ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റല്‍: സിപിഎമ്മിന്റേത് താലിബാനിസം: വെള്ളാപ്പള്ളി

Monday 7 September 2015 10:58 pm IST

കൊല്ലം: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍തറച്ച യൂദാസുകളായി സിപിഎം മാറിയിരിക്കുകയാണെന്നും പാര്‍ട്ടി കാണിച്ചതു താലിബാനിസമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. എസ്എന്‍ഡിപിക്കെതിരെ താലിബാനിസം നടപ്പാക്കിയാല്‍ സംഘടന അതിനെ ആശയപരമായി നേരിടും. ഗുരുവിനെ കയറിട്ടുവലിക്കുന്ന ക്രൂരത താലിബാന്‍കാര്‍പോലും കാണിക്കില്ല. ഇനി ഒരു രാഷ്ട്രീയശക്തി ആകുന്നതിനെക്കുറിച്ച് ആലോചിക്കാതെ മുന്നോട്ടുപോകാനാകില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ടു തുറക്കുമെന്നും അതിനു കാരണക്കാര്‍ സിപിഎം ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎം ഗുരുനിന്ദ നടത്തിയില്ലെന്നു പറയുന്ന പിണറായി വിജയന്‍ മാപ്പുപറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിക്കുക വഴി സിപിഎം ഗുരുദേവനെ അവഹേളിക്കുകയും ഗുരുദേവദര്‍ശനങ്ങളെ നിന്ദിക്കുകയുമാണ് ചെയ്തത്. ഗുരുദേവനെ ഇരയാക്കുകയായിരുന്നു സിപിഎം. ഒരു ജാതി, ഒരുമതം, ഒരുദൈവം എന്ന ഗുരുവചനത്തിനുപകരം പല ജാതി, പല മതം, പല ദൈവം എന്നാണ് ഘോഷയാത്രയില്‍ കാണിച്ചത്. ഇത്തരത്തില്‍ ഗുരുദേവസന്ദേശത്തെ വികൃതമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ഇങ്ങനെയാണോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഗുരുവിന്റെയും എസ്എന്‍ഡിപിയുടെയും കാലനാകാനാണ് സിപിഎം ശ്രമിക്കുന്നത്. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. അധികാരത്തിനു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സിപിഎം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. ഇത് സിപിഎമ്മിനെ സര്‍വ്വനാശത്തിലേക്കു നയിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമൂഹത്തെ എന്നും സിപിഎമ്മിനോട് ചേര്‍ത്തുനിര്‍ത്താമെന്നു കരുതരുത്. എസ്എന്‍ഡിപി പലരുടെയും പുറകേ പോകും. അതിനു സിപിഎമ്മിന് എന്തുവേണമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ശ്രീകൃഷ്ണജയന്തി തുടങ്ങിയിട്ട് 5,000 വര്‍ഷത്തിലധികമായി. ഇപ്പോഴാണ് സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. ഇതു വെറും തറവേലയാണ്. സിപിഎമ്മിനെതിരെ പ്രതികരിച്ച ചങ്ങനാശ്ശേരിയിലെ ഒരു ശാഖാ പ്രവര്‍ത്തകരെ ആക്രമിച്ചതിനെത്തുടര്‍ന്ന് നാലു യോഗം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവ പ്രതിമ തകര്‍ത്തതിനു പിന്നിലും സിപിഎം നേതൃത്വം കണ്ണൂര്‍: നങ്ങാറത്തുപീടികയിലെ ഗുരുദേവപ്രതിമ തകര്‍ത്തതിനു പിന്നില്‍ സിപിഎം നേതൃത്വം. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലസംഘം തളിപ്പറമ്പില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചല ദൃശ്യത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഗുരുദേവ പ്രതിമ തകര്‍ത്ത് റോഡില്‍ വലിച്ചെറിഞ്ഞത്. സംഭവത്തിനുശേഷം കുറ്റം ആര്‍എസ്എസിനുമേല്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമിച്ചത്. പാര്‍ട്ടി ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആര്‍എസ്എസുകാര്‍ ഗുരുദേവ പ്രതിമ അക്രമിച്ചുവെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതും സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് തെളിയിക്കുന്നു. നങ്ങാറത്ത്പീടികയിലെ മുദ്ര കലാസാംസ്‌കാരിക വേദിയുടെ മറവില്‍ മദ്യപാനവും ചീട്ടുകളിയും നടക്കുന്ന കെട്ടിടത്തിലാണ് ചതയദിനത്തില്‍ ഗുരുവിനെ സിപിഎമ്മുകാര്‍ കൊണ്ടുവെച്ചത്. ഗുരുവിനെ അപമാനിച്ച് ടാബ്ലോ ഇറക്കിയ സിപിഎം വീണ്ടും മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ള ഗുരുദേവ ഭക്തര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന് മറയിടാനാണ് ഗുരുദേവ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അക്രമികളെക്കുറിച്ച് സൂചനയുള്ളതായും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടു. ന്യൂമാഹി പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സിപിഎമ്മിന്റെ ഒത്താശയോടെ തലശ്ശേരി ജ്ഞാനോദയ യോഗം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.രത്‌നാകരനെ ഉപയോഗിച്ച് തലശ്ശേരിയില്‍ ഗുരുമന്ദിരം അക്രമിച്ച സംഭവം ആര്‍എസ്എസിനുമേല്‍ കെട്ടിവെക്കാനുള്ള സിപിഎം ശ്രമം നേരത്തെ പൊളിഞ്ഞിരുന്നു. അന്ന് ഇതിനുപിന്നില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് പ്രവര്‍ത്തിച്ചതെന്നും വ്യക്തമായതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി സ്വന്തം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയാണെന്നും ഹൈന്ദവ സംഘടനകള്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുദേവന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.