ഓണപ്പരീക്ഷ: ചോദ്യപേപ്പറുകളില്‍ ഗുരുതര പിഴവ്

Tuesday 8 September 2015 10:35 pm IST

കല്‍പ്പറ്റ: ഓണപരീക്ഷയുടെ ചോദ്യപേപ്പറുകളില്‍ ഗുരുതര പിഴവ്.  തിങ്കളാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബുധനാഴ്ച നടക്കേണ്ട പരീക്ഷയുടെ ചോദ്യങ്ങളും. ചില വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍  ഇല്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. ബത്തേരി ഉപജില്ലയിലെ തോമാട്ടുചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം രണ്ടാംപേപ്പറായിരുന്നു തിങ്കളാഴ്ചത്തെ പരീക്ഷ. ആദ്യപേജിലെ  ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ചോദ്യപേപ്പര്‍ മറിച്ചുനോക്കിയപ്പോഴാണ് അകം നിറയെ ഹിന്ദി ചോദ്യങ്ങള്‍. അതും ബുധനാഴ്ച നടക്കേണ്ട പരീക്ഷയുടെത്. മലയാളത്തില്‍ നിന്ന് വന്നത് വെറും അഞ്ച് ചോദ്യങ്ങള്‍ മാത്രം. ഇതോടെ പരീക്ഷയെഴുതാനാവാതെ മലയാളം വിദ്യാര്‍ഥികള്‍ മടങ്ങ ി. ലഭിച്ച ചോദ്യപേപ്പറുകളില്‍ തന്നെ ആവശ്യമുള്ളതിനെക്കാളും 90എണ്ണം കുറവുമായിരുന്നു. അറബി പരീക്ഷയും തിങ്കളാഴ്ച തന്നെയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലുള്ള ചോദ്യപേപ്പറുകള്‍ സ്‌കൂളില്‍ ലഭിച്ചില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അമ്പലവയല്‍ ഗവ. ഹയര്‍സെക്കന്റി സ്‌കൂളില്‍ നിന്നും ഇമെയില്‍ വഴി ചോദ്യപേപ്പര്‍ വാങ്ങി. ഇത് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്താണ് അറബി പരീക്ഷ നടത്തിയത്. എട്ടാംതരം മലയാളത്തിലെ ചോദ്യപേപ്പറുകളില്‍ ഏറെ പിശകുകളുണ്ട്. അടിവരയിട്ട വാക്കുകളുടെ അര്‍ഥം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനുകള്‍ ഒരു ചോദ്യമാണ്. എന്നാല്‍ ചോദ്യത്തില്‍ ഒരിടത്തും അടിവരയിട്ടിട്ടില്ല. ബത്തേരിയിലെ സ്വകാര്യ പ്രസില്‍ പ്രിന്റ് ചെയ്തതാണ് ചോദ്യപേപ്പര്‍. എസ്എസ്എയും ഡിഡിഇയും നേരിട്ട് ചുമതലവഹിച്ചാണ് ചോദ്യപേപ്പര്‍ അച്ചടി നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.