പ്രമുഖ മുസ്ലീം വിഭാഗങ്ങള്‍ യുഡിഎഫിനൊപ്പം പ്രീണനനയം ശക്തമാക്കി സിപിഎം

Monday 7 September 2015 8:53 pm IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് വിവിധ മുസ്ലിം ഗ്രൂപ്പുകളെ കൂടെ നിര്‍ത്താനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. കാന്തപുരം സുന്നി വിഭാഗം, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ മുസ്ലിം ഗ്രൂപ്പുകളുമായി രഹസ്യധാരണക്കാണ് സിപിഎം നേതൃത്വം ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്. എന്നാല്‍ കാന്തപുരം സുന്നി വിഭാഗവും ജമാ അത്തെ ഇസ്ലാമി കേരള ഘടകവും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കാന്തപുരം സുന്നി വിഭാഗം യുഡിഎഫുമായി ധാരണയിലെത്തുന്നതായാണ് സൂചന. മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ഈ വിഭാഗത്തിന്റെ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇ.കെ.വിഭാഗം സുന്നികള്‍ക്ക് മുസ്ലിം ലീഗ് നല്‍കുന്ന പിന്തുണയാണ് യുഡിഎഫിനോടടുക്കുന്നതില്‍ കാന്തപുരം വിഭാഗത്തിന് തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ദിവസം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നും ധാരണയായിട്ടുണ്ട്. ഇതോടെ കാന്തപുരം വിഭാഗം കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പമായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ലീഗ് മത്സരിക്കുന്ന സീറ്റുകളില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. പ്രാദേശികമായി നിലനില്‍ക്കുന്ന പള്ളിത്തര്‍ക്കങ്ങളും കേസുകളും മൂലം കാന്തപുരം വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുമോയെന്ന് സംശയമാണ്. മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും പിന്തുണയെന്ന് കാന്തപുരം വിഭാഗം വ്യക്തമാക്കുന്നു. ഇരുവിഭാഗത്തോടും ഒരേ നീതിയാണ് ലീഗില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഉറപ്പ് തങ്ങള്‍ മുഖ വിലക്കെടുക്കുകയാണെന്നും കാന്തപുരം വിഭാഗത്തിന്റെ നേതാക്കള്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി രഹസ്യ ധാരണയുണ്ടാക്കാനുള്ള സിപിഎം ശ്രമവും ഏതാണ്ട് പൊളിഞ്ഞ മട്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സ്ഥലത്ത് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ജമാ അത്തെ ഇസ്ലാമി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പേരിലാകും അവര്‍ മത്സരിക്കുക. രഹസ്യധാരണക്കില്ലെന്നും പരസ്യമായി സഖ്യത്തിന് തയ്യാറെങ്കില്‍ ആലോചിക്കാമെന്നുമുള്ള നിലപാടാണ് സി.പി.എമ്മിനോട് അവര്‍ക്കുള്ളത്. എന്നാല്‍ പരസ്യ സഖ്യത്തിന് സി.പി.എം തയ്യാറല്ല. ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പാണ് ഒരു കാരണം. ജമാ അത്തെ ഇസ്ലാമി തീവ്ര വര്‍ഗ്ഗീയ സംഘടനയാണെന്ന നിലപാടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക്. പരസ്യ സഖ്യത്തിന് ഒരു കാരണവശാലും നേതൃത്വം അനുമതി നല്‍കില്ല. രഹസ്യധാരണ കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമില്ലെന്ന് ജമാ അത്തെ ഇസ്ലാമി നേതൃത്വം കരുതുന്നു. യുഡിഎഫുമായോ എല്‍ഡിഎഫുമായോ പരസ്യ സഖ്യമുണ്ടാക്കി മുഖ്യധാരാ രാഷ്്ട്രീയത്തിലേക്ക് പ്രവേശിക്കാനാകുമോയെന്നാണ് അവരുടെ നോട്ടം. ഫലത്തില്‍ രണ്ടു നീക്കങ്ങളും പാളിയതോടെ ഇപ്പോള്‍ എസ്ഡിപിഐ മാത്രമാണ് സിപിഎമ്മിനൊപ്പമുള്ളത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കായുള്ള അനുനയ നീക്കങ്ങള്‍ ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. സച്ചാര്‍, പാലൊളി കമ്മറ്റി റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചാ വിഷയമാക്കിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചും വിവിധ മുസ്ലീം ഗ്രൂപ്പുകളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. മുസ്ലീം സമൂഹത്തിലെ ലീഗ് വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം ഇപ്പോഴും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.