തെരുവ് നായയുടെ ആക്രമണം അങ്കന്‍വാടിയിലുംകുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

Monday 7 September 2015 11:02 pm IST

മൂവാറ്റുപുഴ: അങ്കണവാടിയില്‍ തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച്‌പേര്‍ക്ക് കടിയേറ്റു. കാലാമ്പൂര്‍ മുടമറ്റത്തില്‍ ജയന്റെ മകന്‍ ആദികൃഷ്ണന്‍ (3), കുന്നത്ത് സുമേഷിന്റെ മകള്‍ മീനാക്ഷി (3), അങ്കണവാടി അദ്ധ്യാപികയായ കാലാമ്പൂര്‍ നാടുവാണിക്കല്‍ ഷേര്‍ളി(48), പാറയില്‍ ചാക്കോയുടെ ഭാര്യ ത്രേസ്യാക്കുട്ടി (67), മലേപറമ്പില്‍ ഹാജറ(39) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കാലാമ്പൂര്‍ 3950-ാം നമ്പര്‍ അംഗന്‍വാടിയില്‍ ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ക്ലാസിനിടെ ബാത്ത്‌റൂമില്‍ പോകുന്നതിനായി വിദ്യാര്‍ത്ഥികളായ ആദികൃഷ്ണയും മീനാക്ഷിയും വാതില്‍ തുറന്നപ്പോഴാണ് ഓടിയെത്തിയ നായ കുട്ടികളെ കടിച്ചത്. ആദികൃഷ്ണന്റെ മുഖത്തും തലയ്ക്കും മീനക്ഷിയുടെ കയ്യിലുമാണ് കടിയേറ്റത്. കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ത്രേസ്യാക്കുട്ടിയേയും നായ കടിച്ചിരുന്നു. മൂവരേയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ ത്രേസ്യാക്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അങ്കണവാടിക്ക് സമീപം വീട്ട് മുറ്റത്ത് തുണി അലക്കിക്കൊണ്ടിരുന്ന ഹാജറയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ജനറലാശുപത്രിയില്‍ എത്തിയവര്‍ക്ക് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഇല്ലാത്തത് ബഹളത്തിന് കാരണമായി. തുടര്‍ന്ന് ജോസഫ് വാഴക്കന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിഎംഒയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ മരുന്ന് എത്തിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.