മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപകരില്ല; വിദ്യാര്‍ത്ഥികള്‍ വലയുന്നു

Monday 7 September 2015 8:06 pm IST

മലപ്പുറം: മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയ യുപി സ്‌കൂളുകളിലേക്ക് ഇതുവരെ അദ്ധ്യാപകരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എട്ടാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഡിഇഒക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും അപേക്ഷകള്‍ നല്‍കിയിരുന്നു. പക്ഷേ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. 12ഓളം യുപി സ്‌കൂളുകളാണ് ഇതുപോലെ ഹൈസ്‌ക്കൂളുകളായി ഉയര്‍ത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ സ്‌കൂളിലും പഠിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷക്ക് സ്‌കൂളുകള്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ അവഗണ. ഇത്ര നാളും പിടിഎ പിരിവെടുത്ത് ദിവസക്കൂലിക്ക് അദ്ധ്യാപകരെ നിയമിച്ചിരിക്കുകയായിരുന്നു. പലതവണ പരാതിപ്പെട്ടിട്ടും അദ്ധ്യാപകരെ നിയമിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഈ പന്ത്രണ്ട് സ്‌കൂളുകളിലേയും രക്ഷിതാക്കള്‍ ഇന്നലെ മലപ്പുറം ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയില്‍ തന്നെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അവഗണിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ പറയുന്നു. ഇന്നലെ ഓണപരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ പല സ്‌കൂളുകളിലും പരീക്ഷ നടത്താന്‍ കഴിയാത്ത അവസ്ഥായാണുള്ളത്. പരീക്ഷ നിയന്ത്രിക്കാന്‍ പോലുമുള്ള ജീവനക്കാര്‍ സ്‌കൂളുകളിലില്ല. സ്വന്തം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പോലും സംരക്ഷിക്കാന്‍ മന്ത്രിക്ക് സാധിക്കുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. പിടിഎ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് ഡിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് പിടിഎ ഭാരവാഹികള്‍ അറിയിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നടത്തിയ മാര്‍ച്ചിന് വി.ശശികുമാര്‍, ഏലിയാസ്, അലവികുട്ടി, കുഞ്ഞപ്പ, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.