അഹങ്കാരങ്ങള്‍ തീര്‍ത്ത ഭഗവാന്‍

Monday 7 September 2015 8:23 pm IST

ഞാനാണ് കൃഷ്ണന്റെ അടുത്തയാളെന്ന് പലര്‍ക്കും തോന്നുന്നത് സ്വഭാവികമാണ്. ഭഗവാന്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു അതുതന്നെകാരണം. ഇതെല്ലാം തീര്‍ക്കുവാന്‍ പറ്റിയ സംഭവം ഭഗവാനുമായി അടുത്തവര്‍ക്ക് മുന്നില്‍നടന്നു. അതോടെ അങ്കാരമെല്ലാംതന്നെ ഒതുങ്ങി. സത്യഭാമയുടെ മടിയില്‍ കിടന്ന് ഭഗവാന്‍ ഒന്നുറങ്ങി. ആസമയത്താണ് സത്യഭാമയ്ക്ക് തോന്നിയത് ശ്രീകൃഷ്ണന്റെ സര്‍വ കടാക്ഷവും തനിക്ക് മാത്രമാവുമെന്ന്. സത്യഭാമയുടെ മനസ്സില്‍ ഉദിച്ചതോന്നല്‍ അറിഞ്ഞ് ആ മയക്കത്തില്‍ കിടന്ന് ഭഗവാന്‍ ഒന്നു പുഞ്ചിരിച്ചു. അന്തഃപ്പുരത്തിന് വെളിയില്‍ ആ സമയത്ത് സര്‍വശക്തിയും തനിക്കാണ് എന്ന അഹങ്കാരവുമായി സുദര്‍ശന ചക്രം. ഏറ്റവും വേഗത്തില്‍ പറക്കാനാവുന്നയാള്‍ താനാണെന്ന് ഗരുഡനും തോന്നാതിരുന്നില്ല. അഹങ്കാരികളെയെല്ലാം പാഠംപഠിപ്പിക്കുകയായിരുന്നു ഭഗവാന്‍. ഗരുഡനോട് ഭഗവാന്‍ പറഞ്ഞു. വേഗം കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് പറയണം ശ്രീരാമന്‍ കാത്തിരിക്കുന്നു ഉടനെ വരണമെന്ന്. ചക്രായുധത്തിനോട് ഒരാളേയും അകത്തേയ്ക്ക് കടത്തിവിടരുതെന്ന് ഭഗവാന്‍ പ്രത്യേകം പറഞ്ഞ് ചട്ടംകെട്ടി. ചക്രവും, ഹനുമാനും ഭഗവാന്‍ ഏല്‍പ്പിച്ച ജോലിയില്‍മുഴുകി. ശ്രീകൃഷ്ണന്‍ സത്യഭാമയോട് പറഞ്ഞു; ഹനുമാന്‍ വരുന്നുണ്ട് സീതയേയും രാമനേയും കാണാന്‍. അതിനാല്‍ നീയൊന്ന് സീതയുടെ വേഷം കെട്ടിനോക്ക്. ഗരുഡന്‍ താമസിയാതെതന്നെ കിഷ്‌ക്കിന്ധയില്‍ചെന്ന് ഹനുമാനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ശരിഞാന്‍ വന്നേക്കാമെന്ന് പറഞ്ഞ്് ഹനുമാന്‍ രാമ നാമത്തില്‍ മുഴുകി. നിമിഷനേരംകൊണ്ട് ഭഗവാന്റെ അന്തഃപ്പുരത്തിന് മുന്നില്‍ ഹനുമാനെത്തി. ആ സമയംകൊണ്ട് സീതയുടെ വേഷമണിഞ്ഞ് സത്യഭാമ ഒരുങ്ങിത്തീര്‍ന്നില്ല. ഉടനെ രുഗ്മിണിയെനോക്കി ഭഗവാന്‍ പറഞ്ഞു സീതയായി വരുവാന്‍. വളരെപ്പെട്ടന്നുതന്നെ സീതയായി രുഗ്മിണിയെത്തി. സത്യഭാമ നാണിച്ചുനിന്നുപോയി. പിന്നെ അന്തഃപ്പുരത്തില്‍ എത്തിയ ഹനുമാനെ സുദര്‍ശന ചക്രം തടഞ്ഞു. ഹനുമാന്‍ രാമഭക്തിയാല്‍ ചക്രത്തിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കി. അന്തഃപ്പുരത്തില്‍ ചെന്നപ്പോള്‍ സര്‍വ്വ ശക്തനായി, കോദണ്ഡപാണിയായി, സീതാസമേതമുള്ള അവതാരം ഹനുമാന് കാണിച്ചുകൊടുത്തു. ആസമയം ഭഗവാന്‍ ഹനുമാന്റെ കൈയിലേക്ക് സൂക്ഷിച്ചുനോക്കി. സര്‍വ്വശക്തനായ ചക്രം ഹനുമാന്റെ കൈയിലാണ്. താമസിയാതെ ഹനുമാന്‍ ചക്രത്തിനെ എടുത്ത് നിലത്തെറിഞ്ഞു. അതോടെ സുദര്‍ശനചക്രത്തിന്റെ അഹങ്കാരമെല്ലാം അമ്പേതീര്‍ന്നു. ഹനുമാനാകട്ടേ ഭഗവാന്റെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു. ഗരുഡന്‍ അപ്പോഴേയ്ക്കും ഭഗവാനുമുന്നില്‍ വന്നു. ഉടനെ എത്താമെന്ന് ഹനുമാന്‍ പറഞ്ഞതായി അറിയിച്ചു. ഭഗവാനപ്പോള്‍ മെല്ലെചിരിച്ചുകൊണ്ടു പറഞ്ഞു. ഹനുമാന്‍ വന്ന് കാര്യങ്ങള്‍ നടത്തി തിരിച്ച് കിഷ്‌ക്കിന്ധയിലുമെത്തി. ഗരുഡന്‍ നിന്നേടത്തുനിന്നും വല്ലാതായി. അങ്ങനെ ഭഗവാന്‍ ഒരേസമയം മൂന്നുപേരുടേയും അഹങ്കാരം തുടച്ചുനീക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.