ജാതിപത്രിക്ക് വിലയിടിഞ്ഞു; കര്‍ഷകര്‍ ആശങ്കയില്‍

Monday 7 September 2015 9:39 pm IST

ജാതിപത്രിക്ക് ഒരുമാസം മുമ്പുവരെ 1100 രൂപയുണ്ടായിരുന്നു. ഇപ്പോള്‍ 650ലേക്ക് കൂപ്പുകുത്തി     കട്ടപ്പന : ജാതിപത്രിക്ക് വില പകുതിയായതോടെ കര്‍ഷകര്‍ ആശങ്കയില്‍. വിളവെടുപ്പുകാലമായതോടെയാണ് ജാതിപത്രിയുടെ വില കുത്തനെ ഇടിഞ്ഞത്. ജാതിപത്രിക്ക് ഒരുമാസം മുമ്പുവരെ 1100 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 650ലേക്ക് കൂപ്പുകുത്തി.മഞ്ഞജാതിപത്രി പൂവിനാണ് ഡിമാന്‍ഡ്. ഇതിന് 900 രൂപ ഇപ്പോള്‍ വില ലഭിക്കും. ചുവന്ന ജാതിപത്രിപൂവിനാണ് ഏറ്റവും കുറഞ്ഞ വിലയായ 650 രൂപ ലഭിക്കുന്നത്. തൊണ്ടോടുകൂടിയ ഒരു കിലോ ജാതിക്കായ്ക്ക് 250 രൂപയില്‍ നിന്ന് 170 ആയി കുറഞ്ഞു. മരുന്ന് ഉല്‍പ്പാദനത്തിനും ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കാനുമാണ് ജാതിപത്രി ഉപയോഗിക്കുന്നത്. ജൈവവളമുള്‍പ്പെടെ നല്ല പരിപാലനം വേണ്ട കൃഷിയാണ് ജാതി. ജൈവവളങ്ങള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ വിലയുയര്‍ന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം പാകമാകാതെ കായ് പൊഴിയുന്നതുകൊണ്ട് ബുദ്ധിമുട്ടിലായി കര്‍ഷകര്‍. കഴിഞ്ഞ സീസണില്‍ റിക്കാര്‍ഡ് വിലയില്‍ വിപിണി കീഴടക്കിയ കാട്ടുപത്രിപൂവിന് ഈ സീസണില്‍ വിലകിട്ടിയില്ല. സ്വഭാവികമായി ശേഖരിക്കുന്ന കാട്ടുപത്രി പൂവിന് കഴിഞ്ഞ സീസണില്‍ വിപണിയില്‍ കിലോയ്ക്ക് 650-660 രൂപ വരെയാണ് കിട്ടിയിരുന്നത്. ഈ സീസണില്‍ 350-500 രൂപയായി. വിപണിയില്‍ നല്ല വില ലഭിക്കാന്‍ തുടങ്ങിയതോടെ കാട്ടുപത്രി ശേഖരിക്കാന്‍ വനവാസി യുവാക്കളും നാട്ടുകാരും മുന്നോട്ടു വന്നിരുന്നു. പരിചയ സമ്പന്നരായ തൊഴിലാളികള്‍ പ്രത്യേക റോപ്പും കയറും ഉപയോഗിച്ചാണ് പത്രിപൂവ് ശേഖരിക്കാന്‍ വന്‍ മരങ്ങളില്‍ കയറുന്നത്. മരത്തില്‍ നിന്നും പൂവ് അടങ്ങിയ കായ് പറിച്ച് നിലത്തിട്ടശേഷം വനത്തില്‍വച്ചു തന്നെ കായ്തല്ലി ഇതില്‍ നിന്നും പത്രിപൂവ് വേര്‍തിരിച്ചെടുക്കും. പിന്നീട് വെയിലില്‍ഉണക്കിയ ശേഷമാണ് വിപണിയില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പത്രിപൂവിന് 350 രൂപകിട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.