ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ സിസിടിവി ക്യാമറകള്‍ വരുന്നു

Monday 7 September 2015 10:19 am IST

കൊല്ലം: അനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ ഇനി ക്യാമറകണ്ണുകള്‍. മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനമായത്. ഇതിന്റെ പ്രക്രിയ ഉടന്‍ ആരംഭിക്കും. ക്യാമറകള്‍ ഘടിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്ഷേത്രപരിസരത്ത് കേബിളുകള്‍ പിടിക്കുന്ന ജോലി രണ്ടുദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്യാമറ നിരീക്ഷണത്തിലായിരിക്കും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനമെന്നും അധികൃതര്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊല്ലം ഗ്രൂപ്പിനു കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിക്കുന്നതും ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ വരുമാനം വിനിയോഗിക്കാനല്ലാതെ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്നും ക്ഷേത്രങ്ങളുടെ സുരക്ഷ കര്‍ശനമാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വംബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത്. നീരീക്ഷണ ക്യാമറ വെച്ച് പിടിപ്പിക്കുന്നതിന് മൂന്നുലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണചുമതല ഐകോഡ് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിക്കാണ്. ക്ഷേത്രഗോപുരത്തിനും മതില്‍കെട്ടിന് പുറത്തുമുള്ള ദ്യശ്യങ്ങള്‍ ക്യാമറയിലൂടെ കാണാനും അപ്പോള്‍ തന്നെ അത് റെക്കോര്‍ഡ് ചെയ്യപ്പെടുന്ന സംവിധാനവുമുണ്ട്. ഉപദേവത ശ്രീകോവിലിന് മുന്നിലും ക്യാമറകള്‍ സ്ഥാപിക്കും. മറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെയും സുരക്ഷയൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന് ഹിന്ദുനേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.