കാട്ടിക്കുളത്ത് പുലി ആടിനെ കൊന്നു; ജനം പരിഭ്രാന്തിയില്‍

Monday 7 September 2015 8:10 pm IST

മാനന്തവാടി : കൂട്ടില്‍കെട്ടിയ ആടിനെ പുലി കടിച്ചുകൊന്നു. വയനാട് കാട്ടിക്കുളത്ത് മേലെ 54ല്‍ പാണ്ടിപ്പിള്ളിയില്‍ സ്‌ക്കറിയയുടെ ആടിനെയാണ് പുലി കൊന്നത്. വീടിനുസമീപത്തെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് വയസ് പ്രായമായതും മൂന്ന് മാസം ഗര്‍ഭിണിയുമായ ജെമുനപുരി ആടിനെയാണ് പുലി കടിച്ചുകൊന്നത്. ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.എന്‍.നജ്മലിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ കെ.എസ്.സുനില്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ആടിന്റെ പകുതിയിലധികംഭാഗവും പുലി ഭക്ഷിച്ചിരുന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ എസ്‌ഐ വസന്തകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 25000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിനകം പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് വെക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.