സിപിഎം അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം

Monday 7 September 2015 10:44 pm IST

കോട്ടയം: ശ്രീനാരായണ ഗുരുദേവനെ അപഹസിച്ച സിപിഎം നടപടിക്കെതിരേയും, സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരേയും ജില്ലയിലെങ്ങും വന്‍ പ്രതിഷേധം. കോട്ടയത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ നടന്ന തിരുനക്കര മൈതാനത്തിന് ചുറ്റും എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് കുറിച്ചിയില്‍ പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങിയ യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും രണ്ട്‌പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ ഏകപക്ഷീയമായ അക്രമത്തിനെതിരേ ശ്രീനാരായണീയ സമൂഹം ജില്ലയിലെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു. കുറിച്ചി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജന്മാഷ്ടമി ദിവസം സി.പി.എം തളിപറമ്പില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചതിലും ഇതിനെതിരായി പ്രതിഷേ പ്രകടനം നടത്തിയവരെ അക്രമിച്ചതിനും എതിരായി കുറിച്ചിയില്‍ എസ്.എന്‍.ഡി.പി ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ കുറിച്ചി മന്ദിരം കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി കെ.വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ നടന്ന സമാപന സമ്മേളനം സ്റ്റേറ്റ് യൂത്ത് മൂവ്‌മെന്റ് ജോ. സെക്രട്ടറിയും കോട്ടയം യൂണിയന്‍ കൗണ്‍സിലറുമായ സതീഷ് മണലേല്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍, ശ്രീനാരായണ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. മന്ദിരം കവലയില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് സമുദായ സ്‌നേഹികള്‍ അണിനിരന്നു. കുറിച്ചി ഔട്ട്‌പോസ്റ്റില്‍ പ്രകടനം അവസാനിച്ചു. മുണ്ടക്കയം: ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.യൂണിയന്റെ 42 ശാഖകളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ യൂണിയന്‍ ആസ്ഥാനത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രികള്‍ അടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.പെട്രോള്‍ പമ്പ്,സെന്‍ട്രല്‍ ജങ്ഷന്‍, കോസ് വേ കവലവഴി റാലി നടത്തി യൂനിയന്‍ ആഫീസ് ജങ്ഷനില്‍ സമാപിച്ചു.യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,ഒ.ജി.സാബു,ലാലിറ്റ് എസ്.തകിടിയേല്‍, ഗിരിജ പ്രസാദ്, രാജന്‍ പാലത്തിനാല്‍,രഞ്ജിത് പാക്കുള ത്തില്‍ സിന്ധു മുരളീധരന്‍, ജിസ്മി മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാര്‍ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ക്ക് എതിരായി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. മുണ്ടക്കയം: ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച സിപിഎം.നിലപാടിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രകടനം നടത്തി.കോസ് വേ ജങ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ടൗണ്‍,പെട്രോള്‍ പമ്പു വഴി ബസ്റ്റാന്‍ഡ് കവാടത്തില്‍ സമാപിച്ചു. കെ.ബി.മധു, ആര്‍ .രഞ്ജിത്,ഒ.സി.യേശുദാസ്,,ആര്‍.സി.നായര്‍,പി.കെ.അയയ്യപ്പദാസ്,.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചങ്ങനാശേരി: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയതും വളര്‍ത്തിയതും ഈഴവരാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മറക്കരുതെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ കെ.ഡി. രമേശ് പറഞ്ഞു. ശ്രീനാരായണഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തി സി.പി.എം നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം പഠിക്കണമെന്നും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളരാന്‍ ഈഴവന്റെ രക്തവും മജ്ജയും കൊടുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഊട്ടിവളര്‍ത്തിയ കൈകൊണ്ട് ഉദകക്രിയ ചെയ്യുന്നതിനും എസ്.എന്‍.ഡി.പി യോഗത്തിന് മടിയില്ലെന്നും കെ.വി. രമേശന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും വര്‍ഗ്ഗീയപരമായി പ്രചാരണം നടത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. യൂക്കൂബ് മേമനെ തൂക്കിലേറ്റിയത് മുസ്ലിം സമുദായമായതുകൊണ്ടാണ് ചെയ്തതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിം സമുദായം ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം അഭിപ്രായം പറഞ്ഞില്ല. ഇതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ് സി.പി.എം കരുതിയത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കഴിഞ്ഞ എഴുപതു വര്‍ഷമായി ഈഴവരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡംഗം അജയന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ചന്ദ്രമോഹന്‍, എസ്.സാലിച്ചന്‍, ഡി. വിജയന്‍, കെ.ജി. പ്രസന്നന്‍, പി.ആര്‍. റെജികുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അജിത് മോഹന്‍, സെക്രട്ടറി അനില്‍ കണ്ണാടി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശോഭ ജയചന്ദ്രന്‍, സെക്രട്ടറി പ്രസന്ന പണിക്കര്‍, എസ്.റ്റി.യു.സി താലൂക്ക് സെക്രട്ടറി പി.ആര്‍. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഇന്നലെ വൈകിട്ട് 4ന് എസ്.ബി കോളേജ് ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം നഗരത്തില്‍ പ്രകമ്പനം കൊള്ളിച്ചു. മണിക്കൂറുകളോളം എം.സി റോഡ് സ്തംഭിച്ചു. പെരുന്ന ബസ് സ്റ്റാന്റില്‍ സമാപിച്ചതിനുശേഷം പ്രതിഷേധയോഗവും നടന്നു. യൂണിയന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും നൂറു കണക്കിന് ഭക്തര്‍ ആവേശത്തോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. വാശിയേറിയ മുദ്രാവാക്യം പ്രകടനത്തിലുടനീളം ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ കൗണ്‍സിലര്‍മാര്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍, വനിതാസംഘം പ്രവര്‍ത്തകര്‍, എസ്.റ്റി.യു.സി പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ചങ്ങനാശേരി: ശ്രീനാരായണഗുരുവിനെ നിന്ദിച്ച സി.പി.എമ്മിന്റെ സംസ്‌കാരശൂന്യമായ നടപടിയില്‍ ചങ്ങനാശേരി താലൂക്ക് ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.