പെലെ ഇന്ത്യയിലേക്ക്

Monday 7 September 2015 9:45 pm IST

ന്യൂദല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം കറുത്ത മുത്ത് പെലെ ഇന്ത്യയിലെത്തുന്നു. 38 വര്‍ഷത്തിനുശേഷമാണ് താരം ഇന്ത്യയിലെത്തുന്നത്. സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ മുഖ്യാതിഥിയാണ് പെലെ ഇന്ത്യയിലെത്തുന്നത്. ഒക്ടോബര്‍ 15നാണ് പെലെ എത്തുക. മൂന്നുതവണ ലോകകപ്പ് സ്വന്തമാക്കിയ പെലെ കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ ഇത്തവണ പന്ത് തട്ടാനെത്തും. ഒക്ടോബര്‍ 16നാണ് സുബ്രതോ കപ്പ് ഫൈനല്‍. കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലന വേദികളില്‍ 74കാരനായ പെലെ പങ്കടുക്കും. 1977-ല്‍ കൊല്‍ക്കത്തയില്‍ സ്വന്തം ക്ലബായ ന്യൂയോര്‍ക്ക് കോസ്‌മോയും മോഹന്‍ ബഗാനുമായുള്ള മല്‍സരത്തില്‍ പങ്കെടുക്കുന്നതിനാണ് ഇതിന് മുന്‍പ് പെലെ ഇന്ത്യയില്‍ എത്തിയത്. ഈ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ കൊല്‍ക്കത്തയുടെ ആദ്യ ഹോം മത്സരത്തിലും പെലെയുടെ സാന്നിധ്യമുണ്ടാവുമെന്നാണ് സൂചന. ഒപ്പം ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടന്നും പുതുതലമുറയുമായി സംവദിക്കാനുള്ള അവസരമാണ് തന്റെ സന്ദര്‍ശനമെന്നും ആശംസ സന്ദേശത്തില്‍ പെലെ പറഞ്ഞു. സുബ്രതോ കപ്പിന്റെ 56 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 100 ലധികം ടീമുകളാണ് ഇത്തവണ പങ്കടുക്കുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം എംഎസ്പി അടക്കം മൂന്ന് ടീമുകള്‍ ഇത്തവണ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.