കാലടി: ഹജ്ജിന് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്യ്ത് വൃദ്ധ ദമ്പതികളുടെ പാസ്പോര്‍ട്ടും പണവും വാങ്ങി മുങ്ങിയയാള്‍ അറസ്റ്റില്‍. മലപ്പുറം പാറക്കോട് ഭാഗത്ത് ചെന്നംകുരുത്തിങ്കല് വീട്ടില്‍ അനീസിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാലടി പോലീസ് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാലടി, ശ്രീമൂലനഗരം ഭാഗത്തുള്ള വൃദ്ധ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചോളം പേരില്‍നിന്നും 10,65,000/- രൂപയും പാസ്പോര്‍ട്ടും വാങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. വിവിധസ്ഥലങ്ങളില്‍ വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, ശശികുമാര്‍, എസ്സിപിഒ മാരായ നന്ദകുമാര്‍, ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത്. കാലടി ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി ഇയാളെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: