സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ എയര്‍ഇന്ത്യയില്‍ അന്യായ കൂട്ടസ്ഥലംമാറ്റം

Monday 7 September 2015 10:03 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ എയര്‍ഇന്ത്യ ഓഫീസില്‍ കൂട്ടസ്ഥലംമാറ്റം. ഒമ്പതുപേരെ കൊച്ചി നെടുമ്പാശ്ശേരിയിലേക്കും ആറുപേരെ കോഴിക്കോട് കരിപ്പൂരിലേക്കുമാണ് അന്യായമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ സകല മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ കൂട്ടസ്ഥലംമാറ്റം നടന്നിരിക്കുന്നത്. സ്വകാര്യ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കമ്പനിയെ സഹായിക്കാന്‍ ചെന്നൈ കേന്ദ്രീകരിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനാണ് കൂട്ടസ്ഥലംമാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് റീ കാര്‍പ്പെറ്റിംഗ് ജോലി നടന്നുവരികയാണ്. അതിനാല്‍ തന്നെ പ്രധാന വിമാനസര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചിരിക്കുമ്പോഴാണ് തിരക്കു കൂടുതലുള്ള തിരുവനന്തപുരത്തു നിന്ന് ആറുപേരെ അവിടേക്ക് മാറ്റിയിരിക്കുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയില്‍ ഇത്രയും ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് കൂനിന്‍മേല്‍കുരു പോലെ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും ജീവനക്കാര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ലോഡ് ആന്റ് ട്രിം സര്‍വീസ് ചെയ്യുന്ന ജീവനക്കാരെ സ്ഥലം മാറ്റുന്നത് ചെലവ് വര്‍ധിപ്പിക്കും. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത് എയര്‍ ഇന്ത്യ സര്‍വീസിന്റെ ഗുണനിലവാരം തകര്‍ക്കും. ജീവനക്കാരുടെ എണ്ണം കുറയുന്നതു മൂലം അധിക ബാഗേജ് കളക്ഷന്‍ സ്വകാര്യ ഗ്രൗണ്ട് ഹാന്റിലിംഗ് കമ്പനികളെ ഏല്‍പ്പിക്കേണ്ടി വരും. ഇതും എയര്‍ ഇന്ത്യക്ക് വന്‍ നഷ്ടം വരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദക്ഷിണ മേഖലയിലെ 179 പേരടക്കം ഭാരതത്തിലാകെ 798 ഉദ്യോഗസ്ഥരെയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിലുള്‍പ്പെട്ട തിരുവനന്തപുരത്തെ 15 പേരെ മാത്രമാണ് അസിസ്റ്റന്റ് മാനേജരായി സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയത്. അധ്യയന വര്‍ഷത്തിന്റെ മധ്യകാലത്ത് അത്യാവശ്യഘട്ടത്തിലല്ലാതെ സ്ഥലം മാറ്റം പാടില്ലെന്നാണ് ചട്ടം. അതുപോലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഭാര്യയും ഭര്‍ത്താവും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ കഴിയുന്നതും ഒരു സ്ഥലത്ത നിയമനം നല്‍കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് പുറത്തിറക്കിയ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണ് എയര്‍ ഇന്ത്യയുടെ ക്രൂരവിനോദം ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.