പിളര്‍ന്ന ജെഎസ്എസ് വിഭാഗങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ ശ്രമം

Tuesday 8 September 2015 10:05 pm IST

ആലപ്പുഴ: സിപിഎമ്മുമായുള്ള ലയനം പാളിയതോടെ നേരത്തെ പാര്‍ട്ടിവിട്ടവരെ തിരികെ കൊണ്ടുവരാന്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് ശ്രമം തുടങ്ങി. നേരത്തെ ജെഎസ്എസ് വിട്ടവര്‍ക്ക് മാതൃസംഘടനയിലേക്ക് തിരികെ വരാമെന്ന് കെ.ആര്‍. ഗൗരിയമ്മ പ്രഖ്യാപിച്ചു. രാജന്‍ബാബു പക്ഷം ജെഎസ്എസിലേക്ക് വരുന്നതിന് മുമ്പ് പാര്‍ട്ടിക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിപിഎമ്മുമായുള്ള ജെഎസ്എസ് ലയനവും ഗൗരിയമ്മയുടെ സിപിഎം പ്രവേശവും വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നേരത്തെ പാര്‍ട്ടിവിട്ടവരെ കൂടി ഉള്‍പ്പെടുത്തി ജെഎസ്എസ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. മടങ്ങിവരുന്നത് സംബന്ധിച്ച് രാജന്‍ബാബു പക്ഷം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് താന്‍ സിപിഎമ്മിലേക്ക് തിരികെ പോകുമെന്നായിരുന്നു ഗൗരിയമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജെഎസ്എസ് വസ്തുക്കളുടെ പേരില്‍ രാജന്‍ബാബു പക്ഷം അവകാശവാദം ഉന്നയിച്ചതും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യമില്ലായ്മയും കാരണം ഗൗരിയമ്മ ഈ തീരുമാനത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പ് ഗൗരിയമ്മയേയും ജെഎസ്എസിനെയും തങ്ങള്‍ക്കൊപ്പമെത്തിക്കുകയെന്ന സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കമാണ് അന്ന് പൊളിഞ്ഞത്. ലയന നീക്കത്തിന് നേരിട്ട് നേതൃത്വം നല്‍കിയ പിണറായി വിജയന് വ്യക്തിപരമായി ഉണ്ടായ പരാജയം കൂടിയായിരുന്നു ഇത്. ജെഎസ്എസിന്റെ നട്ടെല്ലായ ഈഴവ സമുദായവുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടല്‍ തുടങ്ങിയ സാഹചര്യത്തില്‍ സിപിഎം ബന്ധം തുടരുന്നത് അബദ്ധമാകുമെന്ന അഭിപ്രായവും ജെഎസ്എസില്‍ ഒരു വിഭാഗത്തിനുണ്ട്. പിളര്‍ന്ന പാര്‍ട്ടി വിഭാഗങ്ങള്‍ വീണ്ടും ഒന്നാകുമ്പോള്‍ ഏതു മുന്നണിക്കൊപ്പം തുടരും എന്നതടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.