കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കും: ഗെയില്‍

Monday 7 September 2015 6:46 pm IST

കണ്ണൂര്‍: പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് ഗെയില്‍ ചീഫ് മാനേജര്‍ & പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടോണി മാത്യു പറഞ്ഞു. ജില്ലയില്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന് പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 82 കിമീ ആണ് ജില്ലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. 32 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഇതില്‍ 12 കോടി ന്യായവിലകളുടെ 50 ശതമാനവും 20 കോടി വിളകള്‍ക്കുളളതുമാണ്. ഗ്യാസ് പൈപ്പ് ലൈന്‍ വരുന്നതോടെ ജില്ലയിലെ പ്രാന്ത പ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ ലഭ്യത കൂടും. മണ്ണിനടിയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതാണ് ഏറ്റവും സുരക്ഷിതം. മലിനീകരണം കുറയും. സ്ഥലം വിട്ടുനല്‍കുന്നവരുടെ ഭൂമിയിലുളള ഉടമസ്ഥാവകാശം മാറുകയില്ല. ക്രയവിക്രയങ്ങള്‍ക്ക് തടസ്സമില്ല. 10 സെന്റില്‍ വീട് വന്നാല്‍ അത്തരം സ്ഥലങ്ങളില്‍ വീതികുറച്ച് വീട് സംരക്ഷിച്ച് പൈപ്പിടും.അതില്‍ കുറവ് ഭൂമിയുളളവര്‍ക്ക് വീട് വെക്കാനുളള സ്ഥലം വിട്ടിട്ടുമാത്രമേ സ്ഥലമെടുക്കൂ. അത്തരം സ്ഥലങ്ങളില്‍ വീതി 2 മീറ്റര്‍ മാത്രമാവും. ഉപയോഗാവകാശം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എടുക്കുക. പൈപ്പിട്ടശേഷം കൃഷി ചെയ്യുന്നതില്‍ തടസ്സമില്ല. ജനവാസമുളള നഗരങ്ങളിലും പൈപ്പിടാം. ഡല്‍ഹി, മുംബൈ, പൂനെ ഉള്‍പ്പെടെ 72 നഗരങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നു. ഇന്ന് 16 സംസ്ഥാനങ്ങളില്‍ വാതകപൈപ്പ് ലൈനുകള്‍ ഉണ്ട്. ജില്ലയില്‍ 53 വില്ലേജിലൂടെ ലൈന്‍ കടന്നുപോകും. തെങ്ങ് 12078, കമുക് 3934, മാവ് 11750, വാഴ 320, കശുമാവ് 6469, പ്ലാവ് 8710 എന്നിങ്ങനെ തുക നഷ്ടപരിഹാരം നല്‍കും. 503 കി മീ പൈപ്പ്‌ലൈന്‍ ആണ് കേരളത്തിലൂടെ കടന്നുപോകുന്നത്. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്നുപോകാത്തതിനാല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അനുമതി ഗെയില്‍ നേടിയിട്ടുണ്ട്. പൂര്‍ണമായും സുരക്ഷിതമായ പൈപ്പാണ് സ്ഥാപിക്കുക. പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പൂര്‍ണമായ മാര്‍ക്കറ്റ് വില നല്‍കണമെന്ന് ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. പദ്ധതി വഴി ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് ലൈന്‍ കടന്നുപോകുന്ന പ്രദേശവാസികള്‍ക്ക് നല്‍കാനാവണമെന്ന് ജെയിംസ്മാത്യു എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് 1500 കോടി വാര്‍ഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണെന്നും സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഗെയില്‍ ഓഫീസ് കണ്ണൂരില്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ന്യായവില ആവശ്യപ്പെടും. ആശങ്ക പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. അതിനായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ ഇ.പി.ജയരാജന്‍, ജെയിംസ് മാത്യു, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സബ്കലക്ടര്‍ നവജേ്യാത് ഖോസ, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഗെയില്‍ മാനേജര്‍ ടോണി മാത്യു എന്നിവരും പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.