സിപിഎമ്മിന്റെ ഗുരുനിന്ദയില്‍ പ്രതിഷേധം വ്യാപകം

Wednesday 9 September 2015 10:38 am IST

അഞ്ചല്‍: ശ്രീനാരായണഗുരുദേവനെ സിപിഎം അപമാനിച്ചതില്‍ പ്രതിഷേധിച്ച് അഞ്ചലില്‍ എസ്എന്‍ഡിപിയുടേയും ഹിന്ദുഐക്യവേദിയുടേയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം എസ്എന്‍ഡിപി പുനലുര്‍ താലൂക്ക് യൂണിയന്‍ കൗണ്‍സിലര്‍ ബിനു സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോകം ഈശ്വരന് തുല്യം ആദരിക്കുന്ന ഗുരുദേവനെ കുരിശിലേറ്റിയ സിപിഎമ്മിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.'സിപിഎമ്മിന്റെ ഈ കാടത്തത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതര മതസ്ഥര്‍ പോലും ആദരിക്കുന്ന ഗുരുദേവന്‍ മനുഷ്യരാശിയെ മാത്രമല്ല സര്‍വജീവജാലങ്ങളേയും ഈശ്വരനായി കണ്ട മഹാനായിരുന്നു. ഗുരുദേവനെതിരെയുള്ള അപമാനം മനുഷ്യരാശിയോടുള്ള അപമാനമായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയും കഴുത്തില്‍ കയറിട്ടും അപമാനിച്ച സിപിഎം ആരുടെ വോട്ട് കിട്ടാനാണ് ഇത് കാട്ടിയതെന്ന് കേരളത്തിലെ സാധാരണക്കാര്‍ക്ക് മനസ്സിലായെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് ജില്ലാസേവാ പ്രമുഖ് ആര്‍.ബാബു പറഞ്ഞു. ഇതര മതസ്ഥരോടായിരുന്നു ഈ അവഹേളനമെങ്കില്‍ സഖാവ് കോടിയേരിയെ അവര്‍ തെരുവില്‍ കൈകാര്യം ചെയ്‌തേനെ. ഹിന്ദുസമൂഹം എന്തും സഹിക്കുന്നവരാണെന്ന ധാരണയാണ് സിപിഎമ്മിനുള്ളത്. ഇത് അവരുടെ നാശത്തിനായുള്ള ഈശ്വരനിശ്ചയമാണ്. ഭഗവാന്‍ കൃഷ്ണനെ പരിഹസിച്ച് ശ്രീകൃഷ്ണജയന്തി നടത്തിയവര്‍ക്ക് സാക്ഷാല്‍ നാരായണനിലൂടെ തന്നെ അവസാനം വരാന്‍ പോകുന്നതാണ് വളരെ അടുത്തുതന്നെ കാണാന്‍ പോകുന്നതെന്ന് ബാബു പറഞ്ഞു. ശ്രീനാരായണഗുരുദേവനെ ആക്ഷേപിച്ചതിന് മുഴുവന്‍ ഹിന്ദുസമൂഹവും സിപിഎമ്മിനോട് പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രചാര്‍ പ്രമുഖ് സജീഷ് വടമണ്‍ സ്വാഗതം പറഞ്ഞു. എസ്എന്‍ഡിപി നേതാക്കളായ ജയസേനന്‍, രമേശന്‍, യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡംഗം ഡി.സുനില്‍, വിവിധ ഹൈന്ദവസംഘടനാ നേതാക്കളായ ഉമേഷ് ബാബു, എം.കെ. അജയന്‍, അഡ്വ. കാവടിയില്‍ വിനോദ്, ബേബി കളീയ്ക്കല്‍, ജി. രഘുനാഥന്‍, സി. മോഹന്‍ലാല്‍, ആര്‍. ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓച്ചിറ: ശ്രീനാരായണഗുരുദേവനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഓച്ചിറയില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ഓച്ചിറ ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി രവികുമാര്‍, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് സമിതി സെക്രട്ടറി ധനരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാത്തന്നൂര്‍: ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച് ആക്ഷേപിച്ച സിപിഎം നടപടി സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എന്‍ഡിപി ചാത്തന്നൂര്‍ യൂണിയന്‍. ഗുരുദേവദര്‍ശനങ്ങളെയും സന്ദേശങ്ങളെയും പൊതുസമൂഹത്തിന് മുന്നില്‍ വികലമായി ചിത്രീകരിച്ച നടപടി സിപിഎമ്മിന്റെ അധഃപതനത്തിന്റെ തുടക്കമാണ്. നവോത്ഥാന കേരളത്തിന്റെ സൃഷ്ടാവായ ഗുരുദേവനെ പരിഹാസ്യമായി ചിത്രീകരിച്ച നടപടിക്കെതിരെ പ്രതികരിക്കേണ്ടത് സമുദായത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്. പിന്നാക്ക അധസ്ഥിത ജനതയെ അടിച്ചമര്‍ത്താമെന്ന സിപിഎമ്മിന്റെ മോഹം കേരളത്തില്‍ നടക്കില്ലെന്നും ചാത്തന്നൂര്‍ എസ്എന്‍ഡിപി. യൂണിയന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബി.സജന്‍ലാല്‍, തഴുത്തല എന്‍.രാജു, വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാര്‍, യൂണിയന്‍ 'ാരവാഹികളായ കെ. നടരാജന്‍, അഡ്വ.ജി. രാജേഷ്, കെ. സുജയ് കുമാര്‍, ശോ'ന ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.