പോലീസ് ആസ്ഥാനത്തെ അഴിമതി: തെളിവുകള്‍ ഹാജരാക്കിയാല്‍കേസെടുക്കാമെന്ന് ലോകായുക്ത

Tuesday 8 September 2015 11:27 pm IST

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ അഴിമതി സംബന്ധിച്ച ഹര്‍ജിയില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ നിയമനടപടി സ്വീകരിക്കാമെന്ന് ലോകായുക്ത. പോലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അഴിമതി  നടന്നിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചത്. നേരത്തെ ഇതു സംബന്ധിച്ച് ആരോപണമുയര്‍ന്നപ്പോള്‍ എഡിജിപി ബി. സന്ധ്യയെ അന്വേഷണത്തിനായി ഡിജിപി നിയോഗിച്ചിരുന്നു. ഇ-ബീറ്റ് നടപ്പാക്കിയതില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന എഡിജിപി സന്ധ്യയുടെ റിപ്പോര്‍ട്ടിന്മേല്‍ ലോകായുക്ത അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രസ്തുത അന്വേഷണറിപ്പോര്‍ട്ടും തെളിവുകളും ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ പയസ് സി. കുര്യാക്കേസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവര്‍ വ്യക്തമാക്കി. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെയാണ് ഇടപാടുകള്‍ നടന്നതെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അനേ്വഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്. എഡിജിപിയുടെ അനേ്വഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തി ലോകായുക്ത പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിജിപിയുടെ അനേ്വഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാരന്‍ തന്നെ നേരിട്ട് ഹാജരാക്കണമെന്നാണ് ലോകായുക്ത നിര്‍ദ്ദേശിച്ചത്. ദേശീയ ഗെയിംസ് അഴിമതിയെ കുറിച്ച് കൊച്ചി സിബിഐ യൂണിറ്റ് അനേ്വഷിച്ച അനേ്വഷണ റിപ്പോര്‍ട്ട് നേരിട്ട് ഹാജരാക്കുവാന്‍ ലോകായുക്ത മുമ്പ് ഇതേ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. അഴിമതി തടയേണ്ടവര്‍ അഴിമതിക്കാരായി നിയമലംഘനം നടത്തുന്നുവെന്നും ക്രമക്കേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ ക്രമക്കേടുകള്‍ കാട്ടുന്നുവെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.