കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദം

Tuesday 8 September 2015 10:37 pm IST

എരുമേലി: കോണ്‍ഗ്രസ് നേതാവിന്റെ പിടിവാശിമൂലം അപകടകരമായ റോഡില്‍കൂടി വലിയബസ് ഓടിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമേല്‍ കോര്‍പ്പറേഷന്റെ സമ്മര്‍ദ്ദം. എരുമേലി-കണയങ്കവയല്‍ സര്‍വ്വീസാണ് ഐഎന്‍ടിയുസി നേതാവിന്റെ പിടിവാശിയില്‍ വിവാദത്തിലായിരിക്കുന്നത്. കണയങ്കവയല്‍ റോഡ് മലയിടുക്കുകളും കൊക്കയും നിറഞ്ഞ വഴിയായതുകൊണ്ട് ചെറിയബസാണ് എരുമേലിയില്‍നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും-കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഉന്നത ബന്ധത്തിന്റെ മറവില്‍ കിഴക്കന്‍ മലയോര മേഖലയിലേക്ക് വലിയബസ് അയക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയബസുമായി സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ റോഡിന്റെ അപകടകരമായ അവസ്ഥകണ്ട് സര്‍വ്വീസ് പോകാന്‍ വിസമ്മതിച്ചതോടെ ഒറ്റദിവസംകൊണ്ട് ബസ് സര്‍വ്വീസ്തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഈ റൂട്ടില്‍ക്കൂടി വലിയബസ് ഓടിക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് കോര്‍പ്പറേഷന്റെ ഉന്നതാധികാരികളുടെ നിര്‍ദ്ദേശമെന്നും ജീവനക്കാര്‍ പറയുന്നു. യാത്രക്കാരുടെ ജീവന്‍ പണയംവച്ച് ബസ് ഓടിക്കാന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ സംസ്‌കാരം ഏറ്റുവാങ്ങിയ എരുമേലി ഡിപ്പോയിലെ ചില ഓപ്പറേറ്റിംഗ് ഉദ്യോഗസ്ഥരും സര്‍വ്വീസ് നടത്താന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.