നിയന്ത്രിക്കാനാവാതെ അധികൃതര്‍: നാടെങ്ങും തെരുവ് നായ്ക്കളുടെ വിളയാട്ടം

Monday 7 September 2015 10:30 pm IST

കൊച്ചി: പിഞ്ചുകുട്ടികള്‍ക്ക് വീടിനകത്തുപോലും രക്ഷയില്ലാത്തവിധം തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടും നിയന്ത്രിക്കാനാവാതെ അധികൃതര്‍. ജില്ലയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ഭീകരമായ സാഹചര്യം ഉണ്ടായിട്ടും നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ കാര്യമായ നടപടികളൊന്നും ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജില്ലയില്‍ പിറവം, പാമ്പാക്കുട, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധിപേരാണ് ചികിത്സ തേടിയെത്തുന്നത്. സ്‌കൂള്‍ കുട്ടികളാണ് ഏറ്റവുംകൂടുതല്‍ ഭീഷണി നേരിടുന്നത്. ബൈക്ക് യാത്രക്കാരും, കാല്‍നട യാത്രക്കാരും പലയിടങ്ങളിലും തെരുവ് നായ്ക്കളുടെ അക്രമത്തിന് ഇരയാകുന്നു. തെരുവ് നായ്ക്കളുടെ ഉപദ്രവത്തിന് ഏറ്റവും ഒടുവിലത്തെ ഇരയാണ് തൃക്കാരിയൂര്‍ തൃക്കാരുകുടിയില്‍ രവിയുടെ മൂന്നുവയസ്സുള്ള മകന്‍ ദേവാനന്ദ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദേവാനന്ദിന് കടിയേറ്റത്. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്നു കുട്ടി. അമ്മ അമ്പിളി കുട്ടിക്ക് നല്‍കുന്നതിനായി ചോറ് എടുക്കുന്നതിനായി അടുക്കളയിലേക്ക് പോയനേരത്തായിരുന്നു നായയുടെ ആക്രമണം. വരാന്തയില്‍നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ചത്. മുറ്റത്തേക്കിട്ട് മുഖത്ത് കടിച്ചുവലിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് അമ്മ അമ്പിളിയും മുത്തശ്ശിയും ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിനാണ് ഗുരുതരമായ കടിയേറ്റത്. അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ കുട്ടിയെ അടിയന്തര ഓപ്പറേഷന് വിധേയനാക്കി. തെരുവ് നായ്ക്കളുടെ അക്രമത്തിന് വിധേയരാവുന്നത് മനുഷ്യര്‍ മാത്രമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും പലയിടങ്ങളിലും നായ്ക്കളുടെ കടിയേറ്റിറ്റുണ്ട്. ആട്, പശു എന്നിവക്കാണ് ഏറെ ഉപദ്രവം ഏല്‍ക്കേണ്ടിവന്നിട്ടുള്ളത്. തെരുവ് നായ്ക്കള്‍ കൂട്ടമായി എത്തിയാണ് വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത്. കശാപ്പുകേന്ദ്രങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ തെരുവുകളില്‍ തള്ളുന്നതാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി എത്തുന്നതിന് പലപ്പോഴും കാരണം. പേ വിഷബാധയ്‌ക്കെതിരെ നടത്തുന്ന ആന്റി റാബിസ് വാക്‌സിന്‍ പല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമല്ലാത്തതും പ്രശ്‌നമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ ഒരു കുത്തിവയ്പ്പിന് 800 രൂപയോളമാണ് ഈടാക്കുന്നത്.ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുംവിധം അപകടകാരികളും പേ വിഷബാധയുള്ളതുമായ നായ്ക്കളുടെ വിളയാട്ടം വര്‍ധിച്ചിട്ടും സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.