കോരപ്പുഴ പാലം പണി പൂര്‍ത്തിയായി; ബൈപ്പാസ് ഡിസംബറോടെ ഗതാഗതത്തിന്

Wednesday 9 September 2015 10:49 am IST

കോഴിക്കോട്: കോഴിക്കോടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന 28.124 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബൈപ്പാസ് റോഡ് പൂര്‍ത്തിയാവുന്നു. ബൈപ്പാസിന്റെ അവസാന സ്‌ട്രെച്ചായ 5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടികുന്ന്-വെങ്ങളം ഭാഗത്തെ കോരപ്പുഴ പാലത്തിന്റെ പണി പൂര്‍ത്തിയായി. പാലത്തിന്റെ അവസാന സ്ലാബിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. മലബാറിലെ തന്നെ ഏറ്റവും വലിയ പാലമാണ് പണി പൂര്‍ത്തിയായതെന്ന് പിഡബ്ല്യുഡി (എന്‍.എച്ച്) സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.എം. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 13 സ്പാനുകളുമുള്ള കോരപ്പുഴ പാലത്തിന് 486 മീറ്റര്‍ നീളം വരും. ഏഴര മീറ്റര്‍ വീതിയുള്ള റോഡും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും അടങ്ങിയതാണ് പുതിയ പാലം. 188.5 മീറ്റര്‍ നീളവും അഞ്ച് സ്പാനുകളുമുള്ള പുറക്കാട്ടിരി പാലം നേരത്തേ പൂര്‍ത്തിയായിരുന്നു. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ഡിസംബറോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎല്‍സിസി പ്രസിഡന്റ് രമേശന്‍ പാലേരി പറഞ്ഞു. കരാര്‍ പ്രകാരം മൂന്നു വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. രണ്ടുവര്‍ഷം കൊണ്ട് തീര്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് അടുത്ത മാര്‍ച്ചോടെയാണ് നിര്‍മാണം പൂര്‍ത്തിയാവേണ്ടത്. എന്നാല്‍ 15 മാസം കൊണ്ട് തന്നെ പണി തീര്‍ത്ത് ഡിസംബറില്‍ ബൈപ്പാസ് പൂര്‍ണമായി ഗതാഗത യോഗ്യമാക്കാനാണു പദ്ധതി. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്ര വലിയൊരു പാലം ഇത്രയും ചെറിയ സമയത്തിനകം പൂര്‍ത്തായാവുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസിന്റെ ആദ്യഘട്ടത്തില്‍ 23.024 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര-പൂളാടിക്കുന്ന് റോഡിന്റെ പണി നേരത്തെ പൂര്‍ത്തിയാവുകയും ഗതാഗതയോഗ്യമാവുകയും ചെയ്തതാണ്. ദേശീയപാതയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പൂളാടികുന്ന്-വെങ്ങളം ബൈപ്പാസിന് 152.75കോടി രൂപയാണ് ഈ സ്‌ട്രെച്ചിന്റെ നിര്‍മ്മാണ തുക. സര്‍ക്കാരിന്റെ 'സ്പീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഭാഗത്തിന്റെ പണി നടത്തുന്നത്. ബൈപ്പാസ് പൂര്‍ത്തിയാവുന്നതോടെ രാമനാട്ടുകര-വെങ്ങളം ഭാഗത്തേക്ക് 4.7 കിലോമീറ്റര്‍ ലാഭിക്കാനാവും. ചടങ്ങില്‍ പിഡബ്ല്യുഡി (എന്‍.എച്ച്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ. ഹൈദ്രു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. ചന്ദ്രന്‍, അസി. എഞ്ചിനീയര്‍ സുനില്‍, യുഎല്‍സിസി സെക്രട്ടറി എസ്. സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.