയും തനതുകലകാരന്മാര്ക്കു വേദിയൊരുക്കാന്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള വിദ്യാരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകര്‍ക്കുവേണ്ടി സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിച്ചും ഉപജില്ലാ തലത്തില്‍ പ്രാഥമിക മത്സരം നടത്തിയും വിജയികളായ അധ്യാപകരെ പങ്കെടുപ്പിച്ച് ജില്ലാതല കവിതാലാപന മത്സരം സംഘടിപ്പിച്ചുമായിരുന്നു ഇതെല്ലാം.വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഇത് വേറിട്ട അനുഭവമായിരുന്നു.
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സാഹിത്യകുതുകികളായ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സാംസ്കാരിക പഠനയാത്ര സംഘടിപ്പിച്ചു. സാംസ്കാരിക വിനിമയം ലക്ഷ്യമാക്കി നടത്തിയ ഈ യാത്ര വിദ്യാരംഗത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. വിദ്യാരംഗത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ധാരാളം സമയവും സമ്പത്തും ചെലവഴിച്ചതിന് ഒടുവില്‍ തേടിയെത്തിയ അംഗീകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ അവാര്‍ഡ്. ദേശീയ സംഘടനകളുടെ ജില്ലയിലെ അമരക്കാരനായി പ്രവര്‍ത്തിക്കുമ്പോഴും ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യമായി ചെയ്തു തീര്‍ക്കാനുള്ള വ്യഗ്രതയും കണിശതയുമാണ് ഗോപകുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: